നിലവിലെ വാഹന ഉടമകളെ കൈവിടില്ല ; ജനറല്‍ മോട്ടോഴ്‌സ് മഹീന്ദ്രയെ സമീപിച്ചു

നിലവിലെ വാഹന ഉടമകളെ കൈവിടില്ല ; ജനറല്‍ മോട്ടോഴ്‌സ് മഹീന്ദ്രയെ സമീപിച്ചു
ജനറല്‍ മോട്ടോഴ്‌സ്-മഹീന്ദ്ര അധികൃതര്‍ ചര്‍ച്ച നടത്തുന്നു

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് നിലവിലെ വാഹന ഉടമകളെ കൈവിടില്ല. ജനറല്‍ മോട്ടോഴ്‌സിന്റെ ഷെവര്‍ലെ വാഹനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിയവര്‍ക്ക് ആഫ്റ്റര്‍ സെയ്ല്‍സ് ലഭ്യമാക്കുന്നതിന് കമ്പനി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിനെ സമീപിച്ചു. ജനറല്‍ മോട്ടോഴ്‌സ്-മഹീന്ദ്ര അധികൃതര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ മഹീന്ദ്ര ഗ്രൂപ്പോ ജനറല്‍ മോട്ടോഴ്‌സ് അധികൃതരോ ഇക്കാര്യം സ്ഥിരീകരിച്ചില്ല.

കൃത്യമായ പരിശീലനം സിദ്ധിച്ച ജീവനക്കാര്‍ പണിയെടുക്കുന്ന ഷെവര്‍ലെ ഡീലര്‍മാരുടെ ശക്തമായ ശൃംഖല ഇന്ത്യയിലുണ്ടെന്നും തങ്ങളുടെ നിലവിലെ വാഹന ഉടമകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇവര്‍ മതിയെന്നും ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വക്താവ് വ്യക്തമാക്കി. നിലവിലെ ഷെവര്‍ലെ ഡീലര്‍മാര്‍ തന്നെ അംഗീകൃത സര്‍വീസ് ഔട്ട്‌ലെറ്റുകളായി തുടരുമെന്ന് വക്താവ് അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ വാഹന വില്‍പ്പന അവസാനിപ്പിക്കുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യയിലെത്തിയ ജനറല്‍ മോട്ടോഴ്‌സിന് മുന്നില്‍ ഇന്ത്യന്‍ വാഹന വിപണി മഹാമേരുവായി മാറുന്നതാണ് കണ്ടത്. കാര്‍ വില്‍പ്പന അവസാനിപ്പിക്കുമെങ്കിലും മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റില്‍ കയറ്റുമതിക്കായി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരും.

നിലവിലെ ഉപയോക്താക്കളുടെ എല്ലാ വാറന്റികളും നിലനില്‍ക്കുമെന്നും ആഫ്റ്റര്‍ സെയ്ല്‍സ് ലഭ്യമാക്കുമെന്നും സുപ്രധാന തീരുമാനം പ്രഖ്യാപിക്കുന്ന വേളയില്‍തന്നെ ജനറല്‍ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിരുന്നു. ജനറല്‍ മോട്ടോഴ്‌സിന് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം 150 ഡീലര്‍ഷിപ്പുകളാണ് ഉള്ളത്.

Comments

comments

Categories: Auto