അശോക് ലൈലാന്‍ഡിന്റെ അറ്റാദായം ഉയര്‍ന്നു

അശോക് ലൈലാന്‍ഡിന്റെ അറ്റാദായം ഉയര്‍ന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അറ്റാദായം 476 കോടി രൂപയായി

ചെന്നൈ: രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലൈലാന്‍ഡ് ലിമിറ്റഡി(എഎല്‍എല്‍)ന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 476 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. 2015-16 കാലയളവിലെ ഇതേ പാദത്തില്‍ കമ്പനി 140 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്നു. മീഡിയം, ഹെവി വാഹന വിഭാഗത്തിലെ മികച്ച ആവശ്യകതയാണ് ലാഭ വര്‍ധനയ്ക്ക് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രക്കിന്റെയും ബസിന്റേയും ആവശ്യകതയേറിയതിനെ തുടര്‍ന്ന് നാലാംപാദത്തില്‍ അറ്റവില്‍പ്പന 10.79 ശതമാനം വര്‍ധിച്ച് 6,617.89 കോടി രൂപയിലെത്തിയിരുന്നു. മീഡിയം, ഹെവി വാഹനങ്ങളുടെ മൊത്തം വ്യാപ്തിയും 10 ശതമാനം കൂടി 38,643 യൂണിറ്റിലേക്കു കുതിച്ചു. അതോടൊപ്പം ലൈറ്റ് വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും മൂന്ന് ശതമാനം ഉയര്‍ന്ന് 8,978 യൂണിറ്റിലെത്തിയെന്ന് കമ്പനിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ലൈലാന്‍ഡിന്റെ അസംസ്‌കൃത വസ്തുക്കള്‍ക്ക് അടക്കമുള്ള ചെലവിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തേയും ഇത് പ്രതികൂലമായി ബാധിച്ചു. പ്രവര്‍ത്തന ലാഭം ഇതേപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.83 ശതമാനം ഇടിഞ്ഞ് 730 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 212 ബേസിസ് പോയിന്റ് കുറഞ്ഞ് 2015-16 ലെ ഇതേപാദത്തിലെ 13.12 ശതമാനത്തില്‍ നിന്ന് 11.03 ശതമാനമായിമാറി.

നോട്ട് അസാധുവാക്കലും ബിഎസ്-3 വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും കമ്പനിയെ ബാധിച്ചെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ 21,332 കോടി രൂപയുടെ ഒറ്റത്തവണ വരുമാനത്തോടെയാണ് ലൈലാന്‍ഡ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. വരുമാനത്തില്‍ ഏഴു ശതമാനം വാര്‍ഷിക ഉയര്‍ച്ചയും രേഖപ്പെടുത്തുകയുണ്ടായി. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലെ അറ്റാദായം 390 കോടി രൂപയില്‍ നിന്ന് 214 ശതമാനം ഉയര്‍ന്ന് 1,223 കോടി രൂപയായിരുന്നു. അതോടൊപ്പം കമ്പനിയുടെ വിപണി വിഹിതവും 33.8 ശതമാനം വര്‍ധന കൈവരിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 4.56 ശതമാനം ഉയര്‍ന്ന് 86.05 രൂപയിലെത്തിയെന്നതും മറ്റൊരു നേട്ടം. ഈ സാഹചര്യത്തില്‍ ഓഹരിയൊന്നിന് 1.56 രൂപയുടെ ഇടക്കാല ലാഭം വിഹിതം നല്‍കുന്നതിനും അശോക് ലൈലാന്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.

Comments

comments

Categories: Business & Economy