ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍
കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന് 27.98 ലക്ഷം രൂപയും ഹൈലൈന്‍ വേരിയന്റിന് 31.38 ലക്ഷം
രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയായ ടിഗ്വാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന് 27.98 ലക്ഷം രൂപയും ഹൈലൈന്‍ വേരിയന്റിന് 31.38 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടിഗ്വാന്‍ അവതരിപ്പിച്ചതിലൂടെ ഇന്ത്യയിലെ എസ്‌യുവി വിപണിയില്‍ ഫോക്‌സ്‌വാഗണ് വീണ്ടും പ്രാതിനിധ്യമായി. നാല് വര്‍ഷം മുമ്പ് ടൂറെഗ് എസ്‌യുവി നിര്‍ത്തിയതോടെ ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെന്റില്‍നിന്ന് ഫോക്‌സ്‌വാഗണ്‍ പുറത്തുപോയിരുന്നു. രണ്ടാം തലമുറ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ആണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗന്റെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് പുതു തലമുറ ടിഗ്വാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ടിഗ്വാന്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ബേസ് വേരിയന്റായ ട്രെന്‍ഡ്‌ലൈന്‍ ഇന്ത്യയില്‍ ലഭിക്കില്ല. ടിഗ്വാന് വേണ്ടിയുള്ള ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു. ജൂണ്‍ മാസം മുതല്‍ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കും.

ഡീസല്‍ പവര്‍ട്രെയ്‌നില്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിക്കുക. രണ്ട് ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 141 ബിഎച്ച്പി കരുത്തും 1,750-2,750 ആര്‍പിഎമ്മില്‍ പരമാവധി 340 എന്‍എം ടോര്‍ക്കുമേകും. 1,968 സിസി ടര്‍ബോചാര്‍ജ്ഡ്, 4 സിലിണ്ടര്‍ എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്. 4മോഷന്‍ ഇന്റലിജന്റ് എഡബ്ല്യുഡി ആണ് ഡ്രൈവ്‌ട്രെയ്ന്‍. 17.06 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ജനപ്രീതിയാര്‍ജ്ജിച്ച എംക്യുബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ എസ്‌യുവിയാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍. രൂപകല്‍പ്പനയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യക്കാര്‍ പൊതുവേ എസ്‌യുവികളില്‍ പ്രതീക്ഷിക്കുന്ന പൗരുഷമോ അഗ്രസീവ് ലുക്കോ ടിഗ്വാനില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഫോക്‌സ്‌വാഗന്റെ യൂറോപ്പിലെ രണ്ട് ജനപ്രിയ മോഡലുകളായ ഗോള്‍ഫ്, പസ്സറ്റ് എന്നിവയുമായി ടിഗ്വാന് സ്റ്റൈലില്‍ സമാനതകളുണ്ട്.

4,486 എംഎം നീളം, 1,839 എംഎം വീതി, 1,672 എംഎം ഉയരം, 149 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 2,677 എംഎം വീല്‍ബേസ് എന്നിവയാണ് ഫൈവ് സീറ്ററായ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍. ദൈര്‍ഘ്യമേറിയ ഹൈവേ ക്രൂസിംഗിന് ഈ അളവുകള്‍ ധാരാളം. 4മോഷന്‍ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം രണ്ട് വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ലഭിക്കും. ഓഫ്-റോഡിംഗ് ആവശ്യങ്ങള്‍ ഇത് വളരെയധികം ഉപകാരപ്പെടും. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ലൈറ്റുകള്‍, വേരിയന്റ് അനുസരിച്ച് 17 ഇഞ്ച് അല്ലെങ്കില്‍ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

3 സ്‌പോക് ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീലില്‍ മ്യൂസിക്, ടെലിഫോണി തുടങ്ങിയ ഇന്‍-കാര്‍ കണ്‍ട്രോള്‍ സാധ്യമാകും. നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടിഗ്വാനിലുള്ളത്. ഹൈലൈന്‍ വേരിയന്റില്‍ പനോരമിക് സണ്‍റൂഫ്, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ സവിശേഷതകളാണ്.

5 സീറ്റ് എസ്‌യുവിയാണെങ്കിലും ഫുള്‍ സൈസ് എസ്‌യുവി സ്‌പേസില്‍ ഇറങ്ങിക്കളിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ വരുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഈയിടെ പുറത്തിറക്കിയ ഇസുസു എംയു-എക്‌സ്, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക്ക് എന്നിവയാണ് എതിരാളികള്‍. എംക്യുബി പ്ലാറ്റ്‌ഫോമാണ് സ്‌കോഡ കോഡിയാക്കിന്റെയും അടിസ്ഥാനം.

Comments

comments

Categories: Auto