ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ആദ്യ വിദേശപര്യടനത്തിന്റെ ഭാഗമായി റോം സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപ്, ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. 29 മിനിറ്റ് നേരം ദൈര്‍ഘ്യമുള്ളതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ട്രംപും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ആരെയും പങ്കെടുപ്പിച്ചില്ല. ഒരു സ്പാനിഷ് ദ്വിഭാഷി മാത്രമാണ് ഇരുവരുടെയും സമീപമുണ്ടായിരുന്നത്.

വത്തിക്കാനിലെത്തിയ ട്രംപിനെ ഫ്രാന്‍സിസ് പാപ്പ ഹസ്തദാനം നടത്തിയാണു സ്വീകരിച്ചത്. ഭാര്യ മെലാനിയയും ഒപ്പമുണ്ടായിരുന്നു. എന്താണു നിങ്ങള്‍ ട്രംപിനു ദിവസവും ഭക്ഷണമായി നല്‍കുന്നത് ? പൊട്ടിക്കയാണോ എന്നും മാര്‍പാപ്പ മെലാനിയയോട് ചോദിച്ചു.സ്ലൊവേനിയയില്‍ പ്രശസ്തമായ ഒരു കേക്കാണ് പൊട്ടിക്ക. മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ തലയില്‍ കറുത്ത ശിരോവസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ബഹുമാന സൂചകമായി സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് വത്തിക്കാന്റെ പരമ്പരാഗത രീതിയാണ്.

മാര്‍പാപ്പയെ സന്ദര്‍ശിക്കാനായത് ഒരു ബഹുമതിയായി കാണുന്നെന്ന് ട്രംപ് പറഞ്ഞു. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ തമാശയും പൊട്ടിച്ചിരികളും മാത്രമായിരുന്നെന്നും ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭാഷണത്തിനൊടുവില്‍ മാര്‍പാപ്പ സമാധാനത്തിന്റെ ചിഹ്നമായ ഒലിവ് ഇലയുടെ രൂപത്തിലുള്ള ശില്‍പം ട്രംപിനു സമ്മാനിച്ചു. ലോക സമാധാന ദിനത്തില്‍ മാര്‍പാപ്പ നല്‍കിയ സന്ദേശത്തിന്റെ ഒരു പതിപ്പ്, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചെഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടെ മാര്‍പാപ്പ എഴുതിയ മൂന്ന് ലേഖനങ്ങളും ട്രംപിനു സമ്മാനിച്ചു. തിരിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ലേഖനങ്ങള്‍ ട്രംപ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു.

മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ ഇവാന്‍ക, ഭര്‍ത്താവ് ജാരദ് കഷ്‌നര്‍, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ചആര്‍ മക്മാസ്റ്റര്‍, പേഴ്‌സനല്‍ അസിസ്റ്റന്റ് കീത്ത് ഷില്ലര്‍ തുടങ്ങിയവരും ട്രംപിനെ അനുഗമിച്ചു. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ നടന്ന പ്രചാരണത്തില്‍ ട്രംപും-മാര്‍പാപ്പയും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന അമേരിക്കയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ മാര്‍പാപ്പ രംഗത്തുവരികയായിരുന്നു. മതില്‍ കെട്ടുന്നവനല്ല പാലം നിര്‍മിക്കുന്നവനാണു യഥാര്‍ഥ ക്രിസ്ത്യാനിയെന്നു മാര്‍പാപ്പ മറുപടി പറയുകയും ചെയ്തിരുന്നു.

Comments

comments

Categories: World