എണ്ണ വിപണിയിലെ പ്രതിസന്ധി

എണ്ണ വിപണിയിലെ പ്രതിസന്ധി
ഈ ആഴ്ച്ച വിയന്നയില്‍ ചേരുന്ന ഒപെക് രാജ്യങ്ങളുടെ യോഗം എണ്ണ ഉല്‍പ്പാദനം 
വെട്ടിച്ചുരുക്കുന്നതിനുള്ള കരാര്‍ നീട്ടാനാണ് സാധ്യത. എന്നാല്‍ ഇത്തരമൊരു 
തീരുമാനമെടുക്കുന്നത് ഒപെക് രാജ്യങ്ങളുടെ വിപണി വിഹിതം വീണ്ടും കുറയ്ക്കുന്നതിന്
ഇടവരുത്തുമോയെന്ന് അവര്‍ കാര്യമായി ചിന്തിക്കേണ്ടതുണ്ട്

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്) മേയ് 25ന് വിയന്നയില്‍ യോഗം ചേരാനിരിക്കുകയാണ്. യോഗത്തിലെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ആഗോള എണ്ണ വിപണി. ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ നടപടി ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. എണ്ണ വിലയില്‍ അടുത്ത ദിവസങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കു കാരണവും ഈ പ്രതീക്ഷയാണ്. എണ്ണ വില കൂടുമെന്നുള്ള കണക്കുകൂട്ടലിലാണ് തീരുമാനം ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള നടപടി കൈക്കൊള്ളുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് എണ്ണ ഉല്‍പ്പാദനത്തില്‍ ദിനം പ്രതി 1.2 മില്ല്യണ്‍ ബാരല്‍ കുറവ് വരുത്താന്‍ ഒപെക് തീരുമാനമെടുത്തത്. റഷ്യയുള്‍പ്പെടെയുള്ള മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്നും ഇതിന് പിന്തുണ ലഭിച്ചു. ദിനംപ്രതി 600,000 ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് റഷ്യ തീരുമാനിച്ചത്. അധികമായുള്ള വിതരണം കുറച്ച് വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉല്‍പ്പാദനത്തില്‍ നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ഒപെക് രാജ്യങ്ങള്‍ നിയന്ത്രണം കൊണ്ടുവന്നതോടെ അമേരിക്ക അവരുടെ എണ്ണയുടെ ഉല്‍പ്പാദനം ഉയര്‍ത്തിയത് ഇവരുടെ ലക്ഷ്യത്തിന് ഭീഷണി സൃഷ്ടിച്ചെങ്കിലും കരാര്‍ നീട്ടുമെന്ന് തന്നെയാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.

ആറ് മാസത്തേക്കോ ഒന്‍പത് മാസത്തേക്കോ ഉല്‍പ്പാദനത്തിലെ വെട്ടിച്ചുരുക്കല്‍ നീട്ടിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നതിലൂടെ മാത്രം വിപണിയില്‍ സംതുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ റഷ്യയും സൗദി അറേബ്യയും ഒന്‍പത് മാസത്തേക്ക് കരാര്‍ നീട്ടുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഒപെക്കില്‍ ഉള്‍പ്പെട്ട കുവൈറ്റ്, വെനസ്വേല, ഒപക് ഇതര രാജ്യമായ ഒമാന്‍, ദക്ഷിണ സുഡാന്‍ എന്നിവരും കരാര്‍ നീട്ടുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.

എന്നാല്‍ ലിബിയയും നൈജീരിയയും എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒപെക്കിന് കടുത്ത വെല്ലുവിളിയാണ്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കൂടുന്നതും വില ഇടിവിന് കാരണമാകും. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്താന്‍ തുടങ്ങിയാല്‍ ഈ വര്‍ഷം വില 50 ഡോളര്‍ (ബാരലിന്) കടക്കാനുള്ള സാധ്യതയില്ലെന്ന് വേണം കണക്കാക്കാന്‍. എണ്ണ ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് ലിബിയയുടെ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൂഡ് ഉല്‍പ്പാദകരായ നൈജീരിയയും കയറ്റുമതിയില്‍ വന്‍ വര്‍ധന വരുത്താനായി കിണഞ്ഞ്് ശ്രമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലുമുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഒപെക്. ലിബിയയുടെ എണ്ണ ഉല്‍പ്പാദനം ദിനംപ്രതി 800,000 ബാരല്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. 2014ന് ശേഷമുള്ള ഏറ്റവും മികച്ച ഉല്‍പ്പാദനതോതാണിത്. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നടിഞ്ഞ അടിസ്ഥാനസൗകര്യങ്ങള്‍ പുനസജ്ജീകരിച്ച് എണ്ണ ഉല്‍പ്പാദനത്തില്‍ എത്രയും പെട്ടെന്ന് കുതിപ്പ് നേടാനുള്ള ശ്രമത്തിലാണ് നൈജീരിയ.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം ഒപെക് നിയന്ത്രണ കാലാവധി കൂട്ടുന്നതുകൊണ്ട് എണ്ണ സംഭരണത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നത്ര കുറവ് വരുത്താന്‍ സാധിക്കുമോയെന്നത് സംശയകരമാണ്. മാത്രമല്ല അമേരിക്ക എണ്ണ ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യും. എണ്ണ ഉല്‍പ്പാദനത്തില്‍ വല്ലാതെ കുറവ് വരുത്തുന്നത് ഒപെക് കൂട്ടായ്മയ്ക്ക് വിപണിയിലെ വിഹിതം കുറയുന്നതിനും കാരണമാകും. അതിനെക്കുറിച്ച് എത്രമാത്രം സംഘടന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നത് വ്യക്തമല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഉല്‍പ്പാദനം കൂടുന്നതും വില കുറയുന്നതുമാണ് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനും മറ്റും ഇത് ശരിക്കും ഉപകരിക്കും.

Comments

comments

Categories: Editorial