ബോഷും ഡുക്കാറ്റിയും ചേര്‍ന്ന് ഡിജിറ്റല്‍ പ്രൊട്ടക്റ്റീവ് ഷീല്‍ഡ് വികസിപ്പിക്കുന്നു

ബോഷും ഡുക്കാറ്റിയും ചേര്‍ന്ന് ഡിജിറ്റല്‍ പ്രൊട്ടക്റ്റീവ് ഷീല്‍ഡ് വികസിപ്പിക്കുന്നു
മോട്ടോര്‍സൈക്കിളും കാറും പരസ്പരം സംസാരിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : നിരത്തുകളെ കുരുതിക്കളമാക്കുന്നതില്‍ പ്രധാന ഉത്തരവാദികള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവരാണെന്നാണ് ലോകമെമ്പാടുമുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. റോഡപകടങ്ങളില്‍ ഒരു കാര്‍ ഡ്രൈവര്‍ മരിക്കുന്നതിനേക്കാള്‍ പതിനെട്ട് മടങ്ങ് അധിക സാധ്യതയാണ് മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നയാള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ 30,000 മോട്ടോര്‍സൈക്കിള്‍ അപകടങ്ങളാണ് നടന്നത്. ഇവയില്‍ 600 എണ്ണത്തിലും മരണങ്ങള്‍ സംഭവിച്ചു. തികച്ചും അശ്രദ്ധമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. കവലകളിലും മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴും ഇരുചക്ര വാഹന ഡ്രൈവര്‍മാര്‍ പുറത്തെടുക്കുന്ന ആവേശത്തിന് വലിയ വില കൊടുക്കേണ്ടിവരുന്നു.

ജര്‍മ്മനി ആസ്ഥാനമായ വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷ് ഇതിനെല്ലാം സ്മാര്‍ട്ട് സൊലൂഷന്‍ കണ്ടെത്തിയിരിക്കുകയാണ്. ഓട്ടോടോക്‌സ്, കോഹ്ഡ, വയര്‍ലെസ്, ഡുക്കാറ്റി എന്നിവയുമായി സഹകരിച്ചാണ് ‘പ്രതിരോധ മാര്‍ഗ്ഗം’ വികസിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളും കാറും പരസ്പരം സംസാരിക്കുമെന്നും അതുവഴി മോട്ടോര്‍സൈക്കിളിസ്റ്റുകള്‍ക്കുമേല്‍ ഡിജിറ്റല്‍ പ്രൊട്ടക്ഷന്‍ ലേബല്‍ സൃഷ്ടിക്കപ്പെടുമെന്നും ബോഷ് സിഇഒ ഡോ. ഡിര്‍ക് ഹൊയ്‌സല്‍ പറഞ്ഞു. ഇതുവഴി അപകടകരമായ സാഹചര്യങ്ങള്‍ ഒരിക്കലും ഉണ്ടാകില്ല. മോട്ടോര്‍സൈക്കിളും കാറും തമ്മില്‍ ആശയ വിനിമയം സാധ്യമാണെങ്കില്‍ മൂന്നിലൊന്ന് ബൈക്കപകടങ്ങള്‍ ഒഴിവാക്കാമെന്നാണ് ബോഷ് ആക്‌സിഡന്റ് റിസര്‍ച്ച് വിലയിരുത്തുന്നത്.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വഴി ഇരുചക്ര വാഹന ഡ്രൈവിംഗ് ബോഷ് കുറേയൊക്കെ സുരക്ഷിതമാക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിനെ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ സുരക്ഷയൊരുക്കുകയാണെന്ന് ഡിര്‍ക് ഹൊയ്‌സല്‍ പറഞ്ഞു. നൂറുകണക്കിന് മീറ്റര്‍ വരുന്ന നിശ്ചിത വൃത്ത പരിധിയിലെ വാഹനങ്ങള്‍ തമ്മില്‍ ഏതുതരം വാഹനം, വേഗം, സ്ഥാനം, യാത്ര ചെയ്യുന്ന ദിശ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സെക്കന്‍ഡില്‍ പത്ത് തവണയെങ്കിലും പരസ്പരം പങ്കുവെയ്ക്കും. അതായത് വാഹനത്തെ കാണുന്നതിന് വളരെ മുമ്പുതന്നെ മോട്ടോര്‍സൈക്കിള്‍ വരുന്നതായി ഡ്രൈവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. പ്രത്യേക സെന്‍സറുകളാണ് സാങ്കേതികവിദ്യ വിജയിപ്പിക്കുന്നത്.

അപകടം സംഭവിച്ചേക്കാവുന്ന സാഹചര്യമാണെങ്കില്‍ പ്രത്യേക സംവിധാനം മോട്ടോര്‍സൈക്കിള്‍, കാര്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിക്കുകയോ കോക്ക്പിറ്റില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുകയോ ആണ് ചെയ്യുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇത് ഡ്രൈവര്‍മാരെ വളരെ സഹായിക്കും. പബ്ലിക് വയര്‍ലെസ് ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കിന്റെ (ഐടിഎസ് ജി5) അടിസ്ഥാനത്തിലാണ് മോട്ടോര്‍സൈക്കിളും കാറും തമ്മിലുള്ള വിവര കൈമാറ്റം നടക്കുന്നത്. ട്രാന്‍സ്മിറ്ററും റിസീവറും തമ്മിലുള്ള ഡാറ്റ എക്‌സ്‌ചേഞ്ചിന് മില്ലി സെക്കന്‍ഡുകള്‍ മാത്രം മതി.

നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും ഇത്തരത്തില്‍ ആശയ വിനിമയം നടത്താന്‍ കഴിയും. multi-hopping ആണ് ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനം. ഒരു വാഹനത്തില്‍നിന്ന് മറ്റൊന്നിലേക്ക് ഓട്ടോമാറ്റിക്കായാണ് വിവരം കൈമാറുന്നത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബന്ധപ്പെട്ട എല്ലാ വാഹനങ്ങളള്‍ക്കും പരസ്പരം ആശയവിനിമയം നടത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയും.

Comments

comments

Categories: Auto