സിയാച്ചിനില്‍ പാക് വ്യോമസേനയുടെ പരിശീലനം ; അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയെന്ന് ഇന്ത്യ

സിയാച്ചിനില്‍ പാക് വ്യോമസേനയുടെ പരിശീലനം ; അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: തന്ത്രപരവും നിര്‍ണായകവുമായ സൈനിക നീക്കം നടത്തുന്നതിനുള്ള മിലിട്ടറി ബേസായ ഓപറേറ്റിംഗ് ഫോര്‍വേര്‍ഡ് ബേസ് പാകിസ്ഥാന്‍ സജീവമാക്കി. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ തുടര്‍ന്നാണിത്. അതേസമയം പാകിസ്ഥാന്റെ ഫൈറ്റര്‍ ജെറ്റുകള്‍ സിയാച്ചിനിലൂടെ കഴിഞ്ഞ ദിവസം പറന്നെന്ന് അവകാശവാദമുന്നയിച്ച് പാകിസ്ഥാന്‍ രംഗത്ത്. എന്നാല്‍ സിയാച്ചിനു മുകളിലൂടെ പാക് വിമാനം പരിശീലനം നടത്തിയെന്ന പാകിസ്ഥാന്റെ വാദം പൊള്ളയാണെന്ന് ഇന്ത്യയും പറഞ്ഞു. പാകിസ്ഥാന്റെ ജെറ്റുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചില്ലെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

ഇന്നലെ പാകിസ്ഥാന്‍ വ്യോമസേനാ തലവന്‍ സൊഹൈല്‍ അമന്‍ സ്‌കര്‍ദുവിലുള്ള ഖ്വാദ്രി വ്യോമതാവളം സന്ദര്‍ശിച്ചു. സിയാച്ചിനില്‍ പാകിസ്ഥാന്റെ യുദ്ധ വിമാനത്തിന്റെ പരിശീലന പറക്കല്‍ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. പാകിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാന സംഘം സിയാച്ചിനില്‍ നടത്തിയ പരിശീലനത്തില്‍ ഉയര്‍ന്നും താഴ്ന്നും പറന്നതായി റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നു ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള പാകിസ്ഥാന്റെ കരസേനാ പോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചും ഷെല്ലാക്രമണം നടത്തിയും തകര്‍ത്തത്. ഈ പോസ്റ്റുകളില്‍നിന്നാണ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത്.

Comments

comments

Categories: World