ജിയോയുടെ പുതിയ താരിഫ് ട്രായ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: വോഡാഫോണ്‍

ജിയോയുടെ പുതിയ താരിഫ് ട്രായ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: വോഡാഫോണ്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം മുതല്‍ റിലയന്‍സ് ജിയോ ആരംഭിച്ച പുതിയ രണ്ട് താരിഫ് പ്ലാനുകളും ട്രായ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ടെലികോം ഭീമന്‍ വോഡാഫോണ്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കി. 402 രൂപക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് സമ്പൂര്‍ണ സൗജന്യ സേവനം നല്‍കുന്ന ‘സമ്മന്‍ സര്‍പ്രൈസ്’ ഓഫര്‍, ഇത് പിന്‍വലിച്ചതിന് ശേഷം ആരംഭിച്ച 408 രൂപയുടെ ‘ധന്‍ ധനാ ധന്‍’ എന്നീ പ്ലാനുകള്‍ക്കെതിരെയാണ് വോഡാഫോണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 4 ജി സേവനങ്ങളില്‍ ജിയോ നല്‍കുന്ന സൗജന്യ താരിഫ് ഓഫറുകള്‍ക്കെതിരെ ഈ വര്‍ഷം ആദ്യമാണ് വോഡാഫോണ്‍ പരാതിയുമായി രംഗത്തെത്തിയത്.

മൂന്ന് മാസം പിന്നിട്ടിട്ടും സൗജന്യ സേവനങ്ങള്‍ ജിയോ തുടരുന്നത് മാനദണ്ഡങ്ങളുടെയും ട്രായിയുടെ താരിഫ് ഉത്തരവുകളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് പരാതിയില്‍ വോഡാഫോണ്‍ ചൂണ്ടിക്കാട്ടുന്നു. ചട്ട ലംഘനങ്ങള്‍ തുടരുന്നതിന് ജിയോയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അനുമതി നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം വോഡാഫോണിന്റെ ആരോപണങ്ങളെ ജിയോ നിഷേധിച്ചു. ജൂലൈ 27 ന് കേസ് ഡെല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഒരു ടെലികോം കമ്പനി പൂര്‍ണയോഗ്യതയോടു കൂടി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള നെറ്റ്‌വര്‍ക്ക് പരിശോധനകള്‍ സംബന്ധിച്ച ട്രായിയുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് വോഡാഫോണ്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിച്ചു. ട്രായിയുടെ കൂടിയാലോചന നടപടികള്‍ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നതെന്ന് വോഡാഫോണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy