മാഞ്ചസ്റ്റര്‍ ആക്രമണം ; വെളിപ്പെട്ടത് ഐഎസിന്റെ ആഗോളസ്വാധീനം

മാഞ്ചസ്റ്റര്‍ ആക്രമണം ; വെളിപ്പെട്ടത് ഐഎസിന്റെ ആഗോളസ്വാധീനം

ബ്രിട്ടനെ ഞെട്ടിച്ച മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 10.30-ക്കു മാഞ്ചസ്റ്റര്‍ അരീനയിലെ വിശാലമായ 21,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 22 പേരുടെ ജീവനെടുത്ത സ്‌ഫോടനം നടത്തിയത് 22 കാരന്‍ യുവാവാണെന്നും തെളിവ് ലഭിച്ചിരിക്കുന്നു. ചിന്നിച്ചിതറുന്ന വെടിയുണ്ട (shrapnel) നിറച്ച ഐഇഡി (improvised explosive device) എന്ന സ്‌ഫോടക ഉപകരണം ഉപയോഗിച്ചാണു മാഞ്ചസ്റ്ററില്‍ ഏകാംഗ ചാവേറാക്രമണം നടത്തിയത്. 22-കാരനായ ലിബിയന്‍ വംശജന്‍ സല്‍മാന്‍ അബേദിയാണു ചാവേറായതെന്നും യുഎസ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ പറയുന്നു. തത്ക്ഷണം തയാറാക്കപ്പെട്ട സ്‌ഫോടക ഉപകരണമാണ് ഐഇഡി. റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട് ഐഇഡിക്ക്. ഐഇഡികള്‍ കൂടുതലും തീവ്രവാദികളാണ് ഉപയോഗിച്ചു വരുന്നത്. ഒളിപ്പോരിലും കമാന്‍ഡോ ഓപ്പറേഷനുകളിലും ഇത് ഉപയോഗിക്കാറുണ്ട്.

സമീപകാലത്തു യൂറോപ്പില്‍ തീവ്രവാദ ആക്രമണം വ്യാപകമാകുന്നത് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. 2015 നവംബറില്‍ പാരീസില്‍ അരങ്ങേറിയ ബാറ്റാക്ലാന്‍ കൂട്ടക്കൊല, അതിനു മുന്‍പ് പാരീസിലെ ചാര്‍ലി ഹെബ്‌ദോ എന്ന ആക്ഷേപഹാസ്യ മാസികയുടെ ഓഫീസ് ആക്രമിച്ചത്, 2016 ജൂലൈയില്‍ ഫ്രാന്‍സില്‍ ദേശീയദിനം ആഘോഷിക്കവേ നീസ് എന്ന പ്രവിശ്യയില്‍ ട്രക്ക് ഉപയോഗിച്ചു നടത്തിയ ആക്രമണം, ബെല്‍ജിയത്തിലും ലണ്ടനിലും ഹാംബര്‍ഗിലും നടന്ന ആക്രമണം ഇവയെല്ലാം ഉദാഹരണങ്ങളാണ്.

തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണം 2015 നവംബറില്‍ പാരീസില്‍ നടന്ന ബാറ്റാക്ലാന്‍ കൂട്ടക്കൊലയുമായി സാമ്യം തോന്നിക്കുന്നതാണ്. ബാറ്റാക്ലാന്‍ തിയേറ്ററില്‍ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റല്‍ (Eagles of Death Metal) എന്ന അമേരിക്കന്‍ റോക്ക് സംഗീത ബാന്‍ഡിന്റെ പരിപാടി നടക്കുമ്പോഴാണു തോക്കുധാരികളായ അക്രമികള്‍ കാണികളെ ബന്ദികളാക്കിയത്. ഇവിടെ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ചാവേറായി പൊട്ടിത്തെറിക്കുകയും മറ്റു ചില അക്രമികള്‍ കാണികള്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്തിരുന്നു. 89 പേരാണു ബാറ്റാക്ലാന്‍ തിയേറ്ററില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മാഞ്ചസ്റ്ററില്‍ നടന്നതും മറ്റൊന്നല്ല.

അമേരിക്കന്‍ ഗായിക ഏരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശ അവസാനിച്ചപ്പോഴാണു 22 പേരുടെ ദാരുണ മരണത്തിന് ഇടയാക്കി സ്‌ഫോടനം അരങ്ങേറിയത്. അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഒരു പ്രത്യേകതരം സ്റ്റാന്‍ഡേര്‍ഡ് പുലര്‍ത്തുന്ന രീതിയായി മാറിയിരിക്കുകയാണു വന്‍ പരിപാടികള്‍ക്കു വേദികളാകുന്ന സ്ഥലത്തു സ്‌ഫോടനം അല്ലെങ്കില്‍ ആക്രമണം നടത്തുകയെന്നത്. മാഞ്ചസ്റ്ററിലുണ്ടായ ആക്രമണത്തിന് ഇരയായവരില്‍ കുട്ടികളുണ്ടെന്നത് ആക്രമണത്തിന് ആസൂത്രണം ചെയ്തവര്‍ക്കു കൂടുതല്‍ പ്രചോദനമേകിയിട്ടുണ്ടാവണം. കാരണം ആക്രമണത്തിലൂടെ ഭീകരതയുടെ മുഖം കൂടുതല്‍ പൈശാചികമാണെന്ന തോന്നല്‍ ജനിപ്പിക്കാന്‍ ഇത്തരക്കാര്‍ക്കു സാധിച്ചിട്ടുണ്ട്.

ആധുനിക ആയുധങ്ങളേന്തിയ, തോക്കുധാരികളായ അക്രമികളില്ലായിരുന്നു മാഞ്ചസ്റ്ററിലെന്നതാണു പാരീസിലെ ബാറ്റാക്ലാന്‍ ആക്രമണത്തില്‍നിന്നും വ്യത്യസ്തമാകുന്നത്. ഇത് ബ്രിട്ടനിലെ അധികാരികളെ കുറച്ചൊക്കെ ആശ്വസിപ്പിക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ബ്രിട്ടന്റെ സുരക്ഷാ സേനയ്ക്കും അവകാശപ്പെടാം. എങ്കിലും ഏകാംഗ തലത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കയ്ക്കു വകനല്‍കുന്നവ തന്നെയാണ്. ബ്രിട്ടന്റെ ഇന്റലിജന്‍സ് സര്‍വീസായ MI5 ന്റെ രേഖകളില്‍ മതതീവ്രവാദികളായ 3,000 പേരുടെ പട്ടികയാണുള്ളത്. ഇവരില്‍ 40-ാളം പേരെ നിരീക്ഷിക്കാന്‍ മാത്രമാണു നിലവില്‍ ഏജന്‍സിക്കു സംവിധാനമുള്ളത്. അതീവ അപകടകാരികളായവര്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍നിന്നും തെന്നിമാറുകയാണു പതിവ്.

ഓരോ ദിവസവും ബ്രിട്ടന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു ജോലി ഭാരം കൂടിവരുന്നതും ഏജന്‍സികളുടെ ആത്മവീര്യം കെടുത്തുന്നുണ്ട്. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ബ്രിട്ടനില്‍ 12 തീവ്രവാദ ആക്രമണമാണ് ഒഴിവാക്കിയത്. ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നേരിടേണ്ടി വരുന്ന തലവേദന ഏകാംഗ തലത്തിലുള്ള (lone wolf attacks) ആക്രമണങ്ങളെ തടയാനാവില്ലെന്നതാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നവമാധ്യമങ്ങളില്‍ വിവിധ ഗ്രൂപ്പുകളിലൂടെയും ചാറ്റിലൂടെയും മൗലികവാദത്തിലേക്ക് ആകൃഷ്ടരായവര്‍ കൈയ്യില്‍ കിട്ടുന്ന ആയുധങ്ങളേന്തി സ്വയം ഇറങ്ങിത്തിരിക്കുന്ന കാഴ്ചയാണു യൂറോപ്പില്‍ ഇപ്പോള്‍ കാണാനാവുന്നത്. ഇതിന് ഉദാഹരണമാണ് ഈ വര്‍ഷം മാര്‍ച്ച് 22-നു ഖാലിദ് മസൂദ് എന്ന 52-കാരന്‍ സെന്‍ട്രല്‍ ലണ്ടനില്‍ അഞ്ച് പേരെ കത്തി ഉപയോഗിച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്തിയ സംഭവം. ഐഎസിന്റെ സ്വാധീനശക്തി വെളിപ്പെടുത്തുന്ന സംഭവം കൂടിയായിരുന്ന മാഞ്ചസ്റ്റര്‍ ആക്രമണം.

കാലിഫേറ്റ് (caliphate) രൂപീകരിക്കുക എന്ന ഐഎസിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ തച്ചുടയ്ക്കാന്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലൂടെ സാധിച്ചെങ്കിലും സംഘടനയുടെ ആശയത്തെ നിര്‍വീര്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നത് ഒരു യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. യൂറോപ് സമീപകാലത്ത് ആദ്യമായി തീവ്രവാദ ആക്രമണത്തിന് സാക്ഷ്യം വഹിച്ചത് 2015 ജനുവരി എട്ടിനാണ്. അന്നായിരുന്നു പാരീസിലെ ചാര്‍ലി ഹെബ്‌ദോ എന്ന ആക്ഷേപഹാസ്യ മാസികയ്ക്കു നേരെ ആക്രമണം അരങ്ങേറിയത്. ഐഎസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. പിന്നീട് അതേവര്‍ഷം നവംബറിലും പാരീസില്‍ തീവ്രവാദ ആക്രമണം നടന്നു. 130 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

2015 മുതല്‍ 2017 മെയ് 22 തിങ്കളാഴ്ച വരെയായി യൂറോപ്പില്‍ നടന്ന ആക്രമണങ്ങളില്‍ ഐഎസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചില ആക്രമണങ്ങള്‍ ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഒറ്റയ്ക്ക് നടത്തിയവയും മറ്റു ചിലത് സംഘടിതമായി നടത്തിയവയും ആയിരുന്നു എന്നറിയുമ്പോള്‍ ഐഎസ് ഉയര്‍ത്തുന്ന ഭീഷണി നിസാരമല്ലെന്നു ബോദ്ധ്യപ്പെടുകയാണ്. തിങ്കളാഴ്ചയിലെ മാഞ്ചസ്റ്റര്‍ ആക്രമണം ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മേയെ സംബന്ധിച്ചു നിര്‍ണായകമാണ്. അടുത്ത മാസം എട്ടിനു ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ്‌ അരങ്ങേറാനിരിക്കുകയാണ്‌. മാഞ്ചസ്റ്റര്‍ ആക്രമണം മേയ്ക്കു തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നു കരുതുന്നുണ്ട്. അതേസമയം, ഏതു തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ആക്രമണത്തിനു കാരണമായതെന്നും അത്തരം വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികളാണ് പ്രധാനമന്ത്രി സ്വീകരിക്കുകയെന്ന ചോദ്യത്തിനും തെരേസ മേയ്ക്കു മറുപടി പറയേണ്ടി വരും.

Comments

comments

Categories: World