ജിന്‍ഡാല്‍ സ്റ്റീല്‍ ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് രവി ഉപ്പാല്‍

ജിന്‍ഡാല്‍ സ്റ്റീല്‍ ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് രവി ഉപ്പാല്‍
സ്റ്റീല്‍ ഉല്‍പ്പാദനം 50 ശതമാനത്തിലെത്തിക്കാന്‍ ശ്രമം

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ജിന്‍ഡാല്‍ സ്റ്റീല്‍ (ജെഎസ്പിഎല്‍) ലാഭത്തിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നതായി കമ്പനി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവുമായ രവി ഉപ്പാല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ധനകാര്യവര്‍ഷം സ്റ്റീല്‍ ഉല്‍പ്പാദനം 50 ശതമാനത്തിലെത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് ജിന്‍ഡാല്‍ സ്റ്റീല്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ലാഭം കൈവരിക്കാന്‍ കഴിയും-ഉപ്പാല്‍ പറഞ്ഞു. തുടര്‍ച്ചയായ പത്ത് പാദങ്ങളില്‍ ജെഎസ്പിഎല്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 100 കോടി രൂപയിലേക്കുവീണു. 2015-16 സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ ഇത് 635.84 കോടി രൂപയായിരുന്നു. ഇക്കുറി 7.5 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കാനാണ് ജിന്‍ഡാല്‍ സ്റ്റീല്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ തവണയിത് 4.8 മില്ല്യണ്‍ ടണ്ണായിരുന്നു. ഈ വര്‍ഷം ഒരു മില്ല്യണ്‍ ടണ്ണിലധികം സ്റ്റീലും രണ്ട് മില്ല്യണിലധികം പെല്ലറ്റും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു-ഉപ്പാല്‍ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് രാജ്യത്തെ സ്റ്റീല്‍ ആവശ്യകതയില്‍ വര്‍ധനവുണ്ടാക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര സ്റ്റീല്‍ ഉപഭോഗം ആറ് മുതല്‍ ഏഴ് ശതമാനം വരെ ഉയരുന്നതിന് ഇത് സഹായിക്കും-ഉപ്പാല്‍ ചൂണ്ടിക്കാട്ടി. ധനവരവിലെ പൊരുത്തക്കേടുകള്‍ മൂലം കഴിഞ്ഞ വര്‍ഷം മാറ്റം വരുത്താന്‍ കഴിയാത്ത കടപത്രങ്ങളിലെ ആദായം നല്‍കുന്നതില്‍ ജെഎസ്പിഎല്‍ മുടക്കം വരുത്തിയിരുന്നു. കമ്പനിക്കു കീഴിലെ ചില യൂണിറ്റുകളുടെ ഓഹരികള്‍ വില്‍ക്കുമെന്നും ആവശ്യമെങ്കില്‍ സംയുക്ത സംരംഭങ്ങള്‍ സ്ഥാപിക്കുമെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ അറിയിച്ചിരുന്നു. വിദേശങ്ങളിലെ ഖനികള്‍ വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും ഫലവത്തായില്ല. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി വര്‍ധിച്ചതിനാല്‍ പ്രമുഖ  ആഭ്യന്തര സ്റ്റീല്‍ ഉല്‍പ്പാദകരായ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജെഎസ്പിഎല്‍ എന്നിവയുടെ വില്‍പ്പനയെ ബാധിച്ചിരുന്നു.

Comments

comments

Categories: Business & Economy