പഠനത്തിലും കലാകായിക രംഗത്തും മികവിന്റെ മുന്നേറ്റവുമായി ക്രൈസ്റ്റ് കോളെജ്

പഠനത്തിലും കലാകായിക രംഗത്തും മികവിന്റെ മുന്നേറ്റവുമായി ക്രൈസ്റ്റ് കോളെജ്
പരമ്പരാഗതമായി പാഠ്യരംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്രൈസ്റ്റ് കോളെജ് ഗവേഷണ, 
കായികരംഗങ്ങളില്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നു

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… അത്ര പെട്ടെന്നൊന്നും ഒരാള്‍ക്കും ഒ എന്‍ വിയുടെ വരികളെ മറക്കാന്‍ സാധിക്കില്ല. അത്രമേല്‍ ആഴത്തില്‍ കലാലയകാലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകാന്‍ ആ വരികള്‍ക്ക് സാധിക്കുന്നു. ഓര്‍ത്തെടുക്കാന്‍ ഒത്തിരി ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ് ഓരോ കലാലയ ജീവിതവും. അറിവും അച്ചടക്കവും മാത്രമല്ല ജീവിതവും നമ്മെ പഠിപ്പിക്കുന്നവയാകണം കലാലയങ്ങള്‍.

അറിവിനൊപ്പം കലാകായിക പ്രതിഭകളെകൂടി വാര്‍ത്തെടുക്കുന്ന കേരളത്തിലെ മുന്‍നിര കോളെജുകളിലൊന്നാണ് തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലുള്ള ക്രൈസ്റ്റ് കോളെജ്. സിഎംഐ ദേവമാതാ പ്രൊവിന്‍സിന് കീഴില്‍ 1956-ലാണ് ക്രൈസ്റ്റ് കോളെജ് ആരംഭിക്കുന്നത്. റവ. ഫാ. ക്ലെമന്‍സ് തോട്ടുങ്കല്‍, അടുത്തിടെ നിര്യാതനായ പത്മഭൂഷന്‍ റവ. ഫാ. ഗബ്രിയേല്‍ സിഎംഐ എന്നിവരായിരുന്നു കോളെജിന്റെ ആദ്യകാല സാരഥികള്‍. പ്രിന്‍സിപ്പലായിരുന്ന പത്മഭൂഷന്‍ ഗബ്രിയേല്‍ അച്ചന്റെ 20 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ നേട്ടങ്ങള്‍ ക്രൈസ്റ്റ് കോളെജിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ ജ്ഞാനോദയം നല്‍കി ഉയര്‍ത്തുന്നതിന് ക്രൈസ്റ്റിലൂടെ സാധിക്കണമെന്നതായിരുന്നു സ്ഥാപകലക്ഷ്യമായി സഭ ഉയര്‍ത്തിപ്പിടിച്ചിരുന്നത്.

2015- ല്‍ കോളെജിന് യുജിസി സ്വയംഭരണാവകാശം നല്‍കി. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ആദ്യമായി നടത്തിയ റാങ്കിംഗില്‍ ദേശീയ തലത്തില്‍ 17-ാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടാന്‍ ക്രൈസ്റ്റിനായി. ആദ്യത്തെ നാക്ക് അക്രഡിറ്റേഷന്‍ നടന്നത് ബി പ്ലസ് പ്ലസ് ഗ്രേഡോടെ 2003-ലാണ്. 2009-ല്‍ എ ഗ്രേഡോടെ റീ അക്രഡിറ്റേഷന്‍ ലഭിച്ചു. 2016- ല്‍ മൂന്നാം ഘട്ടത്തിലും എ ഗ്രേഡ് നിലനിര്‍ത്താന്‍ ക്രൈസ്റ്റിനായി. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കു കീഴിലാണ് ക്രൈസ്റ്റ്ര് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

വിവിധ പഠന വിഭാഗങ്ങളിലായി 42 കോഴ്‌സുകളാണ് ഇന്നിവിടെയുള്ളത്. എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ 26 യുജി കോഴ്‌സുകളും 16 പിജി കോഴ്‌സുകളും ആറ് ഗവേഷണ വിഭാഗങ്ങളുമുണ്ട്. ‘കോളെജ് എപ്പോഴും വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ ആര്‍ട്‌സിനും സ്‌പോര്‍ട്‌സിനും ഒരേ പോലെ പ്രാധാന്യം നല്‍കുന്നുണ്ട്. സോണല്‍ മത്സരങ്ങളില്‍ സ്ഥിരം മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ക്രൈസ്റ്റിന് എന്നും സാധിച്ചിട്ടുണ്ട്, ‘ പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ ജോസ് ടിഎം പറയുന്നു.

സ്‌പോര്‍ട്‌സില്‍ 41 ടീമിനെയാണ് സര്‍വകലാശാലാതലത്തില്‍ ഈ വര്‍ഷം മത്സരത്തിന് ഇറക്കിയത്. 67 കുട്ടികള്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും പങ്കെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ സ്‌പോര്‍ട് ചാംപ്യന്‍ഷിപ്പ് ട്രോഫിക്ക് ഈ വര്‍ഷം അര്‍ഹരായത് ക്രൈസ്റ്റ് കോളെജാണ്. ബിരുദാനന്തരബിരുദ തലത്തില്‍ 95 ശതമാനത്തില്‍ മുകളിലാണ് വിജയം. ബിരുദ തലത്തില്‍ ഇത് 80ശതമാനത്തിനു മുകളിലാണ്. വിവിധ പഠന വകുപ്പുകളിലായി 15 സര്‍വകലാശാല റാങ്കുകളാണ് ക്രൈസ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്.

പഠന, കലാ, കായികരംഗങ്ങളില്‍ മാത്രമല്ല പരിസ്ഥിതിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ക്രൈസ്റ്റിന് സ്വന്തമായൊരു ശൈലിയുണ്ട്. ബയോഡൈവേഴ്‌സ് കാംപസാണിത്. വേനല്‍ച്ചൂടില്‍ കേരളം കത്തിയുരുകുമ്പോഴും ജലക്ഷാമം കാംപസിനെ ഒരു തരിപോലും നോവിച്ചിട്ടില്ല. ഒരു തുള്ളി മഴവെള്ളം പോലും പുറത്തേക്ക് ഒഴുക്കിക്കളയാന്‍ അധികൃതരും വിദ്യാര്‍ത്ഥികളും തയാറല്ല. ബണ്ട് കെട്ടി മഴവെള്ളം സംഭരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്‍എസ്എസിന്റേയും സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറിക്കൃഷിയും നടത്തിവരുന്നു. 3,200 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.

72 ഏക്കര്‍ കാംപസില്‍ എന്‍ജിനീയറിംഗ് കോളെജും ഫിസിക്കല്‍ എജ്യൂക്കേഷന്‍ കാംപസും ഉയര്‍ന്നുവന്നതോടെ ക്രൈസ്റ്റ് കോളെജ് 48 ഏക്കറായി പരിമിതപ്പെട്ടു. സ്‌പോര്‍ട്‌സിന് പ്രത്യേക പരിഗണന തന്നെയാണ് ഇവിടെ നല്‍കുന്നത്. നാല് വര്‍ഷത്തെ പ്രൊഫഷണല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സായി ബിപിഇയും ഇവിടെയുണ്ട്. ആറ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളാണ് ക്രൈസ്റ്റ,് കായിക വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ പല സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും വേദിയാകാനുള്ള അവസരവും ക്രൈസ്റ്റ് കോളെജിനെ തേടി വരുന്നു.

ശക്തമായ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന തന്നെയുണ്ട് ക്രൈസ്റ്റിന്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍, ഫുട്‌ബോളര്‍ യു ഷറഫ് അലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പിന്നണിഗായകന്‍ പി ജയചന്ദ്രന്‍ തുടങ്ങി ലോകപ്രശസ്തരും അല്ലാത്തവരുമായി വലിയൊരു വിഭാഗം തന്നെയുണ്ട് ക്രൈസ്റ്റിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളായി. ഇവരുടെ നല്ല പിന്തുണ കോളെജിന് എക്കാലവുമുണ്ട്. കോളെജ് കാംപസില്‍ പണിയുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം അലുംനി ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് ഉയരുന്നത്.

ഒരുകാലത്ത് എന്‍ജിനീയറിംഗ് കോളെജുകളിലേക്കുണ്ടായിരുന്ന തള്ളിക്കയറ്റം ഇന്ന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളിലേക്ക് മാറിയിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാല പല വ്യത്യസ്ത കോഴ്‌സുകളും ക്രൈസ്റ്റിന് അനുവദിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കോഴ്‌സുകളാണ് ജിയോളജി, എണ്‍വിറോണ്‍മെന്റല്‍ സയന്‍സ്, ബിഎസ്ഡബ്ല്യു, സൈക്കോളജി, ഫുഡ് ടെക്‌നോളജി എന്നിവ. ‘അധ്യാപകരും കുട്ടികളും രക്ഷകര്‍ത്താക്കളും മാനേജ്‌മെന്റും നല്ല സഹകരണത്തോടെയാണ് മുമ്പോട്ട് പോകുന്നത്. സമയാസമയങ്ങിളില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മനസിലാക്കി രക്ഷകര്‍ത്താക്കളുമായി ആശയ വിനിമയം നടത്താറുണ്ട്, ‘ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

സ്വയം ഭരണാവകാശമുള്ള കോളെജിന് മുമ്പില്‍ കടമ്പകളേക്കാളേറെ ഉത്തരവാദിത്തങ്ങളാണുള്ളത്. ഗുണമേന്മ ഒട്ടും ചോര്‍ന്നുപോകാതെ ഓരോ ചുവടും മുമ്പോട്ട് വെക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തമായി തയ്യാറാക്കുന്ന പാഠ്യപദ്ധികളും പരീക്ഷകളും ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കില്‍ സത്യസന്ധത വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലുമുണ്ടായിരിക്കണമെന്ന കാര്‍ക്കശ്യക്കാരനാണ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോസ് ടിഎം . അധ്യാപകര്‍ക്ക് വിഷയങ്ങളില്‍ നവീകരണം സാധ്യമാകാന്‍ വിഷയങ്ങളും അത്തരത്തില്‍ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ തലമുറ മൂല്യങ്ങളില്ലാത്തവരാണെന്ന വാദത്തെ പിന്തുണയ്ക്കാന്‍ ഫാ. ജോസ് സന്നദ്ധനല്ല, പഴയ തലമുറയുടെ ചിന്താഗതിയെ ചോദ്യംചെയ്യുന്നത് തെറ്റാണെന്നും അത്തരക്കാര്‍ നിഷേധികളാണെന്നും കരുതുന്നത് സമൂഹത്തിന്റെ കാഴ്ചപ്പാട് ശരിയല്ലാത്തതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാലാനുസൃതമാറ്റങ്ങള്‍ അത്യാവശ്യമാണെന്നും സമൂഹത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കി നന്മയെ ഒപ്പം നിര്‍ത്താന്‍ ഒരു മടിയും പുതിയ തലമുറക്കാര്‍ കാണിക്കാറില്ലെന്ന് കോളെജിലെ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു.

പത്ത് വര്‍ഷമായി ഫാ. ഡോ ജോസ് ടി എം ക്രൈസ്റ്റ് കോളെജിലെ പ്രിന്‍സിപ്പലായി ചുമതലയേറ്റെടുത്തിട്ട്. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ഒരു ജീവനക്കാരോടും മുഖം കറുപ്പിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ക്രൈസ്റ്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ് ഇദ്ദേഹം. കോളെജ് തലത്തില്‍ ഗവേഷണ വിഭാഗങ്ങള്‍ പൊതുവെ കുറവാണ്. അതിനെ മറികടക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ കോളെജില്‍ ഒരുക്കാന്‍ പദ്ധതിയിടുകയാണ് ക്രൈസ്റ്റ് കോളെജ്. ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒപ്പം ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനും മാനെജ്‌മെന്റ് താല്‍പ്പര്യപ്പെടുന്നു.

സ്വയംഭരണാവകാശം കൊണ്ട് മാത്രമല്ല പ്രവര്‍ത്തന ശൈലികൊണ്ടും ക്രൈസ്റ്റ് വേറിട്ട മാതൃകയാകുകയാണ്. സ്വാശ്രയ കോളെജില്‍ പഠിക്കുന്ന കുട്ടിക്ക് എയ്ഡഡ് കോളെജിനേക്കാള്‍ ഫീസ് അടക്കേണ്ടി വരും. എന്നാല്‍ 20 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ വര്‍ഷം സ്വാശ്രയ വിഭാഗത്തില്‍ ഫീസിളവ് നല്‍കിയത്. കൂടാതെ സ്വാശ്രയ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടിക്ക് എയ്ഡഡ് തലത്തിലുള്ള കുട്ടികളേക്കാള്‍ മാര്‍ക്ക് കൂടുതല്‍ കരസ്ഥമാക്കാനായാല്‍ 25,000 രൂപ പാരിതോഷികം നല്‍കുന്നു.

അഖിലേന്ത്യാതലത്തില്‍ കായിക ഇനങ്ങളില്‍ മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കോളെജ് മുന്‍കൈയെടുത്ത് കാഷ് പ്രൈസുകള്‍ നല്‍കിവരുന്നുണ്ട്. പോള്‍ വാള്‍ട്ടിന് വേണ്ടി ഒരു ജംപ് അക്കാഡമി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ക്രൈസ്റ്റില്‍ നിന്നും ഒരു ഒളിംപ്യനെ സൃഷ്ടിക്കുകയെന്ന അതിവിദൂരമല്ലാത്ത സ്വപ്‌നവുമായാണ് ഓരോ ദിവസവും ഇവര്‍ കടന്നുപോകുന്നത്.

”കോളെജ് എപ്പോഴും വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമാക്കിയാണ് മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ ആര്‍ട്‌സിനും സ്‌പോര്‍ട്‌സിനും ഒരേ പോലെ പ്രാധാന്യം നല്‍കുന്നുണ്ട്. സോണല്‍ മത്സരങ്ങളില്‍ സ്ഥിരം മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ക്രൈസ്റ്റിന് എന്നും സാധിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷകര്‍ത്താക്കളും മാനേജ്‌മെന്റും നല്ല സഹകരണത്തോടെയാണ് മുമ്പോട്ട് പോകുന്നത്. സമയാസമയങ്ങിളില്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മനസിലാക്കി രക്ഷകര്‍ത്താക്കളുമായി ആശയ വിനിമയം നടത്താറുണ്ട്”

ഫാ. ഡോ. ജോസ് ടി എം
പ്രിന്‍സിപ്പല്‍
ക്രൈസ്റ്റ് കോളെജ്, ഇരിഞ്ഞാലക്കുട

Comments

comments

Categories: Education, FK Special