252 ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ധാരണയിലെത്തി

252 ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ധാരണയിലെത്തി
ഐഡിയ- വോഡഫോണ്‍ കരാര്‍ ടെലികോം രംഗത്തെ ഏകീകരണ പ്രവണതകളുടെ 
പ്രതിഫലനം

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 15.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 252 ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏറ്റെടുക്കല്‍ കരാറുകളുടെ മൊത്ത മൂല്യത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേപ്പെടുത്തിയിട്ടുളളത്. ടെലികോം രംഗത്തെ ഭീമന്‍ കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനമാണ് ഇതില്‍ പ്രധാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവൈയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

11 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള ഐഡിയ-വോഡഫാണ്‍ ലയന കരാര്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം കരാര്‍ മൂല്യത്തില്‍ 74 ശതമാനം പങ്കുവഹിക്കുമെന്നാണ് ഇവൈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഐഡിയ-വോഡഫോണ്‍ ലയന മൂല്യം ഏകദേശം 27 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് മറ്റൊരു കണ്‍സള്‍ട്ടന്‍സി സംരംഭമായ ഗ്രാന്‍ഡ് തോണ്‍ടണ്‍ പറയുന്നത്. ജനുവരി-മാര്‍ച്ച് പാദത്തിലെ ലയന-ഏറ്റെടുക്കല്‍ നടപടികളുടെ മൊത്തം മൂല്യത്തിന്റെ 80 ശതമാനത്തിലധികം ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്പന്മാരുടെ സംഭാവന ആയിരിക്കുമെന്നും ഗ്രാന്‍ഡ് തോണ്‍ടണ്‍ കണ്‍സള്‍ട്ടന്‍സി വ്യക്തമാക്കുന്നു.

ഇവൈ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ ഐഡിയ-വോഡഫോണ്‍ കരാര്‍ ഒഴികെ മൊത്തം 4.4 ബില്യണ്‍ ഡോറിന്റെ കരാറുകളിലാണ് ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ ധാരണയായിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 12.9 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഇവൈയുടെ ട്രാന്‍സാക്ഷന്‍ ക്വാര്‍ട്ടേളി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ സാധ്യതകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ആരോഗ്യകരമായ പ്രകടനം നടത്തുന്ന മൂലധന വിപണിയും ലയന-ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇവൈ പാര്‍ട്ണറും ട്രാന്‍സാക്ഷന്‍ അഡൈ്വസറി സര്‍വീസസ് നാഷണല്‍ ഡയറക്റ്ററുമായ അമിത് ഖണ്ഡേല്‍വാള്‍ പറഞ്ഞു.

ആഗോള തലത്തിലെ വിവിധ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആഗോള കമ്പനികള്‍ ഇത്തരം ഏറ്റെടുക്കലുകളില്‍ കൂടുതല്‍ സെലക്റ്റിന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ ബിസിനസിലുള്ള അവരുടെ താല്‍പ്പര്യം നിലനില്‍ക്കുമെന്നും ഖണ്ഡേല്‍വാള്‍ പറഞ്ഞു. യുഎസിനും യുറോപ്യന്‍ വിപണിക്കും പുറത്തുമുള്ള വളര്‍ച്ചാ സാധ്യതകളില്‍ ആഗോള കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യും. നാനാവിധത്തിലുള്ള വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യ, റിട്ടെയ്ല്‍-കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഏകീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങള്‍. ടെലികോം രംഗത്ത വരാനിരിക്കുന്ന ഏകീകരണ തരംഗത്തിന്റെ പ്രതിഫലനമാണ് ഐഡിയ-വോഡഫോണ്‍ ലയനമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments