ഐകിയയ്ക്ക് ത്രിതല വിപണന തന്ത്രം: ജുവെന്‍സിയോ മെറ്റ്‌സു

ഐകിയയ്ക്ക് ത്രിതല  വിപണന തന്ത്രം:  ജുവെന്‍സിയോ മെറ്റ്‌സു
വലിയ സ്റ്റോറുകളിലൂടെ ഇന്ത്യയില്‍ ബ്രാന്‍ഡിംഗ് സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണന 

ബെംഗളൂരു: സ്വീഡിഷ് ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ കമ്പനി ഐകിയ രാജ്യത്ത് മൂന്ന് ഘട്ടങ്ങളായുള്ള വിപണന തന്ത്രം പിന്തുടരുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടിവ് ജുവെന്‍സിയോ മെറ്റ്‌സു പറഞ്ഞു. വലിയ സ്റ്റോറുകളിലൂടെ ഇന്ത്യയില്‍ ബ്രാന്‍ഡിംഗ് സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും റീട്ടെയ്ല്‍ വില്‍പ്പനയ്ക്ക് വലിയ ഊന്നല്‍ നല്‍കുന്ന കമ്പനികള്‍ക്ക് ഇത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ഘട്ടത്തില്‍ ഐകിയ സ്റ്റോറുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ പുതിയ രൂപഘടനകള്‍ വെച്ച് പരീക്ഷണം നടത്തും. മറ്റ് രാജ്യങ്ങളില്‍ ചെറിയ സ്റ്റോറുകള്‍, പോപ്പ്അപ്പ് സ്റ്റോറുകള്‍ അല്ലെങ്കില്‍ മറ്റ് തരത്തിലെ ഔട്ട്‌ലെറ്റുകള്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. ഇത്തരത്തിലെ സ്റ്റോറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി-ഐകിയ ബെംഗളൂരുവില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മെറ്റ്‌സു പറഞ്ഞു.

ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് 49 ഇന്ത്യന്‍ നഗരങ്ങളാണ് ഐകിയ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ ഡിസംബറില്‍ തുറക്കുമെന്ന് കരുതുന്നു. നവി മുംബൈയില്‍ സ്‌റ്റോര്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ഷോപ്പിംഗിന്റെ വളര്‍ച്ചയും ഐകിയ സ്റ്റോറുകളില്‍ ലഭ്യമാകുന്ന വൈവിധ്യ പൂര്‍ണമായ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ വലിയതോതില്‍ ആകര്‍ഷിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കുടുംബങ്ങള്‍ ഷോപ്പിംഗിന് ചെലവഴിക്കുന്ന സമയം വര്‍ധിച്ചിട്ടുണ്ട്. ആഴ്ചയുടെ അവസാന ദിനങ്ങളില്‍ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അവര്‍ ഷോപ്പിംഗിന് മാറ്റിവയ്ക്കുന്നു. മാളുകള്‍ തേടി പത്ത് കിലോമീറ്റര്‍ വരെ പോകാനും അവര്‍ക്ക് മടിയില്ല. ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍, ഇന്ത്യയില്‍ കണ്ട് പരിചയമില്ലാത്ത വൈവിധ്യ പൂര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഐകിയയ്ക്ക് കീഴിലുണ്ട്- ഓഡിറ്റിംഗ് കമ്പനി കെപിഎംജിയുടെ ഇന്ത്യന്‍ പങ്കാളി ശ്രീധര്‍ പ്രസാദ് പറഞ്ഞു.

പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് ഐകിയ ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ബില്ലി ബുക്ക്‌കെയ്‌സുകള്‍ക്കൊപ്പം പ്രഷര്‍ കുക്കറും നല്‍കി വരുന്നു. ഇത് കൂടാതെ, മുംബൈ, ഹൈദരാബാദ് എന്നിവ പോലുള്ള നഗരങ്ങളില്‍ തയ്യല്‍ കടകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇന്ത്യയിലെ 500ല്‍ അധികം വീടുകള്‍ സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത സംബന്ധിച്ച് ഗവേഷണം നടത്തിയതായും ഐകിയ അറിയിച്ചു.

Comments

comments

Categories: Business & Economy