ഐഎഫ്‌സിയില്‍ നിന്ന് ജെകെ പേപ്പര്‍ 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കും

ഐഎഫ്‌സിയില്‍ നിന്ന് ജെകെ പേപ്പര്‍ 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കും
ജെകെ പേപ്പറിന്റെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും ബാലന്‍സ്ഷീറ്റ് 
പുനക്രമീകരിക്കുന്നതിനും നിക്ഷേപ സമാഹരണം സഹായകരമാകുമെന്ന് കരുതപ്പെടുന്നു

മുംബൈ: ലോകബാങ്കിനു കീഴിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനി(ഐഎഫ്‌സി)ല്‍ നിന്ന് പ്രമുഖ പേപ്പര്‍ നിര്‍മാണ കമ്പനിയായ ജെകെ പേപ്പര്‍ 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. ജെകെ പേപ്പറിന്റെ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ് (ഓഹരി, ബോണ്ട് എന്നിവയായി മാറ്റാന്‍ കഴിയാത്ത ഡിബഞ്ചറുകള്‍), ഐഎഫ്‌സി വാങ്ങും. ജെകെ പേപ്പറിന്റെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും ബാലന്‍സ്ഷീറ്റ് പുനക്രമീകരിക്കുന്നതിനും നിക്ഷേപ സമാഹരണം സഹായകരമാകുമെന്ന് കരുതപ്പെടുന്നു.

2006ല്‍ ജെകെ പേപ്പറിന്റെ 10 ശതമാനം ഓഹരികള്‍ക്കായി ഐഎഫ്‌സി ഏകദേശം 50 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഓഫീസ് പേപ്പര്‍, പാക്കിംഗ് ബോര്‍ഡ്, പ്രിന്റിംഗ്, റൈറ്റിംഗ് പേപ്പര്‍, സ്‌പെഷാലിറ്റി പേപ്പര്‍ തുടങ്ങിയവ ജെകെ പേപ്പര്‍ നിര്‍മിക്കുന്നുണ്ട്. പ്രൊമോട്ടര്‍ ഗ്രൂപ്പിന് കമ്പനിയില്‍ 54.99 ശതമാനം ഓഹരിഉടമസ്ഥതയുണ്ട്. ബാക്കിയുള്ള ഓഹരികള്‍ പൊതു പങ്കാളികളുടെ കൈവശമാണ്.

100 മില്ല്യണ്‍ ഡോളര്‍ ചെലവാക്കി ഒഡീഷയില്‍ ജെകെ പേപ്പര്‍മില്‍സും ഗുജറാത്തില്‍ സെന്‍ട്രല്‍ പള്‍പ് മില്‍സും സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ് കമ്പനി. ഈ പദ്ധതികളിലൂടെ ജെകെ പേപ്പറിന്റെ ശേഷിയും കാര്യക്ഷമതയും മികച്ചതാക്കാനാവും. ഇപ്പോഴത്തെ വായ്പ ഉപയോഗിച്ച് രണ്ട് പ്ലാന്റുകളുടെയും മൂലധനചെലവ് നടത്താനാണ് കമ്പനിയുടെ പദ്ധതി.

പുതിയ നിക്ഷേപത്തില്‍ പദ്ധതി ചെലവിന് എത്രതുക വേണ്ടിവരുമെന്ന് കമ്പനി ഇതുവരെ കണക്കെടുത്തിട്ടില്ല. നിശ്ചിത തുക ഇതിലേക്ക് മാറ്റിവെയ്ക്കാനാവില്ല. പക്ഷേ, മൊത്തം ചെലവ് ഗണ്യമായി ലാഭിക്കാന്‍ ഫണ്ട് സഹായകരമാകും- ജെകെ പേപ്പറിന്റെ പ്രസിഡന്റായ എ എസ് മെഹ്ത പറഞ്ഞു. നിലവില്‍ കമ്പനി 100 ശതമാനം ശേഷി വിനിയോഗിക്കുന്നു. പേപ്പര്‍ വ്യവസായത്തില്‍ ഏറ്റെടുക്കലുകള്‍ക്കും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബി കെ ബിര്‍ളാ ഗ്രൂപ്പിന്റെ ഭാഗമായ സെഞ്ച്വറി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (സിടിഐഎല്‍) തങ്ങളുടെ പേപ്പര്‍ ബിസിനസ് ജെകെ പേപ്പറിന് വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പേപ്പര്‍ നിര്‍മാതാക്കളിലൊന്നായ ജെകെ പേപ്പറിന് പ്രതിവര്‍ഷം 4,55,000 ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്. സിടിഐഎല്ലുമായുള്ള കരാര്‍ വിപണി വിഹിതം ശക്തിപ്പെടുത്താന്‍ കമ്പനിയെ സഹായിക്കും. റൈറ്റിംഗ് ആന്‍ഡ് പ്രിന്റിംഗ് പേപ്പറിന്റെ നിര്‍മാതാക്കളായ ബല്ലാപ്പൂര്‍ ഇന്‍ഡസ്ട്രീസും മഹാരാഷ്ട്രയിലെ ബല്ലാപ്പൂരിലേയും അസ്തിയിലേയും രണ്ട് യൂണിറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ജെകെ പേപ്പറുമായി നവംബറില്‍ ചര്‍ച്ച നടത്തുകയുണ്ടായി. പള്‍പ്പ്, പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, ഇതര പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന രണ്ട് ഫാക്റ്ററികള്‍ ഏറ്റെടുക്കുന്നതിന് ജെകെ പേപ്പര്‍ സന്നദ്ധത അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy