സ്‌നാപ്ഡീല്‍ വാങ്ങുന്നതിനുള്ള ഉടമ്പടി പത്രികയില്‍ ഫഌപ്കാര്‍ട്ട് ഒപ്പുവെച്ചു

സ്‌നാപ്ഡീല്‍ വാങ്ങുന്നതിനുള്ള ഉടമ്പടി പത്രികയില്‍ ഫഌപ്കാര്‍ട്ട് ഒപ്പുവെച്ചു
അന്തിമ കരാര്‍ രണ്ടുമാസത്തിനുള്ളില്‍ ഉണ്ടായേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ് ദാതാക്കളായ ഫഌപ്കാര്‍ട്ട് മുഖ്യഎതിരാളിയായ സ്‌നാപ്ഡിലിനെ വാങ്ങുന്നതിനുള്ള ഉടമ്പടി പത്രികയില്‍ ഒപ്പുവെച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്‌നാപ്ഡീലിന്റെ വാണിജ്യ, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഫഌപ്കാര്‍ട്ട് ഏറ്റെടുക്കുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗുഡ്ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീലിനെ വാങ്ങാന്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനമാണ് ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. സ്‌നാപ്ഡീലിന്റെ കണക്കുപുസ്തകത്തില്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം ഫഌപ്കാര്‍ട്ട് അന്തിമ വിലനിര്‍ണയം നടത്തും. എന്നാല്‍ ഇതിന് 6-8 ആഴ്ചകള്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വില്‍പ്പനയ്ക്ക് ആദ്യം മുതല്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സ്‌നാപ്ഡീലിലെ ആദ്യകാല നിക്ഷേപകരായ നെക്‌സസ് വെഞ്ച്വേഴ്‌സ് അനുകൂല തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങിയത്. സ്‌നാപ്ഡീലില്‍ 43 മില്യണ്‍ ഡോളര്‍- 45 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുള്ള നെക്‌സസ് 10 ശതമാനം ഓഹരികളാണ് കമ്പനിയില്‍ കൈവശം വച്ചിരിക്കുന്നത്. വില്‍പ്പന നടന്നാല്‍ ഇതിന് പകരമായി 60 മില്യണ്‍ ഡോളര്‍ നെക്‌സസിന് ലഭിക്കും. എന്നാല്‍ ഈ തുക മുഴുവന്‍ പണമായാണോ ഓഹരി ആയാണോ ലഭിക്കുകയെന്ന് വ്യക്തമല്ല.

സ്‌നാപ്ഡീലിലെ മറ്റൊരു പ്രധാന നിക്ഷേപകരും ബോര്‍ഡ് അംഗങ്ങളുമായ കലാരി കാപിറ്റല്‍ കൈവശം വെച്ചിരിക്കുന്ന 8 ശതമാനം ഓഹരികള്‍ക്ക് പകരം 30 മില്യണ്‍ ഡോളര്‍ വില്‍പ്പനയില്‍ നിന്ന് ലഭിക്കും. സ്‌നാപ്ഡീല്‍ സ്ഥാപകരായ കുനാല്‍ ബഹലിനും രോഹിത് ബന്‍സാലിനും കൂടി 30 ബില്യണ്‍ ഡോളര്‍ ലഭിക്കും. സ്‌നാപ്ഡീലിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരായ സോഫ്റ്റ്ബാങ്കാണ് വില്‍പ്പനയ്ക്കായി മുന്‍കൈ എടുത്തത്. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി, ഒന്റാറിയോ ടീച്ചേഴ്‌സ് പെന്‍ഷന്‍ പ്ലാന്‍, ഇബേ, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, ആലിബാബ ഗ്രൂപ്പ്, ബ്ലാക്ക്‌റോക്ക്, രത്തന്‍ ടാറ്റ, ടൈബോണ്‍ കാപിറ്റല്‍, മരിയഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങി 20ല്‍ അധികം നിക്ഷേപകര്‍ സ്‌നാപിഡീലിന്റെ മൂലധന പട്ടികയിലുണ്ട്.

152 കോടി രൂപ സ്‌നാപ്ഡീലില്‍ നിക്ഷേപമുള്ള അസിം പ്രേംജിയുടെ നേതൃത്വത്തിലുള്ള പ്രേംജി ഇന്‍വെസ്റ്റ്‌മെന്റ് 1.17 ശതമാനം ഓഹരികളാണ് കമ്പനിയില്‍ കൈവശം വച്ചിരിക്കുന്നത്. ഫഌപ്കാര്‍ട്ടിന് സ്‌നാപ്ഡീല്‍ വില്‍ക്കാനുള്ള നീക്കം സംബന്ധിച്ചും അതുപോലെ തന്നെ ന്യൂനപക്ഷ ഓഹരിയുടമകളുടെ അവകാശം സംബന്ധിച്ചും കൂടുതല്‍ വ്യക്തത നല്‍കണമെന്ന് പ്രേംജി ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലിബാബ, ഫോക്‌സ്‌കോണ്‍ എന്നീ നിക്ഷേപകരുമായി ദീര്‍ഘകാല ബന്ധം സോഫ്റ്റ്ബാങ്കിനുണ്ട്. വില്‍പ്പന സംബന്ധിച്ച കാര്യങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തിയിട്ടുള്ളതിനാല്‍ മറ്റ് എതിര്‍പ്പുകള്‍ ഉയരുമെന്ന് സോഫ്റ്റ്ബാങ്ക് പ്രതീക്ഷിക്കുന്നുമില്ല.

Comments

comments