ഫോസില്‍ ഇന്ധനങ്ങള്‍ക്കുമേല്‍ ഉയരുന്ന ഇലക്ട്രിക് വിപ്ലവം

ഫോസില്‍ ഇന്ധനങ്ങള്‍ക്കുമേല്‍ ഉയരുന്ന ഇലക്ട്രിക് വിപ്ലവം
ഡ്രൈവറില്ലാ കാറുകളടക്കം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ പെട്രോള്‍, 
ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് തുടച്ചു നീക്കപ്പെടും. പകരം 
അന്തരീക്ഷമലിനീകരണം കുറയ്ക്കുന്ന, അതിജീവനശേഷി കൂടുതലുള്ള വാഹനങ്ങളാകും 
പുറത്തിറങ്ങുക

പെട്രോളും ഡീസലും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അധികമൊന്നും അടുത്ത എട്ടു വര്‍ഷത്തിനിടയില്‍ ലോകത്ത് ഒരിടത്തും വില്‍പ്പന ചെയ്യപ്പെടാന്‍ സാധ്യതയില്ല. കരയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും വൈദ്യുതീകരിക്കപ്പെടും. വിപണി പൂര്‍ണ്ണമായും ഇത്തരത്തിലുള്ള വാഹനങ്ങളിലേക്ക് ചുവടുമാറുന്നത് ഇന്ധനവില ഇടിയുന്നതിന് കാരണമാകും. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി കണ്ടുവരുന്ന പെട്രോളിയം വ്യവസായം ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും ഇത് നയിക്കുക. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ടോണി സെബയുടെ ഭാവിയെകുറിച്ചുള്ള പ്രവചനമാണ് ഇത്. ‘റീതിങ്കിംഗ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ 2020-2030’ എന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. ഇതിനോടകം വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമുറപ്പിച്ച വ്യവസായങ്ങള്‍ക്കിടയില്‍ ഇത് ഉല്‍ക്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

സെല്‍ഫ് ഡ്രൈവ് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ആളുകള്‍ ഡ്രൈവിംഗ് തന്നെ ഉപേക്ഷിക്കുമെന്നാണ് സെബയുടെ അഭിപ്രായം. ആളുകള്‍ ഇത്തരം വാഹനങ്ങളിലേക്ക് മാറുമെന്ന് അദ്ദേഹം പറയുന്നു. ഫോസില്‍ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളേക്കാള്‍ പത്ത് മടങ്ങ് ചെലവ് ചുരുങ്ങിയവയാണ് ഇവ. ഒരു ദശലക്ഷം മൈല്‍ വരെ അതിജീവനശേഷിയും പൂജ്യത്തിലേക്കു താഴുന്ന ഇന്ധനച്ചെലവും ആകര്‍ഷക ഘടകങ്ങളാണ്. ഗതകാല സ്മരണകളില്‍ കഴിയുന്നവര്‍ മാത്രമേ കാര്‍ സ്വന്തമാക്കുകയെന്ന ശീലം തുടരുകയുള്ളൂ. മറ്റുള്ളവര്‍ ടാക്‌സികള്‍ ഉപയോഗിക്കുന്ന രീതി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുന്നു. പെട്രോള്‍ പമ്പുകള്‍, ഇന്ധനവാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്ടുകള്‍ തുടങ്ങി വാഹനം നന്നാക്കാനുള്ള ആളെ കണ്ടുപിടിക്കുന്നതുവരെ പ്രയാസകരമായി മാറും. 2024-ഓടെ വാഹന ഡീലര്‍മാരും അപ്രത്യക്ഷരാകും.

മനുഷ്യര്‍ വാഹനമോടിക്കുന്നതിലെ അപകടം മനസ്സിലാക്കുന്നതോടെ നഗരങ്ങള്‍ ഡ്രൈവര്‍കാറുകള്‍ നിരോധിച്ചുതുടങ്ങും. ഈ പ്രവണത പിന്നീട് ഗ്രാമപ്രദേശങ്ങളിലേക്കും കടക്കും. നിരത്തുകള്‍ കൈയടക്കിയിരിക്കുന്ന വാഹനങ്ങള്‍ കൂട്ടമായി നിശ്ചലമായി കിടക്കുന്ന കാഴ്ചയായിരിക്കും കാണാനാകുക. പഴയ വാഹനത്തെ ഒഴിവാക്കുന്നതിന് പണം നല്‍കേണ്ട അവസ്ഥയിലേക്ക് നീങ്ങും. വന്‍കിട എണ്ണക്കമ്പനികള്‍ക്കും വാഹനനിര്‍മാതാക്കള്‍ക്കും ഇതൊരു കനത്ത തിരിച്ചടിയായിരിക്കും. ഒരു ബാരല്‍ എണ്ണയുടെ വില 25 യുഎസ് ഡോളറായി കുറയും. മുന്‍നിര എണ്ണഉല്‍പ്പാദകരായ റഷ്യ, സൗദി അറേബ്യ, നൈജീരിയ, വെനെസ്വെല എന്നീ രാജ്യങ്ങള്‍ക്ക് ഇത് കനത്ത പ്രഹരമായിരിക്കും. ഫോര്‍ഡിന്റെയും ജനറല്‍ മോട്ടോഴ്‌സിന്റെയും ജര്‍മന്‍ കാര്‍വ്യവസായത്തിന്റെയും നിലനില്‍പ്പിന് ഇത് ഭീഷണി ഉയര്‍ത്തും. ഇവര്‍ക്കു മുമ്പില്‍ രണ്ട് വഴികളാണ് അവശേഷിക്കുക. ഒന്ന് ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ ലാഭം മാത്രം പ്രതീക്ഷിച്ചു നിര്‍മ്മിക്കുക അല്ലെങ്കില്‍ സ്വയം നിയന്ത്രിക്കാവുന്ന വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് അടിമുടി ചുവടു മാറ്റുക.

പുതുതലമുറ കാറുകളുടെ സഞ്ചാരം നിയന്ത്രിക്കുക കംപ്യൂട്ടറുകളായിരിക്കും. ഇതു സംബന്ധിച്ച ഗവേഷണങ്ങളില്‍ ഗൂഗിളിനും ആപ്പിളിനും ഫോക്‌സ്‌കോണിനും മുന്‍തൂക്കമുണ്ട്, അവര്‍ കുതിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വാഹനരംഗത്തെ ഈ മാറ്റത്തിന്റെ കേന്ദ്രം ഡെട്രോയിറ്റോ വോള്‍ഫ്‌സ്ബര്‍ഗോ ടൊയോട്ട സിറ്റിയോ ആയിരിക്കില്ല, സിലിക്കണ്‍ വാലിയായിരിക്കും. ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന് പിന്നില്‍ കാലാവസ്ഥാനയങ്ങളല്ല മറിച്ച്, സാങ്കേതികവിദ്യകളായിരിക്കും ഉണ്ടാകുകയെന്നാണ് സേബയുടെ അഭിപ്രായം. ഗതാഗതചരിത്രത്തിലെ ഏറ്റവും വേഗതയേറിയ, ആഴത്തിലുള്ള, ഒരുപാട് പ്രത്യാഘാതങ്ങളുണ്ടായേക്കാവുന്ന ഒരു മാറ്റത്തിന്റെ തുമ്പത്തെത്തിനില്‍ക്കുകയാണ് നമ്മളിപ്പോള്‍.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി അതിജീവന പരിധി 200 മൈല്‍ കടക്കുകയും ഇലക്ട്രിക് കാറുകളുടെ വില യുഎസ്സില്‍ 30,000 ഡോളറായി കുറയുകയും ചെയ്യുമ്പോള്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന അതിന്റെ ഉന്നതിയില്‍ എത്താന്‍ തുടങ്ങും. 2022 ആകുമ്പോഴേക്കും ഇലക്ട്രിക് ഇതര മോഡലുകളുടെ വില 20,000 യുഎസ് ഡോളറിലേക്ക് താഴും. ഈ ഒരു ഘട്ടം കൂടി കഴിഞ്ഞാല്‍ ഇത്തരം കാറുകള്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടും. 2025- ഓടെ ബസ്, കാര്‍, ട്രാക്റ്റര്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് ഓപ്പറേഷനിലേക്കു മാറും. 2020- ല്‍ ആഗോള തലത്തിലെ എണ്ണയുടെ ആവശ്യം പ്രതിദിനം 100 മില്ല്യണ്‍ ബാരല്‍ ആകുമെങ്കില്‍ 2030- ല്‍ ഇത് 70 മില്ല്യണ്‍ ബാരലായി കുറയും. രാസ വ്യവസായങ്ങളിലും വ്യോമയാന രംഗത്തുമായിരിക്കും എണ്ണയുടെ ആവശ്യം കൂടുതല്‍ വേണ്ടിവരുക.

ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ അവശേഷിക്കുന്ന സ്‌റ്റോക്ക് തീരുന്നതിന് സമയമെടുക്കുമെങ്കിലും 2030-ല്‍ യുഎസില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 95 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. കുറഞ്ഞ ചെലവ്, സൗകര്യം, കാര്യക്ഷമത തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് വാഹങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍. റോഡ് ഗതാഗതത്തിനായുള്ള എണ്ണ ഉപയോഗം പ്രതിദിനം എട്ട് മില്ല്യണ്‍ ബാരല്‍ എന്നതില്‍ നിന്ന് ഒരു മില്ല്യണിലേക്ക് കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവും 90 ശതമാനമായി കുറയും. വാഹനങ്ങളില്‍ മാറ്റം വരുത്തുന്നതോടെ ഒരു ശരാശരി അമേരിക്കന്‍ കുടുംബം പ്രതിവര്‍ഷം 5,600 ഡോളര്‍ ലാഭിക്കും. ഇന്ധന നികുതിയിനത്തില്‍ യുഎസ് സര്‍ക്കാരിന് പ്രതിവര്‍ഷം 50 ബില്ല്യണ്‍ ഡോളര്‍ നഷ്ടമാകും. നിലവിലെ വാഹനങ്ങളുടെയും എണ്ണയുടെയും വിതരണശൃംഖലകളില്‍ നാടകീയമായ സങ്കോചമുണ്ടാകുമെന്നാണ് ഗവേഷണങ്ങളും മറ്റ് വിശകലനങ്ങളും വ്യക്തമാക്കുന്നത്. വാര്‍ഷികവരുമാനത്തില്‍ 10 ട്രില്ല്യണ്‍ ഡോളറിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.

ചില രാജ്യങ്ങളും കമ്പനികളും തങ്ങളുടെ എണ്ണനിര്‍മാണം പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നതിന് സാക്ഷികളാകും. എക്‌സോണ്‍-മൊബില്‍, ഷെല്‍, ബിപി തുടങ്ങിയവരുടെ 40- 50 ശതമാനം ആസ്തി നിശ്ചലമാകും. 2032- ഓടെ എല്ലാ പെട്രോള്‍, ഡീസല്‍ കാറുകളും നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികള്‍ മെനയുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘത്തിന്റെയും ലക്ഷ്യം മലിനീകരണം കുറയ്ക്കുക എന്നതും ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ്. ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ വിപണി ഈ മാറ്റം ഏറ്റെടുക്കും എന്നതാണ് വാസ്തവം.

ഇന്ത്യയ്ക്ക് സമാന്തരമായി ചൈനയും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ മുമ്പോട്ട് നീങ്ങുന്നുണ്ട്. 2025-ഓടെ ഏഴ് മില്ല്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നാണ് ചൈനയുടെ ലക്ഷ്യം. പിന്‍വലിക്കാനാകാത്ത ഒന്നാണ് ഈ പ്രവണതയെന്നാണ് ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാവായ ബി വൈ ഡിയുടെ മേധാവി വാംഗ് ചുവാന്‍ഫു പറയുന്നത്. അതേസമയം, ആഗോള കപ്പല്‍ ഗതാഗതനിയമങ്ങള്‍ കാര്‍ഗോ നീക്കത്തിന് ശുദ്ധമല്ലാത്ത സള്‍ഫര്‍ ഓയില്‍ ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടു വരുന്നുണ്ട്. കപ്പല്‍ ഇന്ധനമെന്ന നിലയില്‍ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗം വ്യാപകമാക്കാനുള്ള നീക്കമാണിത്. സൗദി അറേബ്യയും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടന ഒപെകും ചിന്തിച്ചിരുന്നതിനേക്കാള്‍ വേഗത്തിലാണ് എല്ലാം സംഭവിക്കുന്നത്.

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിക്കുമെന്നാണ് സെബാ അഭിപ്രായപ്പെടുന്നത്. ഇന്ന് നിരത്തിലുള്ള കാറുകളെക്കാള്‍ ഉയര്‍ന്ന രീതിയില്‍ ഇവ പ്രവര്‍ത്തിക്കും. ഇത്തരത്തിലുള്ള എല്ലാ കാറുകളുടെയും അതിജീവന കാലയളവ് 500,000 മുതല്‍ ഒരു മില്ല്യണ്‍ മൈല്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ നാല് മടങ്ങ് അധിക കാര്യക്ഷമത ഉളളവയാണ് ഇലക്ട്രിക് വാഹനങ്ങളെന്നത് വളരെക്കാലങ്ങളായി അറിയുന്ന വസ്തുതയാണ്. ഇപ്പോള്‍ നിരത്തുകള്‍ കീഴടക്കിയിരിക്കുന്ന ഇന്ധനവാഹനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് മത്സരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. മുമ്പ് ഫിലിം കാമറകള്‍ക്കുണ്ടായ അതേ അവസ്ഥയായിരിക്കും വാഹനങ്ങളുടെ കാര്യത്തിലും സംഭവിക്കുക. ഇലക്ട്രിക് കാറുകളുടെ സ്വാധീനം സാദാ കാറുകളില്‍ മാത്രമല്ല നിഴലിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ യുഎസിലെ വൈദ്യുതി ആവശ്യം 18 ശതമാനം ഉയര്‍ത്തും. സപ്ലൈ കൂടുന്ന സമയത്ത് വൈദ്യുതി ശേഖരിച്ച് വയ്ക്കുകയും ആവശ്യം ഉയരുമ്പോള്‍ അത് ലഭ്യമാക്കുകയുമെന്ന ആശയമാണ് പിന്തുടരുക.

Comments

comments

Categories: Auto, FK Special