ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചൈനീസ് കമ്പനികള്‍ എത്തും: ജാഡോപാഡോ സ്ഥാപകന്‍

ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചൈനീസ് കമ്പനികള്‍ എത്തും: ജാഡോപാഡോ സ്ഥാപകന്‍
നൂണ്‍ ഡോട്ട് കോമിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തുനിന്ന് ഒമര്‍ കാസ്സിം 
രാജിവെച്ചു

ദുബായ്: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ മിഡില്‍ ഈസ്റ്റിലേക്ക് എത്തിയതോടെ മേഖലയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ഈ വര്‍ഷം മത്സരം ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. ഓണ്‍ലൈന്‍ മാര്‍ക്കറ്റിലേക്ക് വമ്പന്‍ ചൈനീസ് കമ്പനികള്‍ കൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ജാഡോപാഡോയുടെ മുന്‍ സിഇഒ ഒമര്‍ കാസ്സിം പറഞ്ഞു.

ജാഡോപാഡോയുടെ സ്ഥാപകന്‍ കാസ്സിം പ്രമുഖ വ്യവസായിയായ മൊഹമ്മദ് അലബ്ബാറിന്റെ പുതിയ സംരംഭമായ നൂണ്‍ ഡോട്ട് കോമിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തുനിന്നു രാജിവെച്ചു. ജാഡോപാഡോയെ മൊഹമ്മദ് അലബ്ബാറിന്റെ നേതൃത്വത്തിലുള്ള ടെക്‌നോളജി ഫണ്ട് ഏറ്റെടുത്തതോടെ ഒമര്‍ കാസ്സിം നൂണിന്റെ ഭാഗമായത്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്ന് രൂപീകരിക്കുന്ന നൂണിനായി ഒരു ബില്യണ്‍ ഡോളറാണ് മുടക്കിയിരിക്കുന്നത്. സൗക് ഡോട്ട് കോമിനെ ഏറ്റെടുക്കാനുള്ള അവസാനഘട്ടത്തില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അലബ്ബാര്‍ ഈ മാസം ജാഡോപാഡോയെ ഏറ്റെടുത്തത്.

നൂണില്‍ നിന്ന് പുറത്തുപോവുകയാണെന്ന് അറിയിച്ച അലബ്ബാര്‍ ലോകനിലവാരത്തിലുള്ള സ്ഥാപനത്തിന് രൂപം നല്‍കുന്ന മുഴുവന്‍ ടീമിനും ആശംസകള്‍ നേര്‍ന്നു. മേഖലയെ പ്രധാന മാര്‍ക്കറ്റായി കണക്കാക്കി ലോകത്തിലെ പ്രധാന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്കെത്തുന്നത് മാര്‍ക്കറ്റിന് കൂടുതല്‍ ഉണര്‍വേകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗക് ഡോട്ട് കോമിനെ ഏറ്റെടുത്തുകൊണ്ടുള്ള ആമസോണിന്റെ വരവാണ് മേഖലയിലെ ഇ-കൊമേഴ്‌സ് മേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നതെന്ന് കാസ്സിം. മിഡില്‍ ഈസ്റ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി നിരവധി ചൈനീസ് കമ്പനികള്‍ രംഗത്തുണ്ടെന്നും മേഖലയിലേക്ക് എങ്ങനെ കടക്കും എന്ന ചിന്തയിലാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ പ്രാദേശിക ഇ-കൊമേഴ്‌സ് മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പദ്ധതിയുണ്ടെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. എന്നാല്‍ കമ്പനിയുടെ സഹസ്ഥാപനമായ അലിയുന്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്.

ജാഡോപാഡോയിലെ മുന്‍ ജീവനക്കാര്‍ ഇപ്പോള്‍ നൂണ്‍ ഡോട്ട് കോമിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. മാര്‍ക്കറ്റ്‌പ്ലേസ്, ഫുഡ് കൊമേഴ്‌സ്, പേയ്‌മെന്റ്, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പുതിയ പദ്ധതികളിലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ-കൊമേഴ്‌സ് ബിസിനസ്സിലേക്ക് തിരികെവരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കാസ്സിം തയ്യാറായില്ല. ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവന്റെ റിപ്പോര്‍ട്ടനുസരിച്ച് മേഖലയില്‍ ഇ-കൊമേഴ്‌സ് രംഗത്തിന്റെ മൂല്യം 2018 ല്‍ 10 ബില്യണ്‍ ഡോളറായി വര്‍ധിക്കും. 2014 ല്‍ ഇത് 2.5 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

Comments

comments

Categories: World