ബോക്‌സ്8 ഏഴ് കോടി രൂപ സമാഹരിച്ചു

ബോക്‌സ്8 ഏഴ് കോടി രൂപ സമാഹരിച്ചു

ന്യൂഡെല്‍ഹി: പോന്‍ചോ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബോക്‌സ്8 ഏഴ് കോടി രൂപ (വെഞ്ച്വര്‍ ഡെബ്റ്റ്) സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഐഐഎഫ്എല്‍ സീഡ് വെഞ്ച്വേഴ്‌സ് ഫണ്ടില്‍ നിന്നും നിലവിലെ നിക്ഷേപകരായ മെയ്ഫീല്‍ഡ് ഫണ്ടില്‍ നിന്നുമായി 50 കോടി രൂപയുടെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.

മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നതും അതവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമായ ബോക്‌സ്8 2012ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍ വേഗത്തില്‍ എത്തിച്ചുകൊടുക്കുന്ന ഒരു റെസ്റ്റോറന്റ് ആയിട്ടായിരുന്നു കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് ഇന്ത്യന്‍ ഭക്ഷണത്തിലേക്ക് മാറ്റുകയും 2014 ജനുവരിയില്‍ ഇപ്പോഴത്തെ ബ്രാന്‍ഡാക്കി മാറ്റുകയുമായിരുന്നു.

ബാങ്കില്‍ നിന്നും പണം വായ്പയെടുക്കുന്നത് സാധ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ വെഞ്ച്വര്‍ ഡെബ്റ്റ് പോലുള്ള നിക്ഷേപരീതികളാണ് സഹായകമാകുന്നത്- ബോക്‌സ്8 സഹസ്ഥാപകന്‍ അമിത് രാജ് പറഞ്ഞു. ഓഹരി കുറക്കാതെയുള്ള സമാഹരണരീതിയാണിത്. ഞങ്ങളുടെ സാമ്പത്തിക ഘടനയില്‍ പണം ബാക്കിവെക്കുന്നതിന് ഇത് സഹായിക്കം. എന്നാല്‍ അതേ സമയം കമ്പനിക്ക് മികച്ച വളര്‍ച്ച സ്വന്തമാക്കുന്നതിനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ഇപ്പോഴത്തെ വിപണികളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും മറ്റ് സിറ്റികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമാകും ഇവര്‍ ഈ നിക്ഷേപം വിനിയോഗിക്കുക. അടുത്ത മാസം ദേശീയ തലസ്ഥാനഭാഗത്ത് ഉള്‍പ്പെടുന്ന ഗുരുഗ്രാമിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പിന്നീട് തുടര്‍മാസങ്ങളില്‍ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും കമ്പനി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കും. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നതിന് പകരമുള്ള മറ്റൊരു മാര്‍ഗമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ഡെബ്റ്റ് ലഭിക്കുന്നതെന്നാണ് അടുത്തിടെ നടന്ന ഇടപാടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് സ്ഥാപനമായ ഷോപ്ക്ലൂസ് ഇന്നൊവെന്‍ ക്യാപിറ്റലില്‍ നിന്നും 50 കോടി രൂപയും മാര്‍ച്ച് മാസത്തില്‍ ബിഗ്ബാസ്‌ക്കറ്റ് 45 കോടി രൂപയും ഇത്തരത്തില്‍ സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy