പുതിയ ഫീച്ചറുകളോടു കൂടി ബൈജൂസ് ആപ്പ്

പുതിയ ഫീച്ചറുകളോടു കൂടി ബൈജൂസ് ആപ്പ്

ബെംഗളൂരു: 2016-17 സാമ്പത്തിക വര്‍ഷം അവസാനപാദത്തില്‍ തങ്ങള്‍ ലാഭം നേടിയെന്ന് എജ്യുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പ്് വ്യക്തമാക്കി. ഈ നാഴികക്കല്ല് പിന്നിടുന്ന തുടക്കക്കാരായ കമ്പനികളിലൊന്നായി ബൈജൂസ് ഇതോടെ മാറി. ഈ വര്‍ഷം മികച്ചലാഭം നേടുന്ന ഒരു കമ്പനിയായി ബൈജൂസ് മാറുമെന്ന് കമ്പനിയുടെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു. മാത്രവുമല്ല, എത്രയും പെട്ടെന്ന് യുണികോണ്‍ ആയി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ബൈജൂസ്. ഒരു ബില്ല്യണോ അതിലധികമോ മൂല്യമുള്ള സ്വകാര്യ കമ്പനികളാണ് യുണികോണുകള്‍.

2016-17 സാമ്പത്തികവര്‍ഷം 260 കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്. മുന്‍വര്‍ഷം ലഭിച്ച 115 കോടി രൂപയേക്കാള്‍ അധികം തുകയുടെ വരുമാനം ഈ എജ്യുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം നേടിയെടുത്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ നഷ്ടം 15 കോടി രൂപ മാത്രമായിരുന്നുവെന്ന് ബൈജു വ്യക്തമാക്കി. ഉടന്‍തന്നെ ലാഭമുള്ള ഒരു യുണികോണായി കമ്പനി മാറുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തങ്ങളുടെ ആപ്പ് ലോഞ്ചിനിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്ന കൂടുതല്‍ പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ പാഠ്യമികവ് തിരിച്ചറിയുന്നതിനും ഇതേറെ ഉപകരിക്കും. പ്ലാറ്റ്‌ഫോമില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ പഠനം ലഭ്യമാകുന്ന വിധത്തിലുള്ളതാണ് ആപ്പിന്റെ പുതിയ വേര്‍ഷന്‍. ആദ്യകാലങ്ങളില്‍ 1000 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന ഓഫ്‌ലൈന്‍ പാഠ്യരീതിയായിരുന്നു ബൈജൂസിന്റേത്. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ മുഖേനെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു അധ്യാപകന്‍ എന്ന രീതിയിലുള്ള പഠനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്- ബൈജൂസ് ആപ്പ് സിഇഒ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

നാലാം ക്ലാസു മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിട്ടുകൊണ്ടാണ് ബൈജൂസ് പ്രവര്‍ത്തിക്കുന്നത്. 2015 ഓഗസ്റ്റ് മാസം പ്രവര്‍ത്തനമാരംഭിച്ച ആപ്ലിക്കേഷന്‍ ഇതിനോടകം 400,000 പെയ്ഡ് ഉപഭോക്താക്കളാണുള്ളത്. എട്ട് മില്ല്യണിലധികം ഡൗണ്‍ലോഡുകളും ആപ്പ് ഇതിനോടകം നേടിയെടുത്തു. ഗണിത ശാസ്ത്രം, പ്രധാന സയന്‍സ് വിഷയങ്ങളായ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് 9,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ഒരു വര്‍ഷം ഉപഭോക്താക്കള്‍ നല്‍കേണ്ടത്.

Comments

comments

Categories: Education, Tech