ഓഫീസ് പ്രോപ്പര്‍ട്ടി സെഗ്‌മെന്റിലേക്ക് സ്വകാര്യ ഓഹരി നിക്ഷേപത്തിന്റെ ഒഴുക്ക്

ഓഫീസ് പ്രോപ്പര്‍ട്ടി സെഗ്‌മെന്റിലേക്ക് സ്വകാര്യ ഓഹരി നിക്ഷേപത്തിന്റെ ഒഴുക്ക്
2009 നുശേഷം ഏറ്റവും വലിയ സ്വകാര്യ ഓഹരി നിക്ഷേപം 2017 ആദ്യ പാദത്തില്‍

മുംബൈ : സ്വകാര്യ ഓഹരി നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട സെഗ്‌മെന്റായി കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മാറി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 5,630 കോടി രൂപയുടെ നിക്ഷേപമാണ് കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് സെഗ്‌മെന്റിലെത്തിയത്. 2009 നുശേഷം ഇതാദ്യമായാണ് ഓഫീസ് പ്രോപ്പര്‍ട്ടി സെഗ്‌മെന്റില്‍ ഇത്രയധികം പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം വന്നുചേരുന്നത്. ആദ്യ പാദത്തില്‍ രാജ്യത്തെ ആകെ നിക്ഷേപങ്ങളുടെ 59 ശതമാനമാണ് ഓഫീസ് പ്രോപ്പര്‍ട്ടി സെഗ്‌മെന്റില്‍ നടന്നതെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡ് പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ സെഗ്‌മെന്റില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 90 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്. ഒഓരോ നിക്ഷേപവും ശരാശരി 940 കോടി രൂപ വലുപ്പമുള്ളതാണ്. 2017 ആദ്യ പാദത്തില്‍ ആകെ സ്വകാര്യ ഓഹരി നിക്ഷേപങ്ങളുടെ 37 ശതമാനമായ 3,620 കോടി രൂപ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സെഗ്‌മെന്റിലാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തേക്കാള്‍ 59 ശതമാനം വളര്‍ച്ചയാണ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സെഗ്‌മെന്റ് കൈവരിച്ചത്. ഓരോ നിക്ഷേപവും ശരാശരി 180 കോടി രൂപ വലുപ്പമുള്ളതായിരുന്നു.

ലീസ്ഡ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ സ്ഥാപന നിക്ഷേപകര്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. ഈ സെഗ്‌മെന്റിലെ പ്രോപ്പര്‍ട്ടികളുടെ കുറവും പ്രോപ്പര്‍ട്ടികള്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്‌സില്‍ ലിസ്റ്റ് ചെയ്യാമെന്ന സാധ്യതയുമാണ് നിക്ഷേപകര്‍ പരിഗണിച്ചത്.

വരും വര്‍ഷങ്ങളില്‍ ഓഫീസ് സ്‌പേസ് സെഗ്‌മെന്റില്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുമെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡ് ഇന്ത്യാ എംഡി അംശുല്‍ ജെയ്ന്‍ പറഞ്ഞു. ആഗോള നിക്ഷേപകരായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്, സിംഗപ്പുരിലെ സോവറിന്‍ ഫണ്ടായ ജിഐസി, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്, ഗോള്‍ഡ്മാന്‍ സാക്‌സ്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തി. കൂടാതെ കൂടുതല്‍ ഫണ്ടുകള്‍ നിക്ഷേപ-സഖ്യ സാധ്യതകള്‍ പരിശോധിക്കുകയാണ്.

Comments

comments

Categories: Business & Economy