2016ല്‍ വിസാ കാലവധിക്കു ശേഷവും 30,000 ഇന്ത്യക്കാര്‍ യുഎസില്‍ തങ്ങിയതായി റിപ്പോര്‍ട്ട്

2016ല്‍  വിസാ കാലവധിക്കു ശേഷവും 30,000 ഇന്ത്യക്കാര്‍ യുഎസില്‍ തങ്ങിയതായി റിപ്പോര്‍ട്ട്
24,000ഓളം പേര്‍ ഇപ്പോഴും അനധികൃത താമസക്കാരായി തുടരുന്നു

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം വിവിധ വിസകളുപയോഗിച്ച് യുഎസിലേക്ക് യാത്ര ചെയ്ത 1.4 മില്യണ്‍ ഇന്ത്യക്കാരില്‍ 30,000ല്‍ അധികം പേര്‍ വിസാ കാലാവധിക്കു ശേഷവും അമേരിക്കയില്‍ തങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരുടെയും യഎസില്‍ തങ്ങുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഔദ്യോഗിക വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ബിസിനസ് വിസകളിലും വിനോദസഞ്ചാരികള്‍ എന്ന നിലയ്ക്കും യുഎസ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായും സന്ദര്‍ശക വിസകളിലും യുഎസില്‍ എത്തിയിട്ടുള്ള വിദേശികളെ സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സുരക്ഷാ വകുപ്പാണ് (ഡിഎച്ച്എസ്) യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചത്. യുഎസിലെ ആകെ കുടിയേറ്റ ഇതര സന്ദര്‍ശകരില്‍ ഏകദേശം 96 ശതമാനത്തോളം പേരുടെ വിവരമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 50 മില്യണിലധികം സന്ദര്‍ശകര്‍ 2016ല്‍ യുഎസില്‍ നിന്നും യാത്ര തിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതില്‍ 7,39,478 പേരാണ് കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ തന്നെ തങ്ങിയിട്ടുള്ളത്.

അനധികൃതമായി യുഎസില്‍ തുടര്‍ന്ന 739,000ല്‍ അധികം പേരില്‍ 628,799 പേര്‍ ഇപ്പോഴും രാജ്യത്ത് തങ്ങുന്നുണ്ടെന്ന് സംശയിക്കുന്ന,തായി ഡിഎച്ച്എസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഇവര്‍ യുഎസ് വിട്ടതിന്റെ യാതൊരു രേഖകളും ഇല്ലെന്നര്‍ത്ഥം. ബാക്കിയുളളവര്‍ നിമയപരമായി അനുവദിച്ചിട്ടുള്ള സമയം അതിക്രമിച്ചതിനു ശേഷം രാജ്യം വിട്ടവരാണ്. റിപ്പോര്‍ട്ട് നല്‍കുന്ന കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 1.4 മില്യണ്‍ ആളുകളാണ് ഇന്ത്യയില്‍ നിന്നും യുഎസിലെത്തിയിട്ടുള്ളത്. ഇവര്‍ ഇതേ വര്‍ഷം തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 30,000ലും അധികം ഇന്ത്യക്കാര്‍ കാലവധിക്കു ശേഷവും യുഎസില്‍ തങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതില്‍ 6,000 ഇന്ത്യക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം യുഎസ് വിട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2016ല്‍ ഒരു മില്യണിലധികം ഇന്ത്യക്കാര്‍ യുഎസിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടും വിനോദസഞ്ചാരികള്‍ എന്ന നിലയിലുമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കു വേണ്ടി യുഎസിലെത്തിയവരില്‍ 17,763 പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് തങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വിഭാഗത്തില്‍ 2,040 ഇന്ത്യക്കാരാണ് കാലാവധിക്കു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതേ വര്‍ഷം 9,897 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ നിന്നും മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 4,575 വിദ്യാര്‍ത്ഥികളാണ് അനധികൃതമായി യുഎസില്‍ തങ്ങിയത്. ഇതില്‍ 1,561 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാലാവധിക്കു ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങി.

Comments

comments

Categories: Top Stories, World