മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കല്യാണ്‍

മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കല്യാണ്‍
സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് 
കല്യാണിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനും കല്യാണിന് പദ്ധതി

ദുബായ്: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്താനിരിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക് മുന്നോടിയായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകള്‍ മുന്നോട്ടുവച്ച് കല്യാണ്‍ ജൂവല്‍റി ഇന്ത്യ ലിമിറ്റഡ്. ആഗോള തലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള ഫണ്ട് നേടുന്നതിനായാണ് കമ്പനി ഐപിഒ നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗന്‍ എജി ഔഡി കാറുകള്‍ വരെ സൗജന്യമായി നല്‍കിയുള്ള ഓഫറുകളാണ് കല്യാണ്‍ സെയ്ല്‍സ് കൂട്ടാന്‍ മുന്നോട്ടുവെക്കുന്നത്.

ഐപിഒക്കായി അധികം നാള്‍ കാത്തിരിക്കാനാവില്ലെന്നും ഉടന്‍ ഉണ്ടാകുമെന്നും തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു. 2018-19 വര്‍ഷങ്ങള്‍ക്കിടയില്‍ ഓഹരി വില്‍പ്പനയുണ്ടാകുമെന്നും അദ്ദേഹം. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് എല്‍എല്‍സിയില്‍ നിന്ന് അധിക നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജൂവല്‍റിയുടെ സ്റ്റോറുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

2014 ല്‍ നടത്തിയ 12 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിന് പുറമേയാണ് വാര്‍ബര്‍ഗ് 5 ബില്യണ്‍ രൂപ വീണ്ടും നിക്ഷേപിച്ചത്. പുതിയ മാര്‍ക്കറ്റുകളായ സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ നിക്ഷേപം നടത്തിയത്. വാര്‍ബര്‍ഗിനെപ്പോലെയുള്ള പ്രശസ്തരായ നിക്ഷേപകരെയാണ് കല്യാണിന് ആവശ്യമെന്നും ഇത്തരത്തിലുള്ള നിക്ഷേപകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ മികവ് കൈവരിക്കാനും പ്രവര്‍ത്തനം ശക്തമാക്കാനും സാധിക്കുമെന്നും കല്യാണരാമന്‍ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും പുതിയ 22 സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ബില്യണ്‍ രൂപ നിക്ഷേപം നടത്താനാണ് കല്യാണ്‍ പദ്ധതിയിടുന്നത്. ഇതോടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 127 ആയി വര്‍ധിക്കും. പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നതോടെ വളര്‍ച്ച എട്ട് ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം കമ്പനിയുടെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം. കഴിഞ്ഞ വര്‍ഷം 98.3 ബില്യണ്‍ രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് അസാധുവാക്കലിന് ശേഷവും വില്‍പ്പനയില്‍ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പണം നല്‍കുന്നതിന് പകരമായി ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നീക്കങ്ങള്‍ സംഘടിത റീട്ടെയ്‌ലര്‍മാര്‍ക്ക് ഗുണം മാത്രമേ ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy