ഷെരീഫിനെതിരേ ഇമ്രാന്‍ ഖാന്‍

ഷെരീഫിനെതിരേ ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ട്രംപ് സൗദി സന്ദര്‍ശിച്ചപ്പോള്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംസാരിക്കാതിരുന്നത് പാക് ജനതയുടെ പ്രതിച്ഛായക്കേറ്റ പ്രഹരമാണെന്നു തെഹ്‌രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ പറഞ്ഞു. 55 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള തലവന്മാര്‍ പങ്കെടുത്തതായിരുന്നു ഉച്ചകോടി.

തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള നിലപാടുകള്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അറിയിച്ചപ്പോള്‍ ഷെരീഫ്, ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. ഉച്ചകോടിയില്‍ ഇറാനെതിരേ ട്രംപ്, രൂക്ഷമായ ഭാഷയില്‍ പരാമര്‍ശം നടത്തിയിരുന്നു. ‘മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയാണു ചെയ്യേണ്ടത്. അല്ലാതെ പ്രശ്‌നം വളര്‍ത്തി വലുതാക്കുകയല്ല’-ഇമ്രാന്‍ പറഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ ക്ഷണപ്രകാരമായിരുന്നു നവാസ് ഷെരീഫ് സൗദിയില്‍ നടന്ന യുഎസ്-അറബ് ഇസ്ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലേക്കു പോയത്. എന്നാല്‍ ഉച്ചകോടിയില്‍ സംസാരിക്കാന്‍ ഷെരീഫിന് അവസരം ലഭിച്ചില്ല. ഇത് പാകിസ്ഥാനില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.

Comments

comments

Categories: World