ഐടി രംഗത്തെ ആദ്യ തൊഴിലാളി യൂണിയന്‍ ഉടന്‍

ഐടി രംഗത്തെ ആദ്യ തൊഴിലാളി യൂണിയന്‍ ഉടന്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐടി മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ ആദ്യത്തെ രജിസ്‌ട്രേഡ് യൂണിയന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. നിലവില്‍ ഐടി ജീവനക്കാരുടെ കൂട്ടായ്മയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് (എഫ്‌ഐടിഇ) ആണ് ഒരു തൊഴിലാളി യൂണിയന്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. ഐടി മേഖലയില്‍ വ്യാപമായ പിരിച്ചുവിടല്‍ നടപടികള്‍ അരങ്ങേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ നീക്കം.

അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ തൊഴിലാളി യൂണിയന്‍ ആകുന്നത് യാഥാര്‍ത്ഥ്യമാകുമെന്ന് എഫ്‌ഐടിഇ വൈസ് പ്രസിഡന്റ് വസുമതി പറയുന്നു. പ്രമുഖ കമ്പനികളിലെ നിയമവിരുദ്ധ പിരിച്ചുവിടല്‍ നീക്കങ്ങള്‍ ഈ ശ്രമത്തിന് കാരണമായിട്ടുണ്ടെന്നും എഫ്‌ഐടിഇ വക്താക്കള്‍ വ്യക്തമാക്കി. 2008ല്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങളെ ഓണ്‍ലൈന്‍ ലോകത്ത് സജീവമായി അവതരിപ്പിച്ചുകൊണ്ടാണ് എഫ്‌ഐടിഇ യുടെ ആദ്യ രൂപം നിലവില്‍ വരുന്നത്. ആയിരത്തോളം ഓണ്‍ലൈന്‍ അംഗങ്ങളും നൂറോളം സജീവ അംഗങ്ങളുമാണ് ഇന്ന് കൂട്ടായ്മയുടെ ഭാഗമായുള്ളത്.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊച്ചി, ഡെല്‍ഹി എന്നീ നഗരങ്ങളില്‍ എഫ്‌ഐടിഇ ഇതിനകം ചാപ്റ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ കമ്പനികളില്‍ നിന്ന് ‘ അനധികൃതമായി’ പിരിച്ചുവിടപ്പെട്ട നിരവധി ഐടി ജീവനക്കാര്‍ക്കായി കഴിഞ്ഞ കാലങ്ങളില്‍ ഈ സംഘടന പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിസ നിയമം കടുപ്പിച്ചതും ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതുമാണ് ഐടി മേഖലയില്‍ തൊഴില്‍ ഭീഷണി വര്‍ധിപ്പിക്കുന്നത്.

Comments

comments

Categories: Top Stories