ഡിജിസിഎ റീജിണല്‍ ഓഫീസുകളെ ശക്തിപ്പെടുത്തുന്നു

ഡിജിസിഎ റീജിണല്‍ ഓഫീസുകളെ ശക്തിപ്പെടുത്തുന്നു
ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്റ്ററുടെ (എഫ്ഒഐ) 71 തസ്തികകളില്‍ ഒന്നര 
മാസത്തിനുള്ളില്‍ നിയമനം നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യോമയാന മേഖലയുടെ നിയന്ത്രണാധികാരമുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുംബൈ, ബെംഗളൂരു, ന്യൂഡെല്‍ഹി എന്നിവിടങ്ങളിലെ മേഖല ഓഫീസുകളെ ശക്തിപ്പെടുത്താന്‍ നീക്കമിടുന്നു. ഓഫീസുകളിലെ പ്രവര്‍ത്തനാധികാരം താഴേത്തട്ടിലേക്ക് കൈമാറുന്നതിനും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ഓഡിറ്റ് പ്ലാനിനുവേണ്ടി ഓഫീസുകളെ സജ്ജമാക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നീക്കം.

ഡിജിസിഎ ഇപ്പോള്‍ നിയമന പ്രക്രിയയിലാണ്. ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്റ്ററുടെ (എഫ്ഒഐ) 71 തസ്തികകളില്‍ ഒന്നര മാസത്തിനുള്ളില്‍ നിയമനം നടത്തും. അതിനൊപ്പം മുംബൈയിലേയും ബെംഗളൂരുവിലേയും പ്രാദേശിക കേന്ദ്രങ്ങളിലെ എഫ്ഒഐകളേയും നിയോഗിക്കും. മുഖ്യകാര്യാലയം ശക്തിപ്പെടുത്തുന്നതിന് പുറമെ, ഡെല്‍ഹിയിലെ ഓഫീസും ബലപ്പെടുത്തും- ഡിജിസിഎയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഭാവിയില്‍ ആവശ്യമെങ്കില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ ഓഫീസുകളും ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതേസമയം, ഡിജിസിഎയുടെ മികച്ച ക്രമീകരണങ്ങള്‍ക്ക് ഈ നടപടി സഹായകരമാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. വ്യോമയാന മേഖലയെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് ഈ നീക്കം ഉറപ്പായും ഗുണം ചെയ്യും. ഡെല്‍ഹിക്ക് പുറമെ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഡിജിസിഎ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ മേഖലയിലും പ്രാദേശിക കേന്ദ്രം തുറക്കാന്‍ ഡിജിസിഎ ശ്രമിക്കുന്നുണ്ടെന്ന് വ്യോമയാന വിദഗ്ധനായ ശക്തി ലുംബ പറഞ്ഞു.
മുംബൈ, ബെംഗളൂരു, ഡെല്‍ഹി സെന്ററുകളില്‍ എഫ്ഒഐകളെ നിയോഗിക്കുന്നത് സംബന്ധിച്ച് ഡിജിസിഎയ്ക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ അവിടേക്ക് പോകാന്‍ എഫ്ഒഐകള്‍ വിസമ്മതിച്ചു. മുഖ്യകാര്യാലയത്തിലേക്കാണ് അവരെ തെരഞ്ഞെടുത്തത്. പക്ഷേ, മറ്റ് സെന്ററുകളിലേക്ക് പോകാന്‍ ഡിജിസിഎ നിര്‍ബന്ധിച്ചതിനാല്‍ അവര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ എഫ്ഒഐകളെ റീജിണല്‍ സെന്ററുകളിലേക്കുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഇനിയുണ്ടാകില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. നവംബറിലെ ഐസിഎഒ ഓഡിറ്റില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ ശേഷി വിലയിരുത്തും. 2012 ലെ ഓഡിറ്റ് ലിസ്റ്റില്‍ വ്യോമ സുരക്ഷയില്‍ ഐസിഎഒ ഇന്ത്യക്ക് 13ാം സ്ഥാനം നല്‍കിയിരുന്നു.

Comments

comments

Categories: Business & Economy