തൊഴില്‍മേഖലയില്‍ സ്ത്രീപങ്കാളിത്തം കൂറയുന്നു!

തൊഴില്‍മേഖലയില്‍ സ്ത്രീപങ്കാളിത്തം കൂറയുന്നു!
സ്ത്രീശാക്തീകരണം കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ ജോലിയില്‍ നിന്നു 
പിന്തിരിയുന്നതായി പഠനം. കുടുംബ വരുമാനത്തില്‍ മെച്ചപ്പെട്ട സ്ഥിരതയുണ്ടായതാണ് 
ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്

ഒടുവില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം സംബന്ധിച്ച ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ കണക്കുകള്‍ ആദ്യമായി ശരിയായിരിക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ മാത്രമല്ല, മൊത്തത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2004-05 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ 20 മില്യണിനടുത്ത് ഇന്ത്യന്‍ വനിതകളാണ് തൊഴില്‍ ഉപേക്ഷിച്ചത്. തൊഴിലെടുക്കുന്ന പ്രായത്തിലുള്ള സ്ത്രീകളിലെ തൊഴില്‍ പങ്കാളിത്തം 1993-94ലെ 42 ശതമാനത്തില്‍ നിന്ന് 2011-12 കാലയളവില്‍ 31 ശതമാനത്തിലേക്ക് താഴ്ന്നു. ഇത്തരത്തില്‍ തൊഴിലില്‍ നിന്ന് വിട്ടുപോയവരില്‍ 53 ശതമാനവും 15-24 പ്രായപരിധിയിലുള്ളവരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരുമാണ്. തൊഴില്‍ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം 2004-05 കാലയളവിലുണ്ടായിരുന്ന 49 ശതമാനത്തില്‍ നിന്നും 2009-10ല്‍ 37.8 ശതമാനമായി. എന്നാല്‍ 2004-05 മുതല്‍ 2009-10 വരെയുള്ള കാലയളവില്‍ 24 മില്യണ്‍ പുരുഷന്‍മാരാണ് തൊഴില്‍ മേഖലകളിലേക്ക് കടന്നുവന്നത്. സ്ത്രീകളുടെ പങ്കാളിത്തം 21.7 മില്യണായി കുറയുകയും ചെയ്തു.

നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷനും കാനേഷുമാരി കണക്കുകളും നല്‍കുന്ന വിവരപ്രകാരം ലോകബാങ്കിന്റെ കീഴിലുള്ള ഗവേഷകരുടെ ഒരു സംഘം എന്തുകൊണ്ടാണ് ശോഷണം സംഭവിക്കുന്നതെന്നു കണ്ടെത്താന്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക വികസനവും വര്‍ധിപ്പിക്കാനും പരിപോഷിപ്പിക്കാനും തയാറെടുക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍ വ്യവസ്ഥ പൂര്‍ണമായും സ്ത്രീകളെ ഉള്‍ക്കൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പഠനം പറയുന്നു. ലൂയിസ് എ ആന്‍ഡ്രസ്, ബസബ് ദാസ്ഗുപ്ത, ജോര്‍ജ്ജ് ജോസഫ്, വിനോജ് എബ്രഹാം, മരിയ കൊറിയ എന്നിവരാണ് പഠനം തയാറാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സ്ത്രീകള്‍ തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് സാമൂഹിക ഘടകങ്ങള്‍ വലിയൊരളവില്‍ കാരണമാകുന്നുണ്ട്. വിവാഹം, മാതൃത്വം, സങ്കീര്‍ണമായ ലൈംഗികബന്ധങ്ങള്‍, പക്ഷപാതം, പുരുഷാധിപത്യം എന്നിവയെല്ലാം ഇന്ത്യയില്‍ ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ അവ മാത്രമല്ല കാരണങ്ങള്‍. സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കില്‍ വിവാഹം തൊഴില്‍ മേഖലയിലെ സ്ത്രീപങ്കാളിത്തത്തെ ബാധിക്കുന്ന ഘടകമാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ തൊഴിലില്‍ പങ്കാളികളാവുന്ന വിവാഹിതരായ സ്ത്രീകളുടെ നിരക്ക് അവിവാഹിതരായ സ്ത്രീകളേക്കാള്‍ കൂടുതലാണ്. അതേസമയം നഗരങ്ങളില്‍ ഇത് നേരെ വിപരീതവുമാണ്. സാരമായി പറയുകയാണെങ്കില്‍ അഭിലാഷങ്ങളും, അതിന് ആനുപാതികമായ അഭിവൃദ്ധിയുമാണ് ഇന്ത്യയില്‍ സ്ത്രീകള്‍ പ്രധാനമായും ജോലിയില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് കാരണം. ഗ്രാമങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍ എന്നു കൂടി ഓര്‍മിക്കുക.

സ്ത്രീകളുടെ തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള പങ്കാളിത്ത നിരക്കുകള്‍ കണക്കാക്കിയതിനുശേഷം 15-24 പ്രായപരിധിയിലുള്ള സ്ത്രീകള്‍ തൊഴില്‍ രംഗത്ത് സജീവമാകാത്തതിന് കാരണം സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വ്യാപനം മൂലമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. സാമൂഹിക നിയമങ്ങളിലുണ്ടായ വ്യാപകമാറ്റങ്ങളും ജോലി ചെയ്യാവുന്ന പ്രായത്തിലുള്ള യുവതികള്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുന്നതും വളരെ നേരത്തേയുള്ള സ്ത്രീകളുടെ തൊഴില്‍രംഗപ്രവേശനം തടയാന്‍ കാരണമായി. കുട്ടികളെ സ്‌കൂളുകളിലേക്കയച്ചതു കൊണ്ടുണ്ടായ വരുമാനമാറ്റങ്ങളെക്കുറിച്ചു സമ്പന്നരേക്കാള്‍ പാവപ്പെട്ടവരാണ് വലിയ തോതില്‍ പ്രതികരിച്ചത്. കുടുംബത്തിലെ സ്ഥിരം ജോലിക്കാരായ പുരുഷന്‍മാരുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി സാമ്പത്തിക വരുമാനത്തില്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും സ്ത്രീകള്‍ ജോലി ഉപേക്ഷിക്കാന്‍ തുടങ്ങി. കുടുംബ വരുമാനത്തില്‍ മെച്ചപ്പെട്ട സ്ഥിരതയുണ്ടായത് സ്ത്രീകളെ ജോലിയില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചുവെന്നും പഠനം പറയുന്നു.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കും വിദ്യാഭ്യാസനേട്ടങ്ങളുടെ തലങ്ങളും വിശകലനം ചെയ്തതില്‍ നിന്ന് ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാഭ്യാസം സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിനു പ്രചോദനകരമല്ല എന്ന് ഗവേഷകര്‍ക്ക് മനസിലായി. വിദ്യാഭ്യാസത്തിനായി ജോലി ഉപേക്ഷിക്കുന്ന പലരും പിന്നീട് ജോലിക്ക് പോകുമെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള തൊഴില്‍ പങ്കാളിത്തം ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലും സിദ്ധിച്ച വനിതകള്‍ക്കിടയിലാണ്. കോളെജ് ബിരുദധാരികള്‍ക്കിടയിലും നിരക്ഷരര്‍ക്കിടയിലും പങ്കാളിത്തനിരക്ക് വളരെ കൂടുതലാണ്. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ പരിഗണിക്കാതെ അടുത്തിടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കിലുണ്ടായ ഇടിവ് സൂചിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലകളിലെ പങ്കാളിത്തത്തിനുള്ള പ്രചോദന ഘടകങ്ങള്‍ വര്‍ഷം തോറും കുറഞ്ഞുവരുന്നുവെന്നതാണ്.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ തൊഴില്‍ പങ്കാളിത്തനിരക്ക് വളരെ കുറവാണ്. 2013-ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഇന്ത്യയെ 131 രാജ്യങ്ങളുടെ പട്ടികയില്‍ 121-ാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരുന്നു. ജോലിയില്‍ നിന്ന് കൊഴിഞ്ഞു പോകുന്ന സ്ത്രീകളുടെ എണ്ണത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല. 2004നും 2010നും ഇടയില്‍ ചൈനയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 68 ശതമാനത്തില്‍ നിന്നും 64 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വളരെ കൂടുതലാണ്. അയല്‍ രാജ്യമായ ശ്രീലങ്കയിലും തൊഴില്‍ പങ്കാളിത്ത നിരക്ക് കുറയുകയാണ്. എന്നാല്‍ ഇത് കേവലം രണ്ട് ശതമാനം മാത്രമാണ്. വ്യക്തമായി പറഞ്ഞാല്‍ കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് പുറത്ത് സ്ത്രീകള്‍ക്ക് അനുയോജ്യമായതും മികച്ചതുമായ തൊഴിലവസരങ്ങള്‍ ആവശ്യമാണ്.

Comments

comments

Categories: FK Special, Women