ഖാദിയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഖാദിയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
യോഗ കഴിഞ്ഞാല്‍ വിദേശികളുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്നത് ഖാദിയാണെന്ന് 
സര്‍വെയില്‍ കണ്ടെത്തിയിരുന്നു

മുംബൈ: യോഗയുടെ ആഗോള പ്രചരണത്തിന്റെ വിജയത്തിനുശേഷം ഖാദിയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഖാദിയെ ഇന്ത്യയുടെ ആഗോള ഉല്‍പ്പന്നമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ്, ഖാദിക്ക് ഓര്‍ഡര്‍ നേടുകയെന്ന പ്രധാന നടപടി സ്വീകരിക്കണം. ഖാദിയുടെ ആഗോള സാധ്യതകള്‍ തിരിച്ചറിയുന്നതിലൂടെ നിരവധി ഗ്രാമീണ കൈത്തൊഴിലുകാര്‍ക്ക് മികച്ച വരുമാനം നേടാനാകും. യോഗ കഴിഞ്ഞാല്‍ വിദേശികളുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കുന്നത് ഖാദിയാണെന്ന് സര്‍വെയില്‍ കണ്ടെത്തിയിരുന്നു.

അംഗീകൃത ഖാദി സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും സംഘടനയ്ക്കും ഉല്‍പ്പന്നം വിശ്വാസ്യയോഗ്യമാക്കാന്‍ ഖാദി എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവദിക്കും. എന്നാല്‍ അത് അവരുടെ സ്വന്തം ബ്രാന്‍ഡ് എന്ന നിലയില്‍ ഉപയോഗിക്കാനാവില്ല- സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആഗോളതലത്തില്‍ വിപണനം നടത്തുന്ന ഖാദിയില്‍ ക്ലോത്ത് ഓഫ് ഇന്ത്യ എന്ന് മുദ്രണം ചെയ്തിരിക്കും.

ചില വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാന്‍ തയാറായാല്‍ ആവശ്യമുള്ളവര്‍ക്ക് ഖാദി മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെവിഐസി) ചെയര്‍മാനായ വിനയ് കുമാര്‍ സക്‌സേന പറഞ്ഞു. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്ക് ഖാദിയുടെ പേര് ഉപയോഗിച്ചതിനാല്‍ ആറു കമ്പനികള്‍ക്കെതിരെ നോട്ടീസ് നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഖാദിയെ ഉല്‍പ്പന്നമാക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയോട് സഹായം ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രേഡ്മാര്‍ക്ക് ആക്ട് 1999 സെക്ഷന്‍ 21 കീഴില്‍ നിയമ കമ്പനി ആറ് ട്രേഡ്മാര്‍ക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബികെ ഖാദി, ഗിര്‍ധര്‍ ഖാദി, മധുബനി ഖാദി ഉഗ്യോഗ്, രക്ഷി ഖാദി എന്നിവയ്ക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ കെവിഐസി ഫാബ്ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചിരുന്നു. യഥാര്‍ത്ഥ ഖാദി അല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യവും വില്‍പ്പനയും ഫാബ്ഇന്ത്യ നിര്‍ത്തലാക്കണമെന്ന് കെവിഐസി ആവശ്യപ്പെടുകയുണ്ടായി.

യഥാര്‍ത്ഥ ഖാദി വസ്ത്രങ്ങളുടെ നിര്‍മാതാക്കളാണെന്ന് ഏതെങ്കിലും കമ്പനികള്‍ക്കോ സംഘടനകള്‍ക്കോ തെളിയിക്കാനായാല്‍ കെവിഐസിയില്‍ രജിസ്റ്റര്‍ ചെയ്യണം. അതുവരെ ഖാദി എന്ന വാക്ക് ബ്രാന്‍ഡായി ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് വൈ ജെ ത്രിവേദി ആന്‍ഡ് കമ്പനിയിലെ സീനിയര്‍ അഡ്വക്കേറ്റായ ജറ്റിന്‍ ത്രിവേദി വ്യക്തമാക്കി. ശരിക്കുള്ള ഖാദിയാണെന്ന് ഉറപ്പിക്കുന്നതിന് മൂന്ന് മാനദണ്ഡങ്ങളുണ്ട്. തുണി കൈകൊണ്ട് തുന്നിയതാവണം, പരുത്തി, സില്‍ക്ക്, കമ്പളി, ചണം ഏതെങ്കിലും രണ്ടോ അല്ലെങ്കില്‍ എല്ലാം ചേര്‍ത്ത മിശ്രിതത്തില്‍ നിന്ന് വേണം, കൈകൊണ്ട് നൂല്‍നൂറ്റതാവണം എന്നിവയാണ് നിബന്ധനകള്‍. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും കമ്പനിയോ സംഘടനയോ ഖാദി എന്ന ബ്രാന്‍ഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കാന്‍ കെവിഐസി ശ്രദ്ധിക്കുന്നുണ്ട്.

Comments

comments

Related Articles