സൂക്ഷ്മ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായി: മോദി

സൂക്ഷ്മ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യക്കായി: മോദി
ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 52-ാം വാര്‍ഷിക യോഗം ആരംഭിച്ചു

ഗാന്ധിനഗര്‍: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എല്ലാ വിപുലമായ സാമ്പത്തിക സൂചകങ്ങളിലും പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാര്‍, ജന്‍ ധന്‍ യോജന തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ സാമ്പത്തിക സുചകങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ പ്രധാന അളവുകോലുകളായ ധനക്കമ്മി, ബിഒപി കമ്മി, പണപ്പെരുപ്പം എന്നിവയില്‍ ഇടിവ് രേഖപ്പെടുത്തിയതായും അതേസമയം, ജിഡിപി വളര്‍ച്ചാ നിരക്ക്, വിദേശ വിനിമയ കരുതല്‍ ധനം, പൊതു മൂലധന നിക്ഷേപം തുടങ്ങിയവയില്‍ വളര്‍ച്ച നിരീക്ഷിച്ചതായും മോദി ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ 52ാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് വലിയ പുരോഗതി നേടാനായിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണക്കാലയളവില്‍ തന്റെ സര്‍ക്കാര്‍ പ്രയോഗിച്ച ചില ഭരണതന്ത്രങ്ങള്‍ ആഫ്രിക്കയുമായി പങ്കുവെക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലാണ് സര്‍ക്കാര്‍ ആദ്യം അഴിച്ചുപ്പണി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജന്‍ ധന്‍ യോജന പദ്ധതി ആരംഭിച്ചു. രാജ്യത്തെ ഗ്രാമ-നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി ഈ പദ്ധതിയുടെ കീഴില്‍ 280 മില്യണ്‍ ബാങ്ക് എക്കൗണ്ടുകളാണ് തുറന്നിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു്

ജന്‍ ധന്‍ പദ്ധതി വഴി ഇന്ത്യയിലെ എല്ലാ കുടുംബത്തിനും ഒരു ബാങ്ക് എക്കൗണ്ട് വീതം തുറക്കാനായിട്ടുണ്ടെന്നും മോദി പറഞ്ഞു. യോഗ്യരല്ലാത്തവരിലേക്ക് ആനുകൂല്യങ്ങള്‍ എത്തുന്നത് തടയാനും സബ്‌സിഡി വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ആധാര്‍ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ഇടനിലക്കാരില്ലാതെ ആനുകൂല്യം (സബ്‌സിഡി) നേരിട്ട് ബാങ്ക് എക്കൗണ്ട് വഴി കൈമാറുന്നതിലൂടെ സര്‍ക്കാരിന് വലിയ തുക ലാഭിക്കാന്‍ കഴിഞ്ഞതായും മോദി അറിയിച്ചു.

‘നൂറ്റാണ്ടുകളോളം നിലനില്‍ക്കുന്ന ശക്തമായ സഹകരണ പാരമ്പര്യമാണ് ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും അവകാശപ്പെടാനുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവശ്യങ്ങളോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന തലത്തിലുള്ള മനോഭാവമാണ് ഈ ബന്ധത്തിലുള്ളത്. 2014ല്‍ അധികാരമേറ്റ ശേഷം, ഇന്ത്യയുടെ വിദേശ സാമ്പത്തിക നയങ്ങളില്‍ ആഫ്രിക്കയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സന്ദര്‍ശനം നടത്താത്ത ഒരു രാജ്യവും ആഫ്രിക്കയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പതിന്മടങ്ങ് വര്‍ധിച്ചതായും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യാപാരം ഇരട്ടിയായി ഉയര്‍ന്ന് മൂല്യം 2014-2015ല്‍ 72 ബില്യണ്‍ ഡോളറിനടുത്ത് എത്തിയതായും മോദി പറഞ്ഞു. ഇന്ത്യയും ആഫ്രിക്കയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലെ സമാനതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും സ്ത്രീ ശാക്തീകരണത്തിലുമാണ് ഇന്ത്യയും ആഫ്രിക്കയും പ്രതിസന്ധി നേരിടുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Banking, Top Stories