ഫഌറ്റുകളുടെ വില അഞ്ച് ശതമാനം വരെ കുറയും

ഫഌറ്റുകളുടെ വില അഞ്ച് ശതമാനം വരെ കുറയും
ഫിനിഷ്ഡ് ഹൗസുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ 12 ശതമാനം 
നികുതിയാണ് ചുമത്തിയിരിക്കുന്നത്

ന്യൂ ഡെല്‍ഹി : ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ രാജ്യത്തെ ഭവന വില അഞ്ച് ശതമാനം വരെ കുറഞ്ഞേക്കും. ഫിനിഷ്ഡ് ഹൗസുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ 12 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.

സിമന്റ്, ഉരുക്ക്, പെയിന്റ് തുടങ്ങിയ ഇന്‍പുട്ടുകള്‍ക്ക് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കുന്നതിലൂടെ വീടുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വില കുറയും. അതായത് ജിഎസ്ടി വരുന്നതോടെ ഒരു കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റിന് 3 മുതല്‍ 5 ലക്ഷം രൂപ വരെ വില കുറയും.

പരമാവധി 30 ലക്ഷം രൂപ വരെ വില വരുന്ന (ഒരു ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയ്ക്ക് 3,500 രൂപ) അഫോഡബിള്‍ സെഗ്‌മെന്റില്‍ വീടുകളുടെ വില അഞ്ച് ശതമാനം കുറയും. മാത്രമല്ല, ജിഎസ്ടി പ്രാബല്യത്തിലാകുന്നതോടെ വീട് വാങ്ങുന്നവര്‍ക്ക് അന്തിമ വിലയില്‍ 4.5 ശതമാനം സേവന നികുതി അടയ്‌ക്കേണ്ടതായും വരില്ല. ജിഎസ്ടിയില്‍ വീടുകള്‍ക്ക് 12 ശതമാനം നികുതി നിരക്ക് നിശ്ചയിച്ചത് ഉപഭോക്തൃ സൗഹൃദ നടപടിയാണെന്ന് നികുതി വിദഗ്ധരും റിയല്‍ എസ്റ്റേറ്റ് കമ്പനികളും ശ്ലാഘിച്ചു.

12 ശതമാനം നികുതി നിരക്ക് കണക്കിലെടുക്കുമ്പോള്‍ ചതുരശ്ര അടിക്ക് 6,000 രൂപ വരെ വില വരുന്ന പ്രോജക്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് വലിയ നേട്ടമാകുമെന്ന് ക്രെഡായ് ചെയര്‍മാനും എടിഎസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സിഎംഡിയുമായ ഗീതാംബര്‍ ആനന്ദ് പ്രതികരിച്ചു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിച്ചാല്‍ 12 ശതമാനം നികുതിയെന്നത് നല്ല തീരുമാനമാണെന്ന് ക്രെഡായ് വൈസ് പ്രസിഡന്റും ഗൗര്‍സണ്‍സ് എംഡിയുമായ മനോജ് ഗൗര്‍ പ്രസ്താവിച്ചു.

12 ശതമാനം നികുതി ചെലവുകുറഞ്ഞ ഭവന മേഖലയില്‍ നികുതി ഭാരം തീര്‍ച്ചയായും കുറയ്ക്കുമെന്ന് ഗ്രാന്റ് തോണ്‍ടണ്‍ ഇന്ത്യാ പാര്‍ട്ണര്‍ സുരേഷ് എന്‍ രോഹിറ പറഞ്ഞു. ജിഎസ്ടി കാലത്ത് 12 ശതമാനം നികുതിയെന്നത് നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് കെപിഎംജി ഇന്ത്യാ ഇന്‍ഡയറക്റ്റ് ടാക്‌സ് പാര്‍ട്ണര്‍ പ്രിയജിത് ഘോഷ് അഭിപ്രായപ്പെട്ടു. ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുന്നതിലൂടെ പൂര്‍ത്തിയായ വീടിന്റെ അറ്റ നികുതി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ സിമന്റിനും സ്റ്റീലിനും എക്‌സൈസ് നികുതി, വാറ്റ് എന്നിവയായി ഡെവലപ്പര്‍മാര്‍ യഥാക്രമം 27.7 ശതമാനം, 18.1 ശതമാനം നിരക്കിലാണ് നികുതി നല്‍കുന്നത്. ഈ നിരക്ക് ഓരോ സംസ്ഥാനങ്ങളിലും മാറിക്കൊണ്ടിരിക്കും. ജിഎസ്ടിയില്‍ സിമന്റിനും സ്റ്റീലിനും യഥാക്രമം 28 ശതമാനം, 18 ശതമാനം നികുതിയാണ് നല്‍കേണ്ടത്. അതുപോലെ മറ്റ് ഇന്‍പുട്ടുകളായ പെയിന്റ്, വൈറ്റ് ഗുഡ്‌സ് എന്നിവയ്ക്ക് 28 ശതമാനം നികുതിയാണ് നല്‍കേണ്ടത്. എന്നാല്‍ അന്തിമ ഉല്‍പ്പന്നമായ വീടിന് 12 ശതമാനമാണ് നികുതി.

Comments

comments

Categories: Business & Economy