ബ്രിട്ടനില്‍ തീവ്രവാദ ആക്രമണം: 22 പേര്‍ കൊല്ലപ്പെട്ടു, 59 പേര്‍ക്കു പരിക്ക്

ബ്രിട്ടനില്‍ തീവ്രവാദ ആക്രമണം: 22 പേര്‍ കൊല്ലപ്പെട്ടു, 59 പേര്‍ക്കു പരിക്ക്

ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ചു കൊണ്ടു തിങ്കളാഴ്ച രാത്രി തീവ്രവാദ ആക്രമണം അരങ്ങേറി. കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബ്രിട്ടനിലെ പ്രമുഖ നഗരമായ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ ഗായികയായ ഏരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശ അവസാനിച്ച ഉടനെയാണു സ്‌ഫോടനം അരങ്ങേറിയത്. ഒരാള്‍ മാത്രം ഉള്‍പ്പെട്ട ചാവേറാക്രമണമായിരുന്നെന്നു ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഹോപ്കിന്‍സ് അറിയിച്ചു. ഗായിക ഏരിയാനയ്ക്കു പരിക്കുകളൊന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികള്‍, കൗമാര പ്രായക്കാര്‍ തുടങ്ങിയവരുടെയിടയില്‍ ഏറെ പ്രശസ്തയായ ഏരിയാന ഗ്രാന്‍ഡെയുടെ പരിപാടി വീക്ഷിക്കാന്‍ പതിനായിരക്കണക്കിനു പേരെത്തിയിരുന്നു. സ്‌ഫോടനം നടന്നയുടനെ 240-ാളം എമര്‍ജന്‍സി ഫോണ്‍ കോളുകളാണ് വിളിച്ചത്. ഇതില്‍ 60-ാളം ഫോണ്‍ കോളുകള്‍ ആംബുലന്‍സ് സേവനം തേടിക്കൊണ്ടുള്ളതായിരുന്നു.

2005-ല്‍ സെന്‍ട്രല്‍ ലണ്ടനില്‍ 52 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിനു ശേഷം അരങ്ങേറിയ ഏറ്റവും മാരകമായ ആക്രമണമാണിതെന്നാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌ പരിപാടി കഴിഞ്ഞു ജനക്കൂട്ടം പുറത്തേക്ക് ഇറങ്ങവേയാണ് ഭയങ്കരമായ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് ആളുകള്‍ അലറിവിളിച്ചു പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വേദിയാണു മാഞ്ചസ്റ്റര്‍ അരീന. 1995ല്‍ നിര്‍മിച്ച സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ നിരവധി കായിക മല്‍സരങ്ങള്‍ക്കു വേദിയാകാറുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നു പ്രധാനമന്ത്രി അടിയന്തര സുരക്ഷാ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മാസം എട്ടിന് ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സ്‌ഫോടനം അരങ്ങേറിയത് അതീവ ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്.

Comments

comments

Categories: World