ഒരു മാസം ഒരു ലക്ഷം വില്‍പ്പന ; ഹോണ്ട സിബി ഷൈന്‍ തിളങ്ങുന്നു

ഒരു മാസം ഒരു ലക്ഷം വില്‍പ്പന ; ഹോണ്ട സിബി ഷൈന്‍ തിളങ്ങുന്നു
ഈ വര്‍ഷം ഏപ്രിലില്‍ വിറ്റത് 1,00,824 യൂണിറ്റ് ഹോണ്ട സിബി ഷൈന്‍

ന്യൂ ഡെല്‍ഹി : ഒരു മാസം ഒരു ലക്ഷം ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന നടത്തി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ നാഴികക്കല്ല് താണ്ടി. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന 125 സിസി മോട്ടോര്‍സൈക്കിളാണ് ഹോണ്ട സിബി ഷൈന്‍. മാത്രമല്ല ലോകമെങ്ങും ഏറ്റവുമധികം വിറ്റുപോകുന്ന ഹോണ്ട മോട്ടോര്‍സൈക്കിള്‍ കൂടിയാണ് സിബി ഷൈന്‍.

2016-17 വര്‍ഷം ഇന്ത്യയില്‍ 7.5 ലക്ഷത്തിലധികം ഹോണ്ട സിബി ഷൈന്‍ ആണ് വിറ്റഴിച്ചത്. 2016 ഏപ്രിലില്‍ 66,691 യൂണിറ്റ് ഹോണ്ട സിബി ഷൈന്‍ ആണ് വിറ്റുപോയതെങ്കില്‍ 2017 ഏപ്രില്‍ മാസത്തോടെ വില്‍പ്പന 51 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ 1,00,824 ഹോണ്ട സിബി ഷൈന്‍ ആണ് വിറ്റത്.

125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിന്റെ വില്‍പ്പന വളര്‍ച്ചയായ എട്ട് ശതമാനത്തേക്കാള്‍ ഹോണ്ട സിബി ഷൈന്റെ വില്‍പ്പന അഞ്ച് മടങ്ങ് അധികം വര്‍ധിച്ചു. ഈ വില്‍പ്പന വളര്‍ച്ച 125 സിസി സെഗ്‌മെന്റില്‍ ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ അപ്രമാദിത്തം അരക്കിട്ടുറപ്പിക്കുന്നതായി. 54 ശതമാനം വിപണി വിഹിതവുമായി 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിനെ ഹോണ്ട സിബി ഷൈന്‍ ആണ് ഭരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2017 ഏപ്രില്‍ മാസത്തില്‍ 15 ശതമാനം അധികം വിപണി പങ്കാളിത്തം ഉറപ്പാക്കാനും ഈ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന് കഴിഞ്ഞു. ഹോണ്ടയുടെ ആകെ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയുടെ 55 ശതമാനവും നിര്‍വ്വഹിക്കുന്ന് സിബി ഷൈന്‍ ആണ്.

2006 ല്‍ അവതരിപ്പിച്ചശേഷം 55 ലക്ഷത്തിലധികം ഹോണ്ട സിബി ഷൈന്‍ ആണ് രാജ്യത്ത് ഇതുവരെ വിറ്റുപോയത്. ഒരു മാസം ഒരു ലക്ഷത്തിലധികം വില്‍പ്പന നടന്ന ഇന്ത്യയിലെ ആദ്യ 125 സിസി മോട്ടോര്‍സൈക്കിളായി ഈ വര്‍ഷം ഏപ്രില്‍ ആയപ്പോഴേയ്ക്കും ഹോണ്ട സിബി ഷൈന്‍ വളര്‍ന്നു.

Comments

comments

Categories: Auto