നരേന്ദ്ര മോദി-രജനികാന്ത്-കൂടിക്കാഴ്ച ഉടന്‍ നടന്നേക്കും ; മോദി പ്രഭാവം രജനിയെ കീഴ്‌പ്പെടുത്തുമോ?

നരേന്ദ്ര മോദി-രജനികാന്ത്-കൂടിക്കാഴ്ച ഉടന്‍ നടന്നേക്കും ; മോദി പ്രഭാവം രജനിയെ കീഴ്‌പ്പെടുത്തുമോ?

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൂടിക്കാഴ്ച നടത്തുന്നതിനായി ബിജെപി നേതാക്കള്‍ താരത്തെ വെള്ളിയാഴ്ച സമീപിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ച സംബന്ധമായ വിശദാംശങ്ങളില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് സൂചന. അതുമാത്രമല്ല രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഇതുമായി ബന്ധപ്പെട്ട് വരും മാസങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം ഇതിനകം ബിജെപി എടുത്തിട്ടുണ്ട്.

എന്നാല്‍ ബിജെപിയുടെ തമിഴ്‌നാട് ഘടകം ഈ വിഷയത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എഐഎഡിഎംകെയിലെ വിഭാഗീതയ ഉടന്‍ അവസാനിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് തമിഴ്‌നാട്ടിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതും ശ്രദ്ധേയമാണ്.

അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരെ ബിജെപിയും രജനിയും ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തില്ലെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദി-രജനികാന്ത് കൂടിക്കാഴ്ചയും വിലയിരുത്തപ്പെടുന്നത്.

ആദായനികുതി വകുപ്പ് സംസ്ഥാനത്തെ എഐഎഡിഎംകെ നേതാക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡ് പരമ്പരയ്ക്ക് ശേഷം ബിജെപി തമിഴ്‌നാട് ജനറല്‍ സെക്രട്ടറി വനതി ശ്രീനിവാസന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ചിരുന്നു. റെയ്ഡിനെ തുടര്‍ന്ന് വി കെ ശശികലയെയും അനന്തിരവന്‍ ടിടിവി ദിനകരനെയും കൈവിടാന്‍ എഐഎഡിഎംകെ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഇല്ലെന്നാണ് ബിജെപിയും എഐഎഡിഎംകെയും പറയുന്നത്.

സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി വെങ്കയ്യ നയിഡുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ എത്തിയിരുന്നു. 1083 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ടാണ് കേന്ദ്രമന്ത്രി അനുമതി നല്‍കിയത്. എഐഎഡിഎംകെയും രജനികാന്തുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ സഖ്യമുണ്ടാക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Comments

comments

Categories: Movies, Politics, Top Stories