രാഷ്ട്രീയലോകം ഉറ്റുനോക്കുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ?

രാഷ്ട്രീയലോകം ഉറ്റുനോക്കുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ?
ജയലളിതയുടെ മരണത്തോടെയും, കരുണാനിധിയുടെ അനാരോഗ്യത്തെ തുടര്‍ന്നും തമിഴ്‌നാട് 
രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യത രൂപപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ കാലശേഷം 
എഐഎഡിഎംകെയില്‍ യഥാര്‍ഥ പിന്‍ഗാമിയെ കണ്ടെത്താനാവാതെ വന്നത് വലിയൊരു 
പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഡിഎംകെയിലാവട്ടെ, കരുണാനിധിയുടെ 
പിന്‍ഗാമിയായ മകന്‍ സ്റ്റാലിനു വേണ്ടത്ര പിന്തുണ ആര്‍ജ്ജിക്കാനായിട്ടില്ല. കരുണാനിധിയെ 
പോലെ രാഷ്ട്രീയ നിപുണതയുമില്ല. മാത്രമല്ല, ഡിഎംകെയിലുമുണ്ട് വേര്‍തിരിവും 
വിഭാഗീയതും.

ഇന്ത്യയില്‍നിന്നുള്ള ആഗോള സിനിമാ താരമാണ് 66-കാരന്‍ രജനീകാന്ത്. അദ്ദേഹത്തിന്റെ ജനപ്രീതി ദക്ഷിണ സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങുന്നില്ല, അതുമല്ലെങ്കില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല. ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലും ജപ്പാനിലും വരെ എത്തിനില്‍ക്കുന്നു രജനീകാന്തിന്റെ പ്രശസ്തി. സമീപദിവസങ്ങളില്‍ രജനീകാന്ത് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തയാണു ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള കാരണം. സിനിമയിലൂടെ ജനകോടികളുടെ മനസ് കീഴടക്കിയ നടനു പക്ഷേ, രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ആസ്വദിക്കാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

കുറച്ചുകാലങ്ങള്‍ക്കു മുന്‍പ് രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പ്രചരിച്ചപ്പോള്‍ അദ്ദേഹം തന്നെ രംഗത്തെത്തി അത്തരം വാര്‍ത്തകള്‍ സത്യമല്ലെന്നു വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ മാസം 19നു ചെന്നൈയില്‍ വച്ച് അദ്ദേഹം തന്റെ ആരാധകരെ അഭിസംബോധന ചെയ്യവേ, ജനാധിപത്യം അധപതിച്ചിരിക്കുകയാണെന്നും, നമ്മളുടെ ഭരണനിര്‍വഹണ സംവിധാനത്തിനു മാറ്റം അനിവാര്യമാണെന്നും, എങ്കില്‍ മാത്രമേ നമ്മളുടെ രാജ്യം അഭിവൃദ്ധി കൈവരിക്കു എന്നും സൂചിപ്പിക്കുകയുണ്ടായി.തന്റെ ആരാധകര്‍ക്കും പിന്തുണ നല്‍കുന്നവര്‍ക്കും ആവേശം പകരുന്ന വാക്കുകള്‍ സമ്മാനിച്ചു രജനി. ഇതിലൂടെ അദ്ദേഹം ഒരു സൂചനയാണു നല്‍കിയത്; രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനമാണ് ആ സൂചനയിലുള്ളത്, സിനിമയിലേതു പോലെ, സവിശേഷമായ രീതിയിലുള്ള രജനി സ്‌റ്റൈലിലുള്ള രാഷ്ട്രീയ പ്രവേശനം.

തമിഴ്‌നാട്ടില്‍ രജനീകാന്തിനുള്ള പിന്തുണയെ, പ്രശസ്തി തുടങ്ങിയവയെ കുറിച്ച് അദ്ദേഹം ബോധവാനാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ഇത്രയും കാലം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ 19-ാം തീയതി അദ്ദേഹം ചെന്നൈയില്‍ ആരാധകരോടായി നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയം മാത്രമാണ് ഉണ്ടായിരുന്നത്. ‘ എനിക്ക് ഒരു തൊഴിലുണ്ട്. എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്, നിങ്ങള്‍ക്കുമുണ്ട് തൊഴിലും ഉത്തരവാദിത്വവും. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ മികവ് പുലര്‍ത്തൂ. നമ്മള്‍ക്കു വീണ്ടും കാണാം, പോരാട്ടത്തിന്റെ സമയമെത്തുമ്പോള്‍’ രജനി പറഞ്ഞു. ഈ വാക്കുകളില്‍നിന്നും വ്യക്തമായിരിക്കുന്നു രജനിയുടെ രാഷ്ട്രീയം.

1996-ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു രജനികാന്ത് പറയുകയുണ്ടായി ജയലളിത അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍, തമിഴ്‌നാടിനെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ലെന്ന്. അന്നു തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ജയലളിതയുടെ മരണത്തിനു ശേഷം രജനികാന്ത് ജയലളിതയെ കോഹിനൂര്‍ രത്‌നമെന്നു വിശേഷിപ്പിക്കുകയും, 1996-ല്‍ ജയലളിതയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ജയലളിതയുടെ മരണത്തോടെയും, കരുണാനിധിയുടെ അനാരോഗ്യത്തെ തുടര്‍ന്നും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യത രൂപപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ കാലശേഷം എഐഎഡിഎംകെയില്‍ യഥാര്‍ഥ പിന്‍ഗാമിയെ കണ്ടെത്താനാവാതെ വന്നത് വലിയൊരു പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചിരിക്കുന്നു.

എഐഎഡിഎംകെ പാര്‍ട്ടിയുടെ പ്രധാന എതിരാളിയായ ഡിഎംകെയിലാവട്ടെ, കരുണാനിധിയുടെ പിന്‍ഗാമിയായ മകന്‍ സ്റ്റാലിന് വേണ്ടത്ര പിന്തുണ ആര്‍ജ്ജിക്കാനായിട്ടില്ല. കരുണാനിധിയെ പോലെ രാഷ്ട്രീയ നിപുണതയുമില്ല. മാത്രമല്ല, ഡിഎംകെയിലുമുണ്ട് വേര്‍തിരിവും വിഭാഗീയതും. ഈ സാഹചര്യത്തിലാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചാവിഷയമായിരിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ശൂന്യതയുണ്ട്, ഒരൊഴിവുണ്ട്. ഈ ഒഴിവ് നികത്താന്‍ രജനികാന്ത് ഇഷ്ടപ്പെടുന്നുമുണ്ട്. അതാണു യാഥാര്‍ഥ്യം. തമിഴ്‌നാടിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങിയ നേതാക്കളെല്ലാം തന്നെ സിനിമാ മേഖലയില്‍ നിന്നുള്ളവരായിരുന്നു എന്നതാണ് അത്. എംജിആറും, എം കരുണാനിധിയും ജെ ജയലളിതയും സിനിമാ ലോകത്ത് തിളങ്ങിയവരാണ്. കരുണാനിധി തിരക്കഥയൊരുക്കിയ സിനികളിലെ നായകനായിരുന്നു എംജിആര്‍. നിരവധി ചിത്രങ്ങളില്‍ എംജിആറിന്റെ നായികയായിരുന്നു ജയലളിത. ഇവര്‍ സിനിമ ഉപേക്ഷിച്ചതിനു ശേഷം 1980,1990-കളില്‍ തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങുകയും ചെയ്തു. നീണ്ട പതിറ്റാണ്ടുകാലം തമിഴ്‌നാട്ടില്‍ അധികാരം മാറി മാറി ഭരിച്ചത് ഇവരായിരുന്നു.

രജനികാന്തിന്റെ ചരിത്രവും വ്യത്യസ്തമല്ല. നാല് പതിറ്റാണ്ട് കാലമായി സിനിമ ലോകത്ത് സജീവസാന്നിധ്യമാണ് രജനികാന്ത്. താര ആരാധനയുടെ കൊടുമുടിയിലെത്തിയ വ്യക്തിയാണ് രജനികാന്ത്. രജനികാന്തിനെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ കിലോമീറ്ററുകള്‍ ക്യൂ നില്‍ക്കുന്ന കാഴ്ച ഇന്നും തമിഴ്‌നാട്ടിലുണ്ട്. പക്ഷേ, സിനിമയിലൂടെ നേടിയെടുത്ത ജനപിന്തുണ രജനിക്ക് രാഷ്ട്രീയത്തില്‍ ലഭിക്കുമോ എന്നതാണു ചോദ്യം. മുന്‍കൂറായി തയാറാക്കിയ തിരക്കഥ പോലെ രാഷ്ട്രീയത്തില്‍ ഒരിക്കലും കാര്യങ്ങള്‍ നടക്കില്ല. രാഷ്ട്രീയത്തില്‍ തിരക്കഥ ചാണക്യന്‍ രീതിയിലുള്ളതാണ്. എതിര്‍ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക, വിരോധം പ്രദര്‍ശിപ്പിക്കുക എന്നതാണു ആ ശൈലിയുടെ ഒരു വശം. അഴിമതിക്കെതിരേ, ദുര്‍ഭരണത്തിനെതിരേ സിനിമയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയിച്ചിട്ടുണ്ട് രജനീകാന്ത്. പക്ഷേ ഇതൊക്കെ സിനിമയില്‍ മാത്രം സാധ്യമാകുന്ന കാര്യമാണ്.

രാഷ്ട്രീയത്തില്‍ രജനീകാന്തിന് ഒറ്റയാള്‍ പോരാട്ടം നടത്തുക സാധ്യമല്ല. അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ ആദ്യം കാഴ്ചപ്പാട് വേണം. അവ പ്രചരിപ്പിക്കണം. ഇതിനായി യോജിച്ച അനുയായികളെ കണ്ടെത്തണം. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രജനികാന്ത് ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നോ നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നോ പ്രസ്താവിച്ചിട്ടുമില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത അദ്ദേഹം ബിജെപിയില്‍ ഉടന്‍ അംഗത്വമെടുക്കുമെന്നാണ്. എന്നാല്‍ ബിജെപിയില്‍ രജനികാന്ത് ഉടന്‍ അംഗത്വമെടുക്കുമെന്നു സജീവമായി പ്രചരിക്കുമ്പോഴും ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് അനുകൂലമായി രജനികാന്ത് സംസാരിച്ചതും കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മയുമായി രജനികാന്ത് ചര്‍ച്ച നടത്തിയതും സമീപദിവസങ്ങളിലായിരുന്നു.

Comments

comments

Categories: Politics, Top Stories