പനാമ പേപ്പറുകള്‍ വിനയാകുന്നു ; ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു

പനാമ പേപ്പറുകള്‍ വിനയാകുന്നു ; ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു

ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നവാസ് ഷെരീഫ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാകിസ്ഥാനില്‍ അഭിഭാഷകരുടെ സംഘടന പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. പാകിസ്ഥാനിലെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണു ഷെരീഫിന്റെ രാജ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണു സംഘടന രാജ്യമൊട്ടാകെ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

പനാമ പേപ്പറുകളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിധിയില്‍ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ ഷെരീഫ് അര്‍ഹനല്ലെന്നു വ്യക്തിമാക്കിയിട്ടുണ്ടെന്നു സുപ്രീം കോടതി ബാര്‍ അസോസിയേഷനും, ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണു ഷെരീഫിന്റെ രാജി ആവശ്യമുന്നയിച്ച് സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ഈ മാസം 19നു സുപ്രീം കോടതി ബാര്‍ അസോസിയേഷനിലെയും, ലാഹോര്‍ കോടതി ബാര്‍ അസോസിയേഷനിലെയും അഭിഭാഷകരും ഷെരീഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ്(നവാസ്) സംഘടനയില്‍പ്പെട്ട അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പാകിസ്ഥാന്‍ ലോയേഴ്‌സ് റപ്രസന്റേറ്റീവ്‌സ് കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു സംഭവം. പൊലീസ് ഇടപെട്ടാണു അഭിഭാഷകരുടെ സംഘര്‍ഷം ലഘൂകരിച്ചത്. ഇൗ സംഭവത്തിനു ശേഷമാണു ഷെരീഫ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക സംഘടന രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണു ഷെരീഫിനെ പ്രതിക്കൂട്ടിലാക്കിയ പനാമ പേപ്പറുകള്‍ മൊസാക് ഫൊണ്‍സേക എന്ന ലോകത്തിലെ നാലാമത്തെ വലിയ നിയമ സ്ഥാപനം പുറത്തുവിട്ടത്. ഇൗ രേഖകളില്‍ ലോകത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍, ബിസിനസുകാര്‍, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോടീശ്വരന്മാര്‍ തുടങ്ങയിവര്‍ നികുതി പണം അടയ്ക്കുന്നത് ഒഴിവാക്കാനും കള്ളപ്പണം വെളുപ്പിക്കാനും പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തി. ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളില്‍ ഷെരീഫിന്റെ മക്കളുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണു ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടു പാകിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കവേ, ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Top Stories, World