ജിഎസ്ടിയുടെ ഫലമായി എണ്ണക്കമ്പനികള്‍ക്ക് 25,000 കോടിയുടെ തിരിച്ചടി

ജിഎസ്ടിയുടെ ഫലമായി എണ്ണക്കമ്പനികള്‍ക്ക് 25,000 കോടിയുടെ തിരിച്ചടി

എണ്ണകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടു നികുതി വ്യവസ്ഥ പാലിക്കേണ്ടി വരും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് മൊത്തത്തില്‍ പ്രതിവര്‍ഷം 25,000 കോടി രൂപയുടെ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍. അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഏറിയ പങ്കും പുതിയ നികുതി സംവിധാനമായ ജിഎസ്ടിയുടെ പരിധിയിക്ക് പുറത്തായതിനാലാണിതെന്ന് ഓയില്‍ ആന്റ് നാച്വറല്‍ ഗാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ധനകാര്യ മേധാവി പറഞ്ഞു. നിരവധി സാധനങ്ങളെയും സേവനങ്ങളെയും ഉള്‍പ്പെടുത്തി ജിഎസ്ടി ജൂലൈ 1 മുതലാണ് ഇന്ത്യയില്‍ നടപ്പാക്കുന്നത്. എന്നാല്‍ അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം മുതലായവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഉറവിടമായ എണ്ണവില്‍പ്പനയില്‍ നിന്നുള്ള നികുതി വരുമാനം നഷ്ടപ്പെടുമെന്ന സംസ്ഥാനങ്ങളുടെ ഭയം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജിഎസ്ടിയില്‍ നിന്ന് ഈ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയത്. എന്നാല്‍ മറ്റ് എണ്ണ ഉല്‍പ്പന്നങ്ങളായ മണ്ണെണ്ണ, ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത തുടങ്ങിയവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് എണ്ണക്കമ്പനികള്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായി പഴയതും പുതിയതുമായ നികുതി വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. എപ്ലാന്റ്, യന്ത്രങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്ക് ഒരു എണ്ണക്കമ്പനി നല്‍കുന്ന ജിഎസ്ടി ക്രൂഡ് ഓയില്‍, പെട്രോള്‍,ഡീസല്‍ തുടങ്ങിയവയുടെ മൂല്യ വര്‍ധിത നികുതി കണക്കാക്കുന്നതില്‍ പരിഗണിക്കപ്പെടില്ല.

ഇത് ഉല്‍പ്പാദന ചെലവുകള്‍ ഉയര്‍ത്താനിടയാക്കുമെന്നും ഒഎന്‍ജിസിക്ക് മാത്രമായി 6000-7000 കോടി രൂപയുടെ സമ്മര്‍ദം നേരിടുമെന്നും ഒഎന്‍ിജിസി ഫിനാന്‍സ് ഡയറക്റ്ററായ എ കെ ശ്രീനിവാസന്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ക്ക് മൊത്തത്തില്‍ 15,000 കോടി രൂപയുടെ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എണ്ണക്കമ്പനികളുടെ ലാഭത്തിലും പ്രതിഫലിക്കും.

എണ്ണ കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതിഭാരം ചുമത്തുന്നത് മൊത്തം സമ്പദ്‌വ്യവസ്ഥയില്‍ വിലക്കയറ്റത്തിനിടയാക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന സബ്‌സിഡിയുള്ള മണ്ണെണ്ണ, എല്‍പിജി എന്നിവയ്ക്ക് ജിഎസ്ടിയുടെ കീഴില്‍ 5 ശതമാനം നികുതി നിരക്ക് ബാധകമായിരിക്കും. പ്രധാനപ്പെട്ട സംസ്ഥാനങ്ങളെല്ലാം മണ്ണെണ്ണക്ക് 5 ശതമാനം നികുതിയാണ് ഇപ്പോള്‍ ചുമത്തുന്നത്. പല സംസ്ഥാനങ്ങളിലും പാചക വാതകത്തിന് നികുതിയില്ല. ഇരട്ട നികുതി വ്യവസ്ഥ അനുസരിക്കേണ്ടിവരുമെന്നതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് അമിത ഭാരമുണ്ടാക്കുമെന്നും കെപിഎംജി പരോക്ഷനികുതി പങ്കാളിയായ പ്രിയാജിത് ഘോഷ് പറഞ്ഞു.

Comments

comments

Categories: Business & Economy