ഐടി രംഗത്തെ നിയമനങ്ങളില്‍ 24% ഇടിവ്

ഐടി രംഗത്തെ നിയമനങ്ങളില്‍ 24% ഇടിവ്
നൗക്രി ഡോട്ട് കോം ആണ് സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തെ ഐടി വ്യാവസായിക രംഗത്ത് നടന്നിട്ടുള്ള നിയമനങ്ങളില്‍ 24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വെ. ഐടി രംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ പല പ്രമുഖ ടെക് കമ്പനികളും ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോബ് പോര്‍ട്ടലായ നൗക്രി ഡോട്ട് കോം ആണ് സര്‍വെ നടത്തിയത്.

തൊഴില്‍ വിപണിയിലെ മൊത്തത്തിലുള്ള കണക്കെടുത്താല്‍ പുതിയ നിയമനങ്ങളില്‍ 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഐടി സോഫ്റ്റ്‌വെയര്‍ വ്യവസായത്തിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളത്. 2016 ഏപ്രിലിനെ അപേക്ഷിച്ച് 2017 ഏപ്രിലില്‍ ഐടി സോഫ്റ്റ്‌വെയര്‍ രംഗം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിയമനങ്ങളില്‍ 24 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് നൗക്രി ജോബ് സ്പീക്ക് സൂചിക വ്യക്തമാക്കുന്നത്.

ഡെല്‍ഹി, മുബൈ, ബെഗളൂരു, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളല്‍ം നടന്നിട്ടുള്ള നിയമനങ്ങളിലും കുറവ് വന്നിട്ടുണ്ടെന്ന് സര്‍വെ ചൂണ്ടിക്കാട്ടി. എട്ട് മെട്രോകളില്‍ ആറ് മെട്രോകളിലും നിയമനത്തില്‍ കുറവ് വന്നിട്ടുണ്ട്. 0-3 വര്‍ഷം വരെ പ്രവൃത്തി പരിചയം വേണ്ട വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഉന്നത മാനേജ്‌മെന്റ് തലത്തിലുള്ള നിയമനങ്ങളിലും കുറവ് രേഖപ്പെടുത്തി. 13-16 വര്‍ഷം പ്രവൃത്തി പരിചയം മാനദണ്ഡമായുള്ള വിഭാഗങ്ങളില്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ടെലികോം, ബിപിഒ, ഇന്‍ഷുറന്‍സ്, നിര്‍മാണ രംഗം തുടങ്ങിയ മേഖലകളില്‍ നടന്നിട്ടുള്ള നിയമന പ്രവര്‍ത്തനങ്ങളിലും ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്. പ്രധാന വ്യാവസായിക മേഖലകളായ ബിപിഒ, നിര്‍മാണ മേഖലകളില്‍ യഥാക്രമം 12 ശതമാനത്തിന്റെയും 10 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ബാങ്കിംഗ് രംഗത്തെ നിയമന പ്രവര്‍ത്തനങ്ങളില്‍ 11 ശതമാനത്തിന്റെ വളര്‍ച്ച നിരീക്ഷിക്കാനായി.

നേരത്തെ പ്രവചിക്കപ്പെട്ടതുപോലെ, തൊഴില്‍ വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരുമെന്നും ഏപ്രില്‍ മാസത്തില്‍ തൊഴിലവസര സൂചികയില്‍ 11 ശതമാനം (വാര്‍ഷിക ഇടിവ്) നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതായും നൗക്രി ഡോട്ട് കോം ചീഫ് സെയ്ല്‍സ് ഓഫീസര്‍ വി സുരേഷ് പറഞ്ഞു. ഐടി, ബിപിഒ, ടെലികോം, ഇന്‍ഷുറന്‍സ്, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വലിയ ഇടിവുണ്ടായിട്ടുള്ളതെന്നും അടുത്ത കുറച്ച് മാസത്തേക്കു കൂടി ഈ നില തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Top Stories