കെജ്‌രിവാളിനെതിരേ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി ഹര്‍ജി സമര്‍പ്പിച്ചു

കെജ്‌രിവാളിനെതിരേ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കെജ്‌രിവാള്‍-ജെയ്റ്റ്‌ലി തര്‍ക്കം രൂക്ഷമാകുന്നു. കെജ്‌രിവാളിനു വേണ്ടി കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ റാംജെഠ് മലാനി അധിക്ഷേപാര്‍ഹമായ വാക്കുകള്‍ ഉപയോഗിച്ചെന്നു ചൂണ്ടിക്കാണിച്ചാണു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കെജ്‌രിവാളിനെതിരേ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയില്‍ വ്യാഴാഴ്ച വിചാരണ പുരോഗമിക്കവേ, 93-കാരനായ അഭിഭാഷകന്‍ റാംജെഠ് മലാനി, കേന്ദ്രമന്ത്രി ജെയ്റ്റ്‌ലിയെ വഞ്ചന, കുറ്റകൃത്യം തുടങ്ങിയവയാല്‍ കുറ്റക്കാരനായ വ്യക്തിയെന്നു (being ‘guilty of crimes and crookery’ ) വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണം ജെയ്റ്റ്‌ലിയെ കുപിതനാക്കി. ഇതേ തുടര്‍ന്നു ജെയ്റ്റ്‌ലി, റാംജെഠ് മലാനിയോടു വിശദീകരണം ആവശ്യപ്പെട്ടു.

വഞ്ചകന്‍ (crook ) എന്ന പദം ഉപയോഗിച്ചതു സ്വന്തം നിലയ്ക്കാണോ അതോ കക്ഷിയായ കെജ്‌രിവാളിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണോ എന്നു ചോദിച്ചു. സ്വന്തം നിലയിലാണ് ഉപയോഗിച്ചതെങ്കില്‍ മലാനിക്കെതിരേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ (ബിസിഐ) പരാതിപ്പെടുമെന്നും, അതല്ല കക്ഷിയായ കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണ് ഉപയോഗിച്ചതെങ്കില്‍ അപകീര്‍ത്തിപ്പെടുത്തിയതിനു കെജ്‌രിവാളിനെതിരേ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിക്കുമെന്നും ജെയ്റ്റ്‌ലിയുടെ അഭിഭാഷകരായ രാജീവ് നായരും സന്ദീപ് സേഥിയും പറഞ്ഞു.സ്വന്തം നിലയിലല്ല, കെജ് രിവാളിന്റെ നിര്‍ദേശപ്രകാരമാണു വാക്കുകള്‍ എന്ന് റാംജെഠ് മലാനി അറിയിച്ചു. ഇതേ തുടര്‍ന്നാണു തിങ്കളാഴ്ച കെജ്‌രിവാളിനെതിരേ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

വ്യാജ കമ്പനികളുമായി ജെയ്റ്റ്‌ലിക്കും ഭാര്യക്കും മകള്‍ക്കും ബന്ധമുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ അനുയായികളായ അഞ്ച് ആം ആദ്മി പാര്‍ട്ടിയംഗങ്ങള്‍ക്കുമെതിരേ ജെയ്റ്റ്‌ലി ഹര്‍ജി നേരത്തേ സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമേ ജെയ്റ്റ്‌ലി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന 1999 ഡിസംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ക്രമക്കേടുകള്‍ നടന്നിരുന്നെന്നും കെജ്‌രിവാളും അഞ്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ഇതിനെതിരേയും ജെയ്റ്റ്‌ലി പരാതി സമര്‍പ്പിച്ചിരുന്നു.

Comments

comments

Categories: Politics, Top Stories