ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസിലേക്ക് 800 ഇന്ത്യന്‍ കമ്പനികള്‍

ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസിലേക്ക് 800 ഇന്ത്യന്‍ കമ്പനികള്‍

മുംബൈ: ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസ് വേര്‍ഷന്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 800 ഇന്ത്യന്‍ കമ്പനികളുമായുള്ള കരാറില്‍ കമ്പനി ഒപ്പുവെച്ചു. ഭാരതി എയര്‍ടെല്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവരുള്‍പ്പടെയുള്ള കമ്പനികളുമായാണ് ഫേസ്ബുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

ഇതുവഴി എന്റര്‍പ്രൈസ് കമ്യൂണിക്കേഷന്‍ ആപ്പ് രംഗത്ത് ഇന്ത്യയെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് വര്‍ക്ക്‌പ്ലേസ് ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഉല്‍പ്പന്നമാണ്. മേക്ക് മൈ ട്രിപ്, ഗോദ്‌റെജ്, പിഡിലൈറ്റ്, സ്റ്റോര്‍കിംഗ്, ജുഗ്നു എന്നിവരാണ് ഇതിന്റെ ഇന്ത്യയിലെ പ്രമുഖ ഉപഭോക്താക്കള്‍. ആഗോളതലത്തില്‍ 14,000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

ഒരു കമ്പനിയിലെയോ സംഘടനയിലെയോ അംഗങ്ങള്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള സഹപ്രവര്‍ത്തകരുമായി ഇനി തല്‍സമയം സംവദിക്കാനും ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്താനും കഴിയുന്നതാണ് ഈ ആപ്ലിക്കേഷന്‍. ഇ-മെയില്‍, മെയിലിംഗ് ലിസ്റ്റ്, ന്യൂസ്‌ലെറ്ററുകള്‍, മറ്റു മാര്‍ഗങ്ങള്‍ എന്നിവ വഴിയായിരിക്കും ആളുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിന് കഴിയുന്നത്. ഇന്ത്യയിലെ 21 ഭാഷകളില്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

നേരത്തെ ഫേസ്ബുക് അറ്റ് വര്‍ക്ക് എന്ന അറിയപ്പെട്ടിരുന്ന വര്‍ക്ക്‌പ്ലേസ് ആപ്പില്‍ ന്യൂസ് ഫീഡ്, ഗ്രൂപ്പ് രൂപീകരണത്തിനും ഷെയറിംഗിനുമുള്ള സൗകര്യം, ലൈവ്, റിയാക്ഷന്‍സ്, സെര്‍ച്ച്, ട്രെന്റിംഗ് പോസ്റ്റ് തുടങ്ങി ഫേസ്ബുക്കില്‍ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ വര്‍ക്ക്‌പ്ലേസിന്റെ വളര്‍ച്ച വളരെ വേഗത്തിലാണെന്നും കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy