മോദി സര്‍ക്കാര്‍ കൈക്കൊണ്ടു ; ബിസിനസ് എളുപ്പമാക്കാന്‍ 7,000 നടപടികള്‍

മോദി സര്‍ക്കാര്‍ കൈക്കൊണ്ടു ; ബിസിനസ് എളുപ്പമാക്കാന്‍ 7,000 നടപടികള്‍
ലോകബാങ്ക് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിലിടം 
നേടാനാണ് ഇന്ത്യയുടെ ശ്രമം

ന്യൂഡെല്‍ഹി: രാജ്യത്ത് ബിസിനസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിനും ചെറുതും വലുതുമായ 7,000ത്തിലകം ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യാവസായികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ബിസിനസ് സൗഹൃദ രാഷ്ട്രമായി ഇന്ത്യയെ നയിക്കുന്നതിന് വലുതും ചെറുതും ഇടത്തരം വിഭാഗത്തില്‍പ്പെട്ടതുമായ 7000ത്തോളം നടപടിക്രമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായി ബിസിനസ് സുഗമമാക്കുകയെന്നത് പ്രധാന അജണ്ടയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിന്റെ പ്രയോജനങ്ങള്‍ വഴിയെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആപ്ലിക്കേഷനുകളുടെ ക്ലിയറന്‍സിന് നിശ്ചിത സമയം നിശ്ചയിക്കല്‍, ഏക ജാലക പദ്ധതിയായ ഇ-ബിസ്, കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട രേഖകളുടെ എണ്ണം കുറയ്ക്കല്‍, ഏകീകൃത ഫോറം വഴി എല്ലാ ഓണ്‍ലൈന്‍ റിട്ടേണുകളും നിര്‍ബന്ധമായും സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം, പല പ്രതിരോധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തിന് ഡീലൈസന്‍സിംഗ് ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്.

ലോക ബാങ്കിന്റെ ഏറ്റവും പുതിയ ‘ഡൂയിംഗ് ബിസിനസ്’ റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ റാങ്കിംഗ് 130 ആണ്. 2016ല്‍ ആദ്യം ഇന്ത്യക്ക് ലഭിച്ചത് ഇതേ റാങ്കിംഗ് ആയിരുന്നു. പിന്നീട് 2016ലെ റാങ്കിംഗ് റിവൈസ് ചെയ്തപ്പോള്‍ 131ലേക്ക് ഇന്ത്യ താഴ്ന്നു. വമ്പന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടും റാങ്കിംഗില്‍ ഒരു പോയ്ന്റ് മാത്രമാണ് ഇന്ത്യക്ക് മെച്ചപ്പെടുത്താനായത്. അതുകൊണ്ടുതന്നെ ലോകബാങ്ക് റാങ്കിംഗിനോട് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. രാജ്യത്ത് ബിസിനസ് സുഗമമാക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ ശരിയായ രീതിയില്‍ റാങ്കിംഗില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

പത്ത് വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ബിസിനസ് തുടങ്ങാനുള്ള സാഹചര്യം, കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ്, വായ്പാ സഹായം തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ഇന്ത്യയെ കൂടുതല്‍ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി വളര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിലൂടെ ലോക ബാങ്ക് റാങ്കിംഗില്‍ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉയര്‍ത്തുകയെന്നതാണ് മോദിയുടെ സ്വപ്നം. ബിസിനസ് പരിസ്ഥിതിയിലുണ്ടാകുന്ന പുരോഗതി ആഭ്യന്തര, വിദേശ നിക്ഷപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.

Comments

comments

Categories: Top Stories