സ്‌കോഡ കറോക്ക് അനാവരണം ചെയ്തു

സ്‌കോഡ കറോക്ക് അനാവരണം ചെയ്തു
ആഗോളതലത്തില്‍ അഞ്ച് എന്‍ജിന്‍ വേരിയന്റുകളിലാണ് സ്‌കോഡ കറോക്ക് ലഭ്യമാക്കുന്നത്

ന്യൂ ഡെല്‍ഹി : സ്‌കോഡ കറോക്ക് കോംപാക്റ്റ് എസ്‌യുവി ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്‌കോഡ കോഡിയാക്കിനുശേഷം ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് കറോക്ക്. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന സെഗ്‌മെന്റിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്‌കോഡയുടെ പൂര്‍ണ്ണമായും പുതിയ കോംപാക്റ്റ് എസ്‌യുവിയാണ് സ്‌കോഡ കറോക്ക്. സ്‌കോഡയുടെ പുതിയ എസ്‌യുവി ഡൈനാമിക് ഡിസൈന്‍ ഭാഷയാണ് കറോക്ക് പിന്തുടരുന്നത്. ആധുനിക ഡ്രൈവര്‍ അസ്സിസ്റ്റന്‍സ് സിസ്റ്റംസ്, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവ കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും കറോക്കിന്റെ സവിശേഷതകളാണ്. ആഗോളതലത്തില്‍ അഞ്ച് എന്‍ജിന്‍ വേരിയന്റുകളിലാണ് സ്‌കോഡ കറോക്ക് ലഭ്യമാക്കുന്നത്. 115 പിഎസ് മുതല്‍ 190 പിഎസ് വരെ ഈ എന്‍ജിനുകള്‍ കരുത്ത് പകരും. ഇവയില്‍ നാലെണ്ണം പുതിയ എന്‍ജിനുകളാണ്.

അഗ്രസീവ് എസ്‌യുവി ലുക്കാണ് ഡിസൈനര്‍മാര്‍ കറോക്കിന് നല്‍കിയിരിക്കുന്നതെന്ന് എക്‌സ്റ്റീരിയറില്‍നിന്ന് വ്യക്തമാണ്. അളവുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവിയുടെ നീളം 4,382 എംഎം, വീതി 1,841 എംഎം, ഉയരം 1,605 എംഎം എന്നിങ്ങനെയാണ്. വര്‍ദ്ധിച്ച വലുപ്പം യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. 69 എംഎം നീളത്തില്‍ കാല്‍മുട്ട് സ്‌പേസ് (kneeroom) ലഭിക്കുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. 2,638 എംഎം എന്ന നീളമേറിയ വീല്‍ബേസും കറോക്കിന് അവകാശപ്പട്ടതാണ്. ഓള്‍-വീല്‍ വേര്‍ഷന്റെ വീല്‍ബേസ് 2,630 എംഎം ആണ്. ഇതുവഴി കാറിന്റെ ഇന്റീരിയറില്‍ കൂടുതല്‍ സ്ഥലം ലഭിക്കും. 521 ലിറ്ററാണ് ബൂട്ട് കപ്പാസിറ്റി. പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് സ്‌പേസ് 1,630 ലിറ്ററായി വര്‍ധിക്കും.

ടോപ് വേരിയന്റുകളില്‍ ഗ്രൂപ്പിന്റെ രണ്ടാം തലമുറ മോഡുലാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് മാട്രിക്‌സിന്റേതാണ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ. കൊളംബസ്, അമുണ്ട്‌സെന്‍ ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ലിങ്ക് പ്ലസ് പ്ലാറ്റ്‌ഫോം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവ സപ്പോര്‍ട്ട് ചെയ്യും. ഹൈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ സ്മാര്‍ട്ട്‌ലിങ്ക് പ്ലസ് സ്റ്റാന്‍ഡേഡായി ലഭിക്കും.

ടോപ് വേരിയന്റുകളില്‍ ലെയ്ന്‍ അസ്സിസ്റ്റ്, ട്രാഫിക് ജാം അസ്സിസ്റ്റ് എന്നിവയുണ്ടാകും. ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്റ്റ്, ഫ്രണ്ട് അസ്സിസ്റ്റ് വിത്ത് പ്രെഡിക്റ്റീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, എമര്‍ജന്‍സി അസ്സിസ്റ്റ് എന്നിവ സുരക്ഷ വര്‍ധിപ്പിക്കും. രണ്ട് പെട്രോള്‍, മൂന്ന് ഡീസല്‍ എന്നിങ്ങനെ അഞ്ച് എന്‍ജിന്‍ വേരിയന്റുകളിലാണ് ആഗോളതലത്തില്‍ സ്‌കോഡ കറോക്ക് അവതരിപ്പിക്കുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനുകളും രണ്ട് ഡീസല്‍ എന്‍ജിനുകളും പുതിയതാണ്. 1.0, 1.5, 1.6, 2.0 എന്നിങ്ങനെയാണ് ഡിസ്‌പ്ലേസ്‌മെന്റ്.

എല്ലാ പവര്‍ട്രെയ്‌നുകളിലും ടര്‍ബോ ചാര്‍ജ്ഡ് ഡയറക്റ്റ് ഇഞ്ചക്ഷന്‍ യൂണിറ്റുകളും റീജനറേറ്റീവ് ബ്രേക്കിംഗ് സഹിതം സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സാങ്കേതികവിദ്യയും സവിശേഷതകളാണ്. ഏറ്റവും ശക്തിയേറിയ ഡീസല്‍ എന്‍ജിന്‍ ഒഴികെ മറ്റെല്ലാ ഡ്രൈവ്‌ട്രെയ്‌നുകളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോ 7 സ്പീഡ് ഡിഎസ്ജിയോ ആണ് ഘടിപ്പിച്ചിരിക്കുന്നത്. 190 ബിഎസ് കരുത്ത് പകരുന്ന 2.0 ടിഡിഐയില്‍ 4*4 ഡ്രൈവ് സാധ്യമാകും. 7 സ്പീഡ് ഡിഎസ്ജിയാണ് ട്രാന്‍സ്മിഷന്‍. പുതിയ 1.5 ടിഎസ്‌ഐയില്‍ സിലിണ്ടര്‍ ഡീആക്റ്റിവേഷന്‍ എന്ന സ്‌പെഷല്‍ ഫീച്ചര്‍ കാണും. സ്‌കോഡ കറോക്കിന്റെ അന്തര്‍ദേശീയ വിപണി അരങ്ങേറ്റം ഈ വര്‍ഷം രണ്ടാം പകുതിയില്‍ നടക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ കറോക്ക് ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto