പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി സച്ചിന്‍

പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി സച്ചിന്‍

ന്യൂഡല്‍ഹി: സച്ചിന്റെ ജീവചരിത്രം ആസ്പദമാക്കിയെടുത്ത സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ റിലീസിനു മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സച്ചിന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഇക്കാര്യം ചിത്രം സഹിതം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രവി ഭാഗ്ചന്ദ, ശ്രീകാന്ത് ഭാസി തുടങ്ങിയവര്‍ നിര്‍മാതാക്കളായ ചിത്രം ഈ മാസം 26-നാണ് റിലീസ് ചെയ്യുന്നത്. ജെയിംസ് ഇര്‍കിനാണു സംവിധായകന്‍. ഐപിഎല്‍ ക്രിക്കറ്റ് മത്സരം അവസാനിക്കുന്ന ദിവസമാണ് 26. അതേ ദിനം തന്നെയാണു ചിത്രത്തിന്റെ റിലീസിംഗും നടക്കുക.

ക്രിക്കറ്റ് കരിയറിലും അതിനു മുന്‍പുമുള്ള സച്ചിന്റെ പോരാട്ടങ്ങളാണു ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. വളരെ അപൂര്‍വ്വം പേര്‍ക്കു മാത്രമറിയാവുന്ന കാര്യങ്ങളായിരിക്കും ചിത്രത്തിലൂടെ പറയുന്നതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ചിത്രം നിര്‍മിക്കുന്നതിനു മുന്‍പ് സച്ചിന്റെ ആര്‍ക്കവൈസിലുള്ള ആയിരം മണിക്കൂര്‍ നേരമുള്ള ഫുട്ടേജുകള്‍ വീക്ഷിച്ചിരുന്നു. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞമാസം ജുഹു ഓഡിറ്റോറിയത്തില്‍ വച്ചാണു ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.

Comments

comments

Categories: Top Stories