സിഇഎസ്‌സി ലിമിറ്റഡ് പുനര്‍സംഘടിപ്പിക്കുമെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്

സിഇഎസ്‌സി ലിമിറ്റഡ് പുനര്‍സംഘടിപ്പിക്കുമെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്
നാലു കമ്പനികളായി വിഭജിക്കും; ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഊര്‍ജ വിതരണത്തില്‍

കൊല്‍ക്കത്ത: തങ്ങളുടെ ഉടമസ്ഥതയിലുള്ള കല്‍ക്കട്ട ഇലക്ട്രിക് സപ്ലൈ കോര്‍പ്പറേഷന്‍ പുനഃസംഘടിപ്പിച്ച് നാല് കമ്പനികളായി വിഭജിക്കുമെന്ന് ആര്‍ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ഊര്‍ജ വിതരണം സിഇഎസ്‌സി ലിമിറ്റഡിന്റെ കീഴിലും ഊര്‍ജ്ജ ഉല്‍പ്പാദനം സിഇഎസ്‌സി ജനറേഷന്റെയും കീഴിലായിരിക്കും. റീട്ടെയ്ല്‍ ബിസിനസായ സ്‌പെന്‍സര്‍ ഒരു പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കും. മറ്റെല്ലാ നോണ്‍ പവര്‍ ബിസിനസുകളും സിഇഎസ്‌സി വെഞ്ചേഴ്‌സിന് കീഴിലായിരിക്കുമെന്നും എന്നാല്‍ ഹോള്‍ഡിംഗ് കമ്പനി ഉണ്ടായിരിക്കില്ലെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക അറിയിച്ചു.

സിഇഎസ്‌സിയുടെ പൊതുഓഹരികളുടെ മൂലധനം 132 കോടി രൂപയാണ്. എന്നാല്‍ ഇത് പാരിതോഷികം അല്ലെങ്കില്‍ ബോണസിന് സമാനമായ വഴികളിലൂടെ 198 കോടി രൂപയായി ഉയര്‍ത്തി. വിഭജിച്ച് നാല് സംരംഭങ്ങളാക്കി പുതിയ ഓഹരികള്‍ നല്‍കുന്നത് വഴി ഓഹരിയുടമകള്‍ക്ക് 66 കോടി രൂപയുടെ അധിക മൂല്യം ലഭിക്കുമെന്നും ഗോയങ്ക അറിയിച്ചു. സിഇഎസ്‌സിയുടെ ഓരോ പത്ത് ഓഹരിയ്ക്കും ഒരു ഓഹരിയുടമയ്ക്ക് ഉല്‍പ്പാദനം , വിതരണം എന്നിവയുടെ കമ്പനികളില്‍ 10 രൂപയുടെ അഞ്ച് ഓഹരികള്‍ വീതം ലഭിക്കും. ഇതുനു പുറമേ സിഇഎസ്‌സി വെഞ്ച്വേഴ്‌സിലെ 2 ഓഹരികളും സ്‌പെന്‍സറിന്റെ 6 ഓഹരികളും (രണ്ടിനും 5 രൂപ മുഖവില) ലഭിക്കും. നിര്‍ദ്ദിഷ്ട ഓഹരി പങ്കിടലിനായി ഐസിഐസിഐ സെക്യൂരിറ്റീസ്, ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ബിഎസ്ആര്‍ ആന്റ് അസോസിയേറ്റ്‌സ് എല്‍എല്‍പി, വാക്കര്‍ ചാന്ദ്യോക് ആന്റ് കോ എല്‍എല്‍പി തുടങ്ങിയവരാണ് ഗോയങ്ക ഗ്രൂപ്പിനെ സഹായിച്ചത്.

നിലവിലെ കോര്‍പ്പറേറ്റ് ഘടന ലഘൂകരിക്കുന്നതിനാണ് പ്രധാനമായും ബിസിനസ് പുനഃസംഘടിപ്പിക്കുന്നത്. നാല് സംരംഭങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായാണ് പുനഃക്രമീകരണം നടപ്പാക്കുന്നത്. അഞ്ച് വിതരണ ലൈസന്‍സുകള്‍ ഉള്ള സിഇഎസ്‌സി ലിമിറ്റഡിന് 3.5 മില്യണ്‍ ഉപഭോക്താക്കളുണ്ട്. കൊല്‍ക്കത്തയിലും ഹൗറയിലുമായി ഒന്നും, രാജസ്ഥാനില്‍ മൂന്നും, ഗ്രേറ്റര്‍ നോയിഡയില്‍ ഒന്നുമാണ് കമ്പനിക്കുള്ള ലൈസന്‍സുകള്‍. ഉല്‍പ്പാദനത്തേക്കാള്‍ കൂടുതലായി വിതരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഗോയങ്ക പറയുന്നു.

താപം, പുനരുപയോഗ ഊര്‍ജം എന്നിവയിലുള്‍പ്പെടെ 2550 മെഗാവാട്ടിന്റെ മൊത്തം ഉല്‍പ്പാദനമായിരിക്കും സിഇഎസ്‌സി ജനറേഷന്‍ നടത്തുക. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം ചതുരശ്ര അടി വരെ കൂട്ടിച്ചേര്‍ത്ത് ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ സ്‌പെന്‍സറിനെ വ്യാപിപ്പിക്കുമെന്നും ഗോയങ്ക പറഞ്ഞു. നിലവില്‍ റീട്ടെയ്ല്‍ മേഖലയില്‍ 12 ലക്ഷം ചതുരശ്ര അടിയാണ് സ്‌പെന്‍സര്‍ കൈകാര്യം ചെയ്യുന്നത്. അടുത്തിയെ എഫ്എംസിജി മേഖലയിലെ ഒരു കമ്പനിയെ ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സിഇഎസ്‌സി ലിമിറ്റഡിന്റെ കടബാധ്യത വളരെ കുറവാണെന്നും സ്‌പെന്‍സര്‍ കടവിമുക്തമാണെന്നും ഗോയങ്ക വ്യക്തമാക്കി.

Comments

comments

Categories: Business & Economy

Related Articles