പേടിഎമ്മില്‍ 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി സോഫ്റ്റ്ബാങ്ക്

പേടിഎമ്മില്‍ 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി സോഫ്റ്റ്ബാങ്ക്
ഇതോടെ പേടിഎമ്മില്‍ 20 ശതമാനം ഓഹരികള്‍ സോഫ്റ്റ്ബാങ്കിന് സ്വന്തമാകും

ബൈംഗളൂരു: മൊബീല്‍ പേമെന്റ് സേവനദാതാക്കളായ പേടിഎം ജാപ്പനീസ് ഇന്റെര്‍നെറ്റ്, ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും 9,000 കോടി രൂപ (1.4 ബില്യണ്‍ ഡോളര്‍) നിക്ഷേപം സ്വരൂപിച്ചു. ഇന്ത്യയിലെ ഒരു ഡിജിറ്റല്‍ സംരംഭത്തില്‍ സോഫ്റ്റ്ബാങ്ക് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. ഈ നിക്ഷേപത്തോടെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎമ്മിന്റെ ഏകദേശം അഞ്ചിലൊരു ഭാഗത്തോളം സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലാകും. പേടിഎമ്മിന്റെ മൂല്യം ഏഴ് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ് എന്ന ഖ്യാതിയും ഇതോടെ പേടിഎം സ്വന്തമാക്കി.

പേടിഎമ്മിന്റെ 20 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിന് സെക്കന്‍ഡറി ട്രാന്‍സാക്ഷന്‍ വഴി 400 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി സോഫ്റ്റ്ബാങ്ക് വാങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പേടിഎമ്മിന്റെ മുന്‍ നിക്ഷേപകരായ സെയ്ഫ് പാര്‍ട്‌ണേഴ്‌സില്‍ നിന്നായിരിക്കും പ്രധാനമായും സെക്കന്‍ഡറി ഓഹരികള്‍ വാങ്ങുന്നത്. സോഫ്റ്റ്ബാങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാസയോഷി സണിന് പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഉന്നതതലസമിതിയില്‍ അംഗത്വം നേടാനും ഇതോടെ സാധിക്കും. സോഫ്റ്റ്ബാങ്കിനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് ചൈനീസ് നിക്ഷേപകര്‍ക്ക് ഭൂരിപക്ഷം ഉടമസ്ഥാവകാശമുള്ള കമ്പനി എന്ന ധാരണ മാറ്റിയെടുക്കാന്‍ പേടിഎമ്മിനെ സഹായിക്കും.

പേടിഎമ്മുമായുള്ള സഹകരണം ആവേശമുണര്‍ത്തുന്നതാണെന്ന് മാസയോഷി സണ്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ സ്‌നാപ്ഡീല്‍, ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല, ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി സര്‍വീസ് ഗ്രോഫര്‍, ബജറ്റ് ഹോട്ടല്‍ ശൃംഖലയായ ഒയോ തുടങ്ങിയ കമ്പനികളെയും സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്. അടുത്തിടെ ഏകദേശം 3.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് ഈ കമ്പനികളില്‍ നടത്തിയിട്ടുള്ളത്.  പ്രതിസന്ധി നേരിടുന്ന സ്‌നാപ്ഡീല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടിന് വിറ്റൊഴിയാനുള്ള നീക്കം വിജയിച്ചാല്‍ പേടിഎമ്മിലും ഫഌപ്കാര്‍ട്ടിലും വലിയ ഓഹരി പങ്കാളിത്തം സോഫ്റ്റ്ബാങ്ക് നേടും. ആഗോള ഇന്റര്‍നെറ്റ് മേഖലയിലെ പ്രമുഖ നിക്ഷേപകരാണ് സോഫ്റ്റ്ബാങ്ക്. 90 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആലിബാബ ഗ്രൂപ്പില്‍ 28 ശതമാനം ഓഹരി പങ്കാളിത്തമാണ് സോഫ്റ്റ്ബാങ്കിനുള്ളത്.

Comments

comments

Categories: Business & Economy