സമഗ്ര വ്യാവസായിക നയം പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് അസോചം

സമഗ്ര വ്യാവസായിക നയം പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് അസോചം
നികുതി സന്തുലിതമാകണം, കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം

ചണ്ഡീഗഡ്: ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വളര്‍ച്ചയ്ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യ വര്‍ധനയ്ക്കും വേണ്ടി സമഗ്ര വ്യാവസായിക നയം പ്രഖ്യാപിക്കണമെന്ന് വ്യവസായ വാണിജ്യ സംഘടനയായ അസോചം പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അസോചവും തോട്ട് ആര്‍ബിട്രേജ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടും (ടിഎആര്‍ഐ) ചേര്‍ന്നാണ് നിര്‍ദേശം സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, തോട്ടക്കൃഷി, പാലും പാലുല്‍പ്പന്നങ്ങളും, പരുത്തി, തുണി മുതലായലവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കണം നയമെന്ന് അസോചം ദേശീയ സെക്രട്ടറി ജനറല്‍ ഡി. എസ് റാവത് പറഞ്ഞു.

കുറഞ്ഞ ജലം വേണ്ടുന്ന വിളകളായ പയര്‍, എണ്ണക്കുരു, പരുത്തി, ശീമച്ചോളം, തിന, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവടെ പഞ്ചാബ് പ്രോത്സാഹിപ്പിക്കേണ്ടതായുണ്ട്. മെച്ചപ്പെട്ട വിത്തുകള്‍ നല്‍കിക്കൊണ്ട് കമ്പോള സഹായസംവിധാനത്തിലൂടെ കര്‍ഷകന് ഈ വിളകളുടെ ന്യായവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നെല്‍ക്കൃഷിക്ക് കീഴിലുള്ള പ്രദേശങ്ങള്‍ കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. പരുത്തി, പഴങ്ങള്‍,പച്ചക്കറികള്‍, കടുക്, കര്‍പ്പൂരം, മഞ്ഞള്‍ മുതലായവയുടെ ഉല്‍പ്പാദനം ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. രാസവള സബ്‌സിഡി നയത്തില്‍ പുനഃപരിശോധന നടത്തണമെന്നും സബ്‌സിഡി നേരിട്ട് കര്‍ഷകര്‍ക്ക് കൈമാറണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

നികുതി ഘടനയില്‍ സന്തുലനാവസ്ഥ കൊണ്ടുവരണമെന്നും ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്കു ചരക്കുകള്‍ കൊണ്ടുപോകുമ്പോള്‍ ചെക്ക് പോസ്റ്റില്‍ കൊടുക്കേണ്ട ടാക്‌സും (ഒക്ട്രോയ്) പശു നികുതിയും പിന്‍വലിക്കണം. ഐടി വ്യവസായങ്ങളെ അമൃത്സര്‍, ജലന്ധര്‍, ലുധിയാന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വികസിപ്പിക്കണം, ധനകാര്യ സാക്ഷരതാ വ്യാപിപ്പിക്കുന്നതിന് ധന സ്ഥാപനങ്ങളെ സഹായിക്കണം, വ്യക്തമായ ആരോഗ്യ നയം കൊണ്ടുവരണം തുടങ്ങി സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് അസോചവും ടിഎആര്‍ഐയും മുന്നോട്ടുവെച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy