യുഎസില്‍ 58-കാരനായ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍ വച്ച് മരിച്ചു

യുഎസില്‍ 58-കാരനായ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍ വച്ച് മരിച്ചു

വാഷിംഗ്ടണ്‍: മതിയായ കുടിയേറ്റ രേഖകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് അധികൃതര്‍ തടഞ്ഞുവച്ച 58-കാരനായ ഇന്ത്യന്‍ വംശജന്‍ അറ്റ്‌ലാന്റ ആശുപത്രിയില്‍ വച്ചു മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായി പട്ടേലാണു ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വച്ചു മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് ഔദ്യോഗിക വിശദീകരണം. മെയ് 10-നാണ് പട്ടേല്‍ ഇക്വഡോറില്‍നിന്നും അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.

എന്നാല്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പട്ടേലിനെ യുഎസിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും വിലക്കി. മതിയായ ഇമിഗ്രേഷന്‍ രേഖകളില്ലാതിരുന്നതിനെ തുടര്‍ന്നാണു വിലക്കിയതെന്നു യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ന്ന് അറ്റ്‌ലാന്റ സിറ്റി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. അവിടെ വച്ചു പട്ടേലിനെ പ്രാഥമിക മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കിയപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഡയബെറ്റിസുമുള്ളതായി തെളിഞ്ഞു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് അന്ത്യം സംഭവിച്ചത്.

Comments

comments

Categories: Top Stories, World