ഫുഡ് ടെക്‌നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റകള്‍ മോഷ്ടിച്ചു

ഫുഡ് ടെക്‌നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റകള്‍ മോഷ്ടിച്ചു

ന്യൂഡല്‍ഹി: റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിനു മുന്‍പു മറ്റൊരു സൈബര്‍ ആക്രമണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഫുഡ് ടെക്‌നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റ ബേസ്(കമ്പ്യൂട്ടറില്‍ ശേഖരിച്ചു വച്ചിട്ടുള്ള വസ്തുതകള്‍) മോഷ്ടിച്ചതായി കമ്പനി ബ്ലോഗിലൂടെ അറിയിച്ചു. 17 മില്യന്‍(1 കോടി 70 ലക്ഷം) ഉപയോക്താക്കളുടെ രേഖകളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ പെയ്‌മെന്റ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നു കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ ഇ-മെയ്ല്‍ വിലാസങ്ങളും, പാസ്‌വേഡുകളുമാണു മോഷ്ടിച്ചത്.

സൊമാറ്റോയില്‍നിന്നും മോഷ്ടിച്ച ഡേറ്റകള്‍ ഓണ്‍ലൈനില്‍ വില്പന നടത്തിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. മോഷ്ടിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പനയ്ക്കായി വിലയിട്ടത് 1,001.43 യുഎസ് ഡോളറിനാണ്. (0.5587 ബിറ്റ് കോയ്ന്‍ വില). Hackeread.com എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്, ‘nclay’ എന്ന പേരിലുള്ള ഹാക്കറാണു സൊമാറ്റോയുടെ ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തിയതെന്നാണ്. ഭക്ഷണ ഓര്‍ഡര്‍ ശേഖരിച്ചതിനു ശേഷം വിതരണം നടത്തുന്ന കമ്പനിയാണു സൊമാറ്റോ. 120 മില്യന്‍ പേര്‍ സൊമാറ്റോയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ന്നെന്ന് മനസിലാക്കിയതോടെ കമ്പനി ഉപയോക്താക്കളുടെ പാസ്‌വേഡ് പുനക്രമീകരിച്ചതായി (റീസെറ്റ്) അറിയിച്ചു. ആദ്യമായിട്ടല്ല സൊമാറ്റോക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നത്. 2015-ല്‍ കമ്പനി ഹാക്കിംഗിനു വിധേയമായിട്ടുണ്ട്.

Comments

comments