കാപ്പിറ്റല്‍ ഫസ്റ്റിലെ 25 ശതമാനം ഓഹരികള്‍ വാര്‍ബെര്‍ഗ് പിന്‍കസ് വിറ്റു

കാപ്പിറ്റല്‍ ഫസ്റ്റിലെ 25 ശതമാനം ഓഹരികള്‍ വാര്‍ബെര്‍ഗ് പിന്‍കസ് വിറ്റു
വാര്‍ബെര്‍ഗിന്റെ ഓഹരി പങ്കാളിത്തം 36 ശതമാനത്തോളമായി കുറഞ്ഞു

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം കാപ്പിറ്റല്‍ ഫസ്റ്റിലെ 25 ശതമാനം ഓഹരികള്‍ യുഎസ് ആസ്ഥാനമാക്കിയ സ്വകാര്യ നിക്ഷേപകരായ വാര്‍ബെര്‍ഗ് പിന്‍കസ് വിറ്റു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരി വില്‍പ്പന. ഇതോടെ കാപ്പിറ്റല്‍ ഫസ്റ്റിലെ വാര്‍ബെര്‍ഗിന്റെ ഓഹരി പങ്കാളിത്തം 36 ശതമാനത്തോളമായി കുറഞ്ഞു.വാര്‍ബെര്‍ഗ് പിന്‍കസിന്റെ അനുബന്ധ കമ്പനിയായ ക്ലവര്‍ഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ് സിംഗപ്പൂരിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി പേറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്കും മാര്‍ക്യൂ ഗ്ലോബലിനുമാണ് ഓഹരികള്‍ കൈമാറിയത്. എന്നാല്‍ ഇടപാടിനെക്കുറിച്ചും മറ്റ് നിക്ഷേപകരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കാപ്പിറ്റല്‍ ഫസ്റ്റ് പുറത്തുവിട്ടിട്ടില്ല.

വാര്‍ബെര്‍ഗ് പിന്‍കസിന്റെ അനുബന്ധ കമ്പനികള്‍ കാപ്പിറ്റല്‍ ഫസ്റ്റിലെ ഓഹരി പങ്കാളിത്തം തുടരും. കാപ്പിറ്റല്‍ ഫസ്റ്റിനെ പിന്തുണയ്ക്കുന്നതിന് പുതിയ നിക്ഷേപകരെ ക്ഷണിക്കുന്നുണ്ടെന്ന് വാര്‍ബെര്‍ഗ് പിന്‍കസ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിശാല്‍ മഹാദേവിയ പറഞ്ഞു. ഇടപാടിന്റെ ഭാഗമായി കാപ്പിറ്റല്‍ ഫസ്റ്റിലെ 8.93 ശതമാനം ഓഹരികള്‍ വാങ്ങിക്കൊണ്ട് ജിഐസി മൊത്തം ഓഹരി ഉടമസ്ഥത 13.91 ശതമാനമാക്കി ഉയര്‍ത്തി. ജിഐസിയുടെ അനുബന്ധ കമ്പനി കാലഡിയം ഇന്‍വെസ്റ്റ്‌മെന്റ് കഴിഞ്ഞ നവംബറില്‍ കാപ്പിറ്റല്‍ ഫസ്റ്റില്‍ 340 കോടി രൂപ നിക്ഷേപിച്ചിരുന്നു.

ചെറുകിട, ഇടത്തരം സംരംഭം, ഉപഭോക്തൃ ധനകാര്യം എന്നിവയിലാണ് കാപ്പിറ്റല്‍ ഫസ്റ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും സ്വയംതൊഴില്‍ ചെയ്യുന്നവരിലും എന്‍ട്രി ലെവല്‍- മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് വീട്, ഇരുചക്രവാഹനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള വായ്പയും വസ്തുവിന്‍മേലുള്ള വായ്പയും കമ്പനി നല്‍കിവരുന്നു. കാപ്പിറ്റല്‍ ഫസ്റ്റ് കമ്മോഡിറ്റീസ്, കാപ്പിറ്റല്‍ ഫസ്റ്റ് ഹോം ഫിനാന്‍സ്, കാപ്പിറ്റല്‍ ഫസ്റ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിങ്ങനെ കമ്പനിക്ക് മൂന്ന് പ്രധാന ബിസിനസുകളുണ്ട്.

Comments

comments

Categories: Business & Economy