മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് യുഎഇ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് യുഎഇ
മേഖലയിലെ മൂന്നില്‍ ഒന്ന് നിക്ഷേപകരുള്ളത് യുഎഇയില്‍

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ടെക് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്ന സ്ഥാനം നാലാം വര്‍ഷവും യുഎഇ നിലനിര്‍ത്തി. മേഖലയിലെ മൂന്നില്‍ ഒന്ന് നിക്ഷേപകരുള്ളത് യുഎഇയിലാണ്. വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളുടെ എണ്ണത്തിലും മേഖല മുന്‍പിലാണ്. സംരംഭക മേഖലയെ വികസിപ്പിക്കുന്നതിനായുള്ള ദുബായ് സര്‍ക്കാരിന്റെ ഏജന്‍സിയായ ദുബായ് എസ്എംഇയുടെ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ എംഇഎന്‍എ 2013-16 റിപ്പോര്‍ട്ടിലാണ് യുഎഇയുടെ മുന്നേറ്റത്തേക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ രണ്ടാം എഡിഷന്റെ ഉദ്ഘാടനചടങ്ങില്‍ ദുബായ് കിരീടവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റഷീദ് ടെക്‌നോളജിയില്‍ യുഎഇ നടത്തുന്ന മുന്നേറ്റത്തെ പ്രശംസിച്ചു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യുഎഇയിലെ നിക്ഷേപസാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സര്‍ഗാത്മകതയിലും നൂതനആശയങ്ങളിലും മികച്ച അവസരങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അറിവിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിലേക്കാണ് ലോകം നീങ്ങുന്നത്. ഇത് യുഎഇയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ വിഷന്‍ 2021, ദുബായ് പ്ലാന്‍ 2021 എന്നിവയുമായി ചേര്‍ന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ദുബായ് ഗവണ്‍മെന്റ്. ഇതിലൂടെ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി യുഎഇയെ മാറ്റാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ദുബായ് ഭരണാധികാരി ഷേയ്ഖ് മൊഹമ്മദിന്റെ നിര്‍ദേശത്തില്‍ നിക്ഷേപക സൗഹൃദ സമ്പദ്ഘടന തയ്യാറാക്കിയിരിക്കുകയാണ്. യുഎഇക്ക് വ്യക്തമായ ഭരണപരവും നിയമപരവുമായ ചട്ടക്കൂടുണ്ടെന്നും നിക്ഷേകരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുക എന്നതുമാത്രമല്ല അവര്‍ക്ക് മികച്ച വിജയം നേടിക്കൊടുക്കുക എന്നതും അതിന്റെ ഉദ്ദേശ്യമാണെന്നും ഷേയ്ഖ് ഹംദാന്‍ വ്യക്തമാക്കി.

വിദേശ നിക്ഷേപമാണ് വളര്‍ച്ചയുടേയും അഭിവൃദ്ധിയൂടേയും പ്രാദേശിക വളര്‍ച്ചയുടേയും അടിസ്ഥാനഘടകം. ഭാവിയിലേക്കുള്ള അവസരങ്ങള്‍ക്കായി സംരംഭകര്‍ എത്തുന്നത് ദുബായിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് സൗക് ഡോട്ട് കോമിനം ആമസോണ്‍ ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദഹം വ്യക്തമാക്കി.

ദുബായ് എസ്എംഇയും അറബ്‌നെറ്റും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 150 ഫണ്ടിംഗ് സ്ഥാപനങ്ങളും മേഖലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ 760 കരാറുകളും ഇവര്‍ പരിശോധിച്ചു. 2016 ല്‍ മേഖലയിലെ ടെക് സ്റ്റാര്‍ട്ട്അപ്പുകളിലെ 900 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ 90 ശതമാനവും എത്തിയത് യുഎഇയിലാണ്. ഓരോ രാജ്യത്തുമുണ്ടായ നിക്ഷേപങ്ങളുടെ എണ്ണത്തിലും യുഎഇ വളരെ മുന്നിലാണ്. 2013 മുതല്‍ 2016 വരെ 234 കരാറുകളാണ് യുഎഇയില്‍ ഉണ്ടായത്. തൊട്ടടുത്ത രാജ്യത്തുണ്ടായ നിക്ഷേപത്തിന്റെ ഇരട്ടിയാണ് ഇത്.

Comments

comments

Categories: World