കാഴ്ച്ചയില്ലാത്ത അവള്‍ പഠിക്കണം എന്നു പറഞ്ഞു, വീട്ടുകാര്‍ തെരുവിലേക്കിറക്കിവിട്ടു…

കാഴ്ച്ചയില്ലാത്ത അവള്‍ പഠിക്കണം എന്നു പറഞ്ഞു, വീട്ടുകാര്‍ തെരുവിലേക്കിറക്കിവിട്ടു…
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ ഉടന്‍ കല്ല്യാണം നടത്തി 'ബാധ്യത' ഒഴിവാക്കണമെന്ന 
ചിന്തയായിരുന്നു അവര്‍ക്ക്. എന്നാല്‍ അതിന് അവള്‍ വഴങ്ങിയില്ല. പഠിക്കാനായിരുന്നു 
അവളുടെ ആഗ്രഹം. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് നികിത ശാഠ്യം പിടിച്ചപ്പോള്‍
ഇതായിരുന്നു മാതാപിതാക്കളുടെ മറുപടി, എന്നാല്‍ നീ വീട് വിട്ടിറങ്ങിക്കോ.

മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ദിവസവും നമ്മളെ തേടിയെത്തുന്ന വ്യത്യസ്തമായ പല വാര്‍ത്തകളും സമ്മാനിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് 24 കാരനായ ദീബേന്ദ്ര കപ്രി എന്ന ടാക്‌സി ഡ്രൈവര്‍ മാതൃകയായ കഥ നമ്മള്‍ കേട്ടത്. തന്റെ കാറിന്റെ പിന്‍സീറ്റില്‍ ആരോ മറന്നു വെച്ച ബാഗ് കണ്ട അയാള്‍ അത് നേരെ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അതിലുണ്ടായിരുന്നത് ഏകദേശം എട്ട് ലക്ഷം രൂപയോളം മൂല്യം വരുന്ന സാധനങ്ങളായിരുന്നു.

കാപ്രിയുടെ സത്യസന്ധതയറിഞ്ഞ് അയാളുടെ കഥ റേഡിയോ മിര്‍ച്ചിയിലെ അവതാരകന്‍ പരിപാടിക്കിടെ പറഞ്ഞു. വലിയ കടങ്ങളുണ്ടായിരുന്ന അയാള്‍ക്കായി സന്മനസുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ശേഖരിച്ച് നല്‍കിയത് ഏകദേശം ഒരു ലക്ഷം രൂപയോളമാണ്. ഇപ്പോള്‍ ഇതാ റേഡിയോ സിറ്റി ചാനലിലെ ആര്‍ജെ സുചരിത ത്യാഗി മൈക്രോബ്ലാഗിങ് സൈറ്റായ ട്വിറ്ററിലൂടെ പങ്കുവെച്ച കഥയില്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് പുതുജീവിതം. അതും കണ്ണിന് കാഴ്ച്ചയില്ലാത്ത ഒരു നിയമ വിദ്യാര്‍ത്ഥിനിക്ക്.

ബോളിവുഡ് പാട്ടുകളും മറ്റും ഉള്‍പ്പെടുത്തി ചാനല്‍ നടത്തുന്ന ഒരു മത്സരത്തിലെ ഒരു വിജയിയായിരുന്നു മുംബൈയില്‍ മൂന്നാം വര്‍ഷ ലോ സ്റ്റുഡന്റ് ആയ കാഴ്ച്ചശേഷിയില്ലാത്ത നികിത ശുക്ല. കോണ്ടെസ്റ്റിലെ പ്രൈസ് വാങ്ങാന്‍ നികിത റേഡിയോ ചാനലില്‍ പോയി, ആര്‍ജെകളെ കാണണും അവള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ആര്‍ജെ നികിതയുടെ കഥയറിയുന്നത് പിന്നീടത് ലോകത്തോട് പറയുന്നതും.

ഇതാണ് കഥ

നികതയ്ക്ക് കണ്ണ് കാണാത്തതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് അവളോട് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. അവളുടെ പഠനത്തേക്കാളും മറ്റു പല കാര്യങ്ങളും ആയിരുന്നു അവരുടെ മനസില്‍. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ ഉടന്‍ കല്ല്യാണം നടത്തി ‘ബാധ്യത’ ഒഴിവാക്കണമെന്ന ചിന്തയായിരുന്നു അവര്‍ക്ക്. എന്നാല്‍ അതിന് അവള്‍ വഴങ്ങിയില്ല. പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് നികിത ശാഠ്യം പിടിച്ചപ്പോള്‍ ഇതായിരുന്നു മാതാപിതാക്കളുടെ മറുപടി, എന്നാല്‍ നീ വീട് വിട്ടിറങ്ങിക്കോ.

അവളുടെ നല്ലവരായ ചില സുഹൃത്തുക്കളുടെയും പ്രൊഫസര്‍മാരുടെയും ചില സ്‌കോളര്‍ഷിപ്പുകളുടെയും സഹായത്തോടെ അവള്‍ പഠനം തുടര്‍ന്നു. ഇപ്പോള്‍ ഒരു ഹോസ്റ്റലിലാണ് താമസം. ആഗ്രഹം അഭിഭാഷകയാകാനും. എങ്ങനെയെങ്കിലും മൂന്ന് നേരത്തെ ഭക്ഷണം തികയ്ക്കണം എന്നതും പഠിക്കണം എന്നതും മാത്രമാണ് അവളുടെ ആഗ്രഹം. എന്നാല്‍ കാശിനായി കടുത്ത ബുദ്ധിമുട്ടും അനുഭവിക്കുന്നു.

മുംബൈ മസാല എന്ന ഷോ അവതരിപ്പിക്കുന്ന സുചരിത ത്യാഗി ഒരു തീരുമാനമെടുത്തു. ഈ കഥ ലോകത്തോട് പറയണം. തന്റെ പരിപാടിക്കിടെ ത്യാഗി അത് പറഞ്ഞു. തുടര്‍ന്നങ്ങോട്ട് കോളുകളുടെയും മെസേജുകളുടെയും പ്രളയമായിരുന്നു, ചെക്കുകളുടെയും. 14 ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയാണ് ത്യാഗിയിലൂടെ നികിതയ്ക്ക് പഠിക്കാനായി മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സാധാരണ ജനം നല്‍കിയത്. ഇതിലും വലിയ തെളിവ് വേണോ നമ്മുടെ ജനതയുടെ മാനവിതയ്ക്ക്.

Comments

comments

Categories: FK Special, Women