രുചിയും ഗുണനിലവാരവും ഉറപ്പുവരുത്തി എംപിഐ ; മാംസാഹരങ്ങളുടെ കലവറ

രുചിയും ഗുണനിലവാരവും ഉറപ്പുവരുത്തി എംപിഐ ; മാംസാഹരങ്ങളുടെ കലവറ
ഗുണനിലവാരമുള്ള മാംസ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുക 
എന്ന ദൗത്യമാണ് മീറ്റ് പ്രൊഡകറ്റ്‌സ് ഓഫ് ഇന്ത്യ(എംപിഐ) ഏറ്റെടുത്തിരിക്കുന്നത്. 
മാംസാഹാരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇന്ന് പിന്തുടരുന്ന അശാസ്ത്രീയമായ 
പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടയിടുക കൂടിയാണ് ഇവരുടെ ലക്ഷ്യം.

കേരളീയരുടെ ആഹാരപ്രിയം കൂടിവരുന്ന കാലമാണിത്. രുചികരമായ ഭക്ഷണം വീടുകളില്‍ തയാറാക്കുന്നതില്‍ ഒതുങ്ങാതെ ഹോട്ടലുകളും റെസ്റ്റൊറന്റുകളും തട്ടുകടകളും തേടിപ്പോകുന്നതു ശരാശരി മലയാളിയുടെ ശീലമായി മാറി. പൊതുവേ മാംസാഹാര പ്രിയനാണ് മലയാളി. നിത്യജീവിതത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്ന ശീലവും കൂടിയിട്ടുണ്ട്. പക്ഷേ, ഇടയ്ക്കിടെ വരുന്ന ഭക്ഷ്യപരിശോധനാവാര്‍ത്തകള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ചോദ്യചിഹ്നമാകുമ്പോള്‍ പലരും ഇത്തരം ശീലങ്ങളില്‍ നിന്നു പിന്മാറുകയും ചെയ്യുന്നു. ഇന്ന് വിപണിയില്‍ എത്തുന്ന മാംസാഹാരത്തില്‍ ഏറെ പങ്കും ഗുണനിലവാരമില്ലാത്തവയാണ്. യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത, അംഗീകാരമില്ലാത്ത, അറവുശാലകളില്‍ കശാപ്പു ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതില്‍ നിന്നു വ്യത്യസ്തമായി ഗുണനിലവാരമുള്ള മാംസാഹാരം വിപണിയില്‍ എത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എംപിഐ).

കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പൊതുമേഖലാ സ്ഥാപനമാണ് എംപിഐ. മാംസത്തിന്റെയും, മാംസാഹാരത്തിന്റെയും ഉല്‍പ്പാദനം, വിപണനം എന്നിവ ലക്ഷ്യം വച്ച് 1973-ലാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ അംഗീകൃത സ്ഥാപനമായാണ് എംപിഐ പ്രവര്‍ത്തനം ആരംഭിച്ചത്. ഏറ്റവും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് ഇവരുടെ പ്രധാനലക്ഷ്യം. അതിനു വേണ്ടി നിരവധി കാര്യങ്ങളില്‍ ഇവര്‍ ശ്രദ്ധ നല്‍കി വരുന്നു. എംപിഐ ഉല്‍പ്പന്നങ്ങള്‍ നല്ല ആരോഗ്യവും, അധികം പ്രായം ചെല്ലാത്തതുമായ മൃഗങ്ങളില്‍ നിന്നുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആത്യാധുനിക സംവിധാനങ്ങളുള്ള അറവുശാലകളാണ് എംപിഐ സ്ഥാപിച്ചിട്ടുള്ളത്. കശാപ്പു ചെയ്യ്ത ശേഷം നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നു.

മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി പ്രവര്‍ത്തിക്കുന്നത് ഡോ എ എസ് ബിജുലാലാണ്. വെറ്റിനറി ഡോക്റ്റര്‍ ആയ ഇദ്ദേഹം മില്‍മയിലും മൃഗസംരക്ഷണ വകുപ്പിലും ജോലിചെയ്ത ശേഷമാണ് എംപിഐ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തിയത്. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പലയിടത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ വര്‍ഷങ്ങളോളം വെറ്റിനറി സര്‍ജനായി പ്രവര്‍ത്തിച്ച ധൈര്യമാണ് എംപിഐയുടെ ചുമതലയേറ്റെടുക്കാന്‍ തനിക്കുണ്ടായ ധൈര്യമെന്ന് ഡോ എ എസ് ബിജുലാല്‍ പറയുന്നു. ”വെറ്റിനറി ഡോക്റ്റര്‍മാര്‍ അറവുശാലകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ്. ഇതിനുപിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാം ആണെന്ന് തനിക്ക് അവിടെ ചെന്നപ്പോളാണ് മനസിലാക്കാന്‍ സാധിച്ചത്.

പ്രധാനമായും ജോലിസമയമാണ് ഇതിന്റെ പിന്നിലുള്ള കാരണം. മറ്റു ഡിസ്‌പെന്‍സറികളില്‍ ഉള്ളതുപോലെ ഒരു നിശ്ചിതസമയ ജോലിയല്ല അറവുശാലകളിലേത്. നിയമപ്രകാരം സൂര്യപ്രകാശത്തിലേ അറവുശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എങ്കിലും അവിടെ താന്‍ അസമയത്തു പോലും ജോലിയില്‍ മുഴുകിയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് പരിചയം സിദ്ധിച്ചതിനാല്‍ എന്തു തരത്തിലുള്ള ജോലികളും തനിക്ക് വഴങ്ങും എന്നുള്ള ബോധ്യം ഉണ്ടായിയിരുന്നു. ഈ ഉറപ്പാണ് തന്നെ എംപിഐ പോലുള്ള സ്ഥാപനത്തില്‍ നിന്നുമുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രാപ്തനാക്കിയത്. അല്ലെങ്കില്‍ ഇതുപോലുള്ള ഒരു മേഖലയിലേക്കുള്ള മാറ്റം പെട്ടെന്ന് സാധ്യമായ ഒന്നല്ല,” അദ്ദേഹം പറഞ്ഞു.

2016 ഡിസംബര്‍ 21-നാണ് ഡോ എ എസ് ബിജുലാല്‍ എംപിഐയുടെ മാനേജിംഗ് ഡയറക്റ്ററായി സ്ഥാനമേല്‍ക്കുന്നത്. ആ സമയത്ത് 31.2 കോടി ബജറ്റുള്ള എടയാര്‍ ഹൈടെക്ക് അറവുശാലയുടെ പണികള്‍ തടസപ്പെട്ടുകിടക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും നബാര്‍ഡും ചേര്‍ന്നാണ് പദ്ധതിക്കു ഫണ്ട് അനുവദിച്ചിട്ടുള്ളത്. എത്രയും വേഗം അറവുശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുക എന്നതായിരുന്നു ബിജുലാലിന്റെ പ്രധാന ലക്ഷ്യം. കഠിനപ്രയത്‌നത്താലും, ബന്ധപ്പെട്ട അധികാരികളുടെ സഹായത്താലും അതിന്റെ പണികള്‍ പൂര്‍ത്തിയാക്കി. മേയ് 27-നാണ് ഇതിന്റെ ഉദ്ഘാടനം. ഇത്രയും തുകമുടക്കി ഈ സംരംഭം ആരംഭിക്കുന്നതിന്റെ ഫലമായി ഒരു ജൈവ മാംസ സംസ്‌കാരം ഇവിടെ ഉടലെടുക്കണമെന്നാണ് ബിജുലാല്‍ പറയുന്നത്. എംപിഐക്ക് മാസത്തില്‍ അഞ്ച് മുതല്‍ പത്ത് ടണ്‍ മാംസത്തിന്റെ ആവശ്യമാണ് വരുന്നത്. ‘പുതിയ അറവുശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ദിവസത്തില്‍ 10 മുതല്‍ 20 ടണ്‍ വരെ മാംസമാണ് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നത്. ഇതുപോലുള്ള അധിക ഉല്‍പ്പാദനം കൊണ്ട് പിങ്ക് റെവല്യൂഷന്‍ എന്ന പദ്ധതിക്കാണ് എംപിഐ തുടക്കമിടുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം മാംസം എത്തിക്കാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

എംപിഐയുടെ പ്രവര്‍ത്തനരീതി

തറയില്‍ തൊടാതെ കൊളുത്തില്‍ തൂക്കിനിര്‍ത്തിയാണ് ഇവിടെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത്. കശാപ്പു ചെയ്ത മൃഗത്തിന്റെ ശരീരത്തിലുള്ള മുഴുവന്‍ രക്തവും വാര്‍ന്നു പോയതിനുശേഷമാണ് അടുത്ത നടപടികളിലേക്ക് കടക്കുന്നത്. പൂര്‍ണ്ണമായും രക്തം ഊറ്റിക്കളയുകവഴി മാംസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയ്ക്ക് വിരാമമിടുകയാണ്. അതുപോലെ മൃഗത്തിന്റെ തൊലിയിലാണ് ഏറ്റവും കൂടുതല്‍ അണുക്കള്‍ അടങ്ങിയിരിക്കുന്നത്. ഒരു സാധാരണ ഇറച്ചിവെട്ടുകടയിലേതു പോലെ നിലത്തിട്ട് തൊലിയുരിയുന്ന രീതിയല്ല ഇവിടെ പിന്തുടരുന്നത്. പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം യന്ത്രസഹായത്തോടെ ആയിരിക്കും ചെയ്യുക. കശാപ്പു ചെയ്ത മൃഗങ്ങളുടെ മസിലുകള്‍ അയഞ്ഞ് മാംസമായി മാറുന്നതിന് കുറച്ച് സമയം എടുക്കും.

ഒരു സാധാരണ കടയില്‍ ഇതിനായി അവര്‍ കാത്തിരിക്കുന്നുണ്ടോ എന്ന് അറിയില്ല. എന്നാല്‍ എംപിഐ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തില്‍ പരിവര്‍ത്തനം വന്ന മാംസമായിരിക്കും കഴിക്കാന്‍ ഉത്തമം. എംപിഐ നല്‍കുന്ന എല്ലാ മാംസാഹാരങ്ങളും ഇത്തരത്തില്‍ തയ്യാറാക്കിയവയാണ്. കശാപ്പുചെയ്ത ശേഷം ശുദ്ധജലത്തിലാണ് ഇവ കഴുകി വൃത്തിയാക്കുന്നത്. കേരളത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കുന്ന മൃഗങ്ങളെയാണ് ഇവിടെ കൂടുതലായും കശാപ്പു ചെയ്യുന്നത്. ഇവയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മൃഗങ്ങളുടെ മാംസത്തേക്കാള്‍ രുചികരമാണ്. നിരവധി ഉപഭോക്താക്കള്‍ തങ്ങളോട് ഈ അഭിപ്രായം പറയാറുണ്ടെന്ന് ബിജുലാല്‍ വ്യക്തമാക്കി.

എംപിഐയില്‍ ഗ്രേഡ് തിരിച്ചാണ് മാംസം നല്‍കിവരുന്നത്. കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് തരം തിരിക്കുന്നത്. പുതിയ അറവുശാല ആരംഭിക്കുന്നതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടാകും. എന്നാല്‍ കുറച്ച് കഴിഞ്ഞ് ഇതിന്റെ വിലയില്‍ മാറ്റം വരുത്തുമെന്നും ബിജുലാല്‍ അറിയിച്ചു. പുതിയ അറവുശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി ക്യാന്റീനുകള്‍, ഇന്ത്യന്‍ കോഫി ഹൗസ് തുടങ്ങിയവയില്‍ എംപിഐയുടെ മാംസം ഉപയോഗിക്കണം എന്ന തലത്തിലേക്ക് മാറ്റം വരുത്തുന്നതിനായി ശ്രമിക്കുന്നുണ്ട്. ഇൗ തീരുമാനം നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിക്കും എന്നും അദ്ദേഹം പറഞ്ഞു.

വിഷുവിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മേളയില്‍ എംപിഐയുടെ സ്റ്റാളും ഒരുക്കിയിരുന്നു. ആ മേളയില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ചതും അനേ്വഷണം നടത്തിയതും എംപിഐയുടെ സ്റ്റാളിലായിരുന്നു. മേളകഴിഞ്ഞ് തിരുവനന്തപുരത്ത് എംപിഐയുടെ ഒരു റെസ്റ്റൊറന്റ് തുടങ്ങണം എന്ന ആവശ്യവുമായി മേയര്‍ സമീപിച്ചിരുന്നു. അറവുശാലയുടെ ഉദ്ഘാടനത്തിനുശേഷം പതിയെ എംപിഐ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിഐയുടെ മറ്റു പ്രവര്‍ത്തന മേഖലകള്‍

മാംസ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല എംപിഐ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. മറിച്ച് മാംസങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ചിക്കന്‍ സോസേജ്, കോക്ക്‌ടെയില്‍ സോസേജ്, ചിക്കന്‍ സലാമി, സലാമി സോസേജ്, അച്ചാറുകള്‍, ഉണക്കിയ മാട്ടിറച്ചി തുടങ്ങിയവയും എംപിഐ വിപണനം ചെയ്യുന്നു. അറവുശാലകളില്‍ വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ പുതിയ ഒരു സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണ് എംപിഐ. വളം അടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇനി മുതല്‍ ഇവയുടെ മാര്‍ക്കറ്റിംഗിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എംപിഐ.

അധികം വൈകാതെ ജില്ലകളിലെ വിവിധപ്രദേശങ്ങളില്‍ എംപിഐയുടെ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതില്‍ ഏറ്റവും വലുത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാംസാഹാര പദാര്‍ത്ഥങ്ങള്‍ വിറ്റഴിയുന്ന അങ്കമാലിയിലായിരിക്കുമെന്നും ബിജുലാല്‍ അറിയിച്ചു. കൊല്ലത്തെ ഏരൂര്‍ ഗ്രാമപഞ്ചായത്ത് എംപിഐയ്ക്ക് ഒന്നര ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ 13.50 കോടി രൂപ മുതല്‍മുടക്കില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്റ്ററി ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വളരെ വൈകാതെ ഈ പദ്ധതിക്കും തുടക്കം കുറിക്കും. മാംസം എടുത്തതിനു ശേഷം ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റ് കൂടുതല്‍ വരുമാനം നേടാന്‍സാധിച്ചാല്‍ മാത്രമേ എംപിഐയുടെ വിജയം പൂര്‍ണതയില്‍ എത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപനം ഏതു തരത്തിലുള്ളതായാലും അവര്‍ വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെ അനുസരിച്ചിരിക്കും അവയുടെ വിജയം. അതിന്റെയൊപ്പം നമ്മളുടെ കഠിനാധ്വാനവും വില്‍പ്പനയ്ക്കു തെരഞ്ഞെടുക്കുന്ന രീതിയും കാരണങ്ങളാകുന്നു. സ്ഥാപനത്തിന്റെ വിജയം നിശ്ചയിക്കുന്നതില്‍ വിപണനം വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ മാേ്രതമ ജനങ്ങളുടെ ശ്രദ്ധ നമ്മളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബിജുലാല്‍ ചൂണ്ടിക്കാട്ടി.

ഡോ എ എസ് ബിജുലാല്‍, മാനേജിംഗ് ഡയറക്റ്റര്‍, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ

 

”പുതിയ അറവുശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ദിവസത്തില്‍ 10 മുതല്‍ 20 ടണ്‍ വരെ മാംസമാണ് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നത്. ഇതുപോലുള്ള അധിക ഉല്‍പ്പാദനം കൊണ്ട് പിങ്ക് റെവല്യൂഷന്‍ എന്ന പദ്ധതിക്കാണ് എംപിഐ തുടക്കമിടുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം മാംസം എത്തിക്കാന്‍ സാധിക്കും”

 

 

Comments

comments